കോട്ടയം: ഭൂകമ്പസാധ്യത പെട്ടെന്നു തിരിച്ചറിയാനും ആവശ്യമായ നടപടികളെടുക്കുന്നതിനുമായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ ഭൗമശാസ്ത്രഗവേഷണ കേന്ദ്രത്തിന്റെ ഓഫീസ് തുറക്കാന്‍ തീരുമാനം. സീസ്മോഗ്രാഫ് അടക്കമുള്ള യന്ത്രസംവിധാനത്തോടുകൂടിയ ഒരു തത്സമയ വിലയിരുത്തല്‍ കേന്ദ്രമാണ് (റിയല്‍ ടൈം മോണിട്ടറിംഗ് സ്റ്റേഷന്) തുറക്കാന്‍ ഉദ്ദേശിക്കുന്നത്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കോട്ടയം കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. പൂഞ്ഞാര്‍, വാഗമണ്‍ പ്രദേശങ്ങളിലെ ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രമാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തീരുമാനം. മുല്ലപ്പെരിയാറും ഭൂകമ്പബാധിതപ്രദേശത്തിന്റെ പരിധിയില്‍പ്പെടുന്ന സ്ഥലമാണെങ്കിലും ജിഎസ്എം, ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ അപര്യാപതതയുണ്ട്. ഈരാറ്റുപേട്ടയിലാണെങ്കില്‍ ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്യാന്‍ കഴിയും. ഓഫീസിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാമെന്നു കളക്ടര്‍ മിനി ആന്റണി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിച്ചു. മുല്ലപ്പെരിയാറില്‍ പുതുതായി രൂപംകൊണ്ട വിള്ളലിന്റെ സ്വഭാവം വിലയിരുത്തിയശേഷം കേടുപാട് തീര്‍ത്താല്‍ മതിയോ വിള്ളലുള്ള ഭാഗം നീക്കംചെയ്തു പുനര്നിര്മിക്കണമെന്നോ തീരുമാനിക്കാമെന്നു വിദഗ്ധസംഘം വിലയിരുത്തി.
തീരുമാനം എന്തായാലും അടിയന്തരമായി ജലനിരപ്പ് 136 അടിയില്‍നിന്നു കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. ഭൂകമ്പമുണ്ടായാല്‍ എങ്ങനെ നേരിടണമെന്നതുസംബന്ധിച്ച് ജനങ്ങള്‍ക്കു ബോധവല്‍ക്കരണം നല്‍കണം. ഇതിനായി ലഘുലേഖകള്‍ തയാറാക്കി വിതരണം നടത്തും. ഇടുക്കി ജില്ലയ്ക്കുകൂടി ആവശ്യമായ ലഘുലേഖകള്‍ കോട്ടയം ജില്ലയില്‍ തയാറാക്കി നല്‍കുമെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
വിള്ളലുകളെപ്പറ്റി പഠിക്കുന്ന കമ്മറ്റി ഇതുസംബന്ധിച്ച് ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷനുമായി സംസാരിച്ചശേഷം വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറും. ഭൂകമ്പമുണ്ടായാല്‍ ആവശ്യമായ നടപടികളെടുക്കാന്‍ പ്രാപ്തമായ ഡിസാസ്റ്റര്‍ മാനേജ്മെന്റ കമ്മറ്റി സജ്ജമാക്കണം. കൂടാതെ ബലക്കുറവുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി ബലവത്താക്കാന്‍ നടപടിയെടുക്കണമെന്നും യോഗം വിലയിരുത്തി. ഭൗമശാസ്ത്രഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍.പി. കുര്യന്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഡോ. കേശവമോഹന്, ഡോ. ചന്ദ്രശേഖര്‍, ഹാബിറ്റാറ്റ് ടെക്നോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് മധുസൂദനന്, കണ്‍സള്‍ട്ടന്റ് വിനോദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇതിനിടെ, അടിക്കടിയുണ്ടാകുന്ന ഭൂകമ്പത്തെത്തുടര്‍ന്ന് അപകടഭീഷണി നേരിടുന്ന മുല്ലപ്പെരിയാര്‍ ഡാം റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്നലെ സന്ദര്‍ശിച്ചു. കാലപ്പഴക്കവും തുടര്‍ന്നുള്ള ഭൂചലനങ്ങളും ഡാമിന്റെ നിലനില്‍പ്പിനു ഭീഷണിയായിട്ടുള്ളതായി മന്ത്രിക്ക് ബോദ്ധ്യപ്പെട്ടു എന്ന് സൂചനയുണ്ട്. ഡാമില്‍ നിന്നൊഴുകുന്ന സീപ്പേജ് ജലത്തിന്റെ അളവ് തരുന്നതിന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി മന്ത്രി അറിയിച്ചു. ഭൂകമ്പത്തിനു മുമ്പുണ്ടായിരുന്ന അളവും ഭൂകമ്പമുണ്ടായതിനുശേഷമുള്ള അളവുമാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുതമ്മിലുള്ള താരതമ്യപഠനം നടത്തിയിട്ടുവേണം ഭൂകമ്പത്തില്‍ അണക്കെട്ടിനെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുവാന്‍.
ഈമേഖലയില്‍ അടിക്കടിയുണ്ടാകുന്ന ഭൂകമ്പമുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുന്നതിനാല് അവയെക്കുറിച്ച് പഠിക്കുന്നതിനായി ഒരു പഠനകേന്ദ്രം തുടങ്ങുമെന്നും ദുരന്തമുണ്ടായാല്‍ അതു കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ കൂടെ മുന്‍മന്ത്രി കൊടിയേരി ബാലകൃഷ്ണനും ഡാം സന്ദര്‍ശനത്തിനുണ്ടായിരുന്നു. കേരളത്തെ സംബന്ധിച്ച് മുല്ലപ്പെരിയാര്‍ വിഷയം ഏറെ പ്രാധാന്യമുള്ളതാകയാല്‍ കേരളജനത ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസംഘാംഗങ്ങളും ഇവര്‍ക്കൊപ്പം ഡാം സന്ദര്‍ശിച്ച് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: