മഴ മാറിയാല്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും നേരിടുന്ന തദ്ദേശസ്വയംഭരണ പ്രദേശങ്ങളാണ് കേരളത്തിലുള്ളത്. ആയിരത്തിലധികം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പലതും ഇന്ന് പുഴമണല്‍ ഖാനനത്തില്‍ ലഭിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ തുക കുടിവെള്ള വിതരണത്തിനാണ് ഉപയോഗിക്കുന്നത്. ഈ നടപടിയിലെ അഴിമതിക്കഥകള്‍ വേറെ കിടക്കുന്നു. ധനമന്ത്രി കെ.എം.മാണി അസന്ദിഗ്ദ്ധമായി പല വേദികളിലും കടല്‍മണല്‍ ഖാനനംകൊണ്ട് ഒരു പരിസ്ഥിതി പ്രശ്നവും ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റം, ലഭ്യതക്കുറവ്, പുഴകളിലെ അനധികൃത മണല്‍വാരല്‍, നിര്‍മാണ മേഖലയിലെ തൊഴില്‍ തടസ്സം, വികസനത്തിന്റെ പേരില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മണല്‍ക്ഷാമം എന്നീ പ്രശ്നങ്ങളായിരിക്കാം ധനമന്ത്രിയെ കടല്‍മണല്‍ ഖാനനത്തെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചത്.
കടല്‍മണല്‍ ഖാനനത്തിന് അനുവാദം നല്കിയാല് ഉണ്ടാകുവാന്‍ പോകുന്ന ഇക്കോളജീയ സന്തുലിതാവസ്ഥയുടെ തകര്‍ച്ചയോ ആഗോള താപനം മൂലമുള്ള കടല്‍ നിരപ്പ് ഉയര്ച്ചയെക്കുറിച്ചോ, മത്സ്യ തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തെക്കുറിച്ചോ മണല്‍ഖനനം മൂലം ഉണ്ടായേക്കാവുന്ന കടല്‍ക്ഷോഭത്തെ കുറിച്ചോ, സുനാമി ദുരന്ത രൂക്ഷതയെ കുറിച്ചോ, കരിമണല്‍ കടത്തിനെ കുറിച്ചോ, കടല്‍ ജീവികളുടേയും കടല്‍ പക്ഷികളുടേയും ജീവിത ചക്രത്തെക്കുറിച്ചോ, മത്സ്യസമ്പത്തിന്റെ നാശത്തെക്കുറിച്ചോ, തീരദേശ വാസികളുടെ ഭക്ഷണത്തെക്കുറിച്ചോ, കടലിലെ ജലപ്രവാഹങ്ങളുടെ ഗതിയെക്കുറിച്ചോ കടല്‍ മണല്‍ കഴുകിയെടുക്കുവാന്‍ ആവശ്യമായി വരുന്ന ശുദ്ധജലത്തെക്കുറിച്ചോ, മത്സ്യത്തൊഴിലാളികളും കടല്‍ മണല്‍ വാരല്‍ തൊഴിലാളികളും തമ്മിലുണ്ടായേക്കാവുന്ന സംഘട്ടനത്തെക്കുറിച്ചോ കടലില്‍ എവിടെ നിന്ന്, എത്ര അളവ്, എത്ര കാലം, ഏതെല്ലാം സീസണില്‍, എന്തൊക്കെ മാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ കടല്‍ മണലെടുക്കാമെന്നതിനെക്കുറിച്ചോ മറ്റോ യാതൊരു ശാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങളും കേരള തീരക്കടലില്‍ നടത്താതെയാണ് മന്ത്രി കടല്‍ മണല്‍ ഖാനനം പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് കേരളത്തിലെ ശാസ്ത്രസമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സമുദ്രശാസ്ത്രപഠനം, കാലാവസ്ഥാ പഠനം, മത്സ്യ സാങ്കേതിക-ശാസ്ത്ര പഠനം, കടലിനെ സംബന്ധിച്ച പഠനങ്ങള്‍, കടല്‍ മത്സ്യ ജീവശാസ്ത്ര പഠനം എന്നീ ശാസ്ത്രശാഖകള്‍ക്ക് ധനമന്ത്രിയുടെ പ്രസ്താവന ശരിയാണെങ്കില്‍ വിലയില്ലാതാകും. അര്‍ത്ഥമില്ലാതാകും. ഇത് ശാസ്ത്രത്തിനോടുള്ള വെല്ലുവിളിയാണ്. തീരദേശ സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കുന്ന ഒരു നടപടിയായിരിക്കും തീരക്കടല്‍ മണല്‍ ഖാനനം. സുനാമിയുടേയും ഭൂചലനങ്ങളുടേയും പശ്ചാത്തലത്തില്‍ ആഴക്കടല്‍ മണല്ഖനനംപോലും ആപത്ത് ക്ഷണിച്ചുവരുത്തുന്ന ഒന്നായിരിക്കും. ഈ ഭൂമിയുടെ മുക്കാല്‍ ഭാഗവും കടലാണെന്ന ഓര്മ കടലിനോട് കളിക്കുമ്പോള്‍ നമുക്കുണ്ടാകണം. കടല്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ലെന്നതും കടലിന്റെ അടിത്തട്ടിന് രൂപമാറ്റം വരുത്തുന്നതും കടലിലെ പ്രവാഹങ്ങള്‍ക്ക് ഗതിമാറ്റം വരുത്തുന്നതും ഈ തലമുറയ്ക്കും വരുംതലമുറകള്‍ക്കും ഗുണകരമാവില്ല. മറ്റു രാജ്യങ്ങള്‍ക്ക് കടല്‍മണല്‍ ഖാനനം വരുത്തിത്തീര്‍ത്തിട്ടുള്ള പരിസ്ഥിതി ആഘാതങ്ങള്‍ വിലയിരുത്തപ്പെടണം. പണത്തിനുവേണ്ടി പ്രകൃതിവിഭവങ്ങള്‍ അനിയന്ത്രിതവും അശാസ്ത്രീയവുമായി കൈകാര്യം ചെയ്യുന്നതിന് കേരള സര്‍ക്കാര്‍ കൂട്ടുനിന്നാല്‍ അത് കേരളത്തിലെ ജനങ്ങളോടു ചെയ്യുന്ന അതിക്രമവും ജനദ്രോഹ നടപടിയുമായിരിക്കും.
കേരളത്തിന്റെ 560 കി.മീ. കടല്‍തീരം കേരള ജനതിയുടെ 15 ശതമാനത്തോളം പേര്‍ക്ക് തൊഴിലും 20 ശതമാനത്തിലധികം പേര്‍ക്ക് ഭക്ഷണവും നല്കി വരുന്നുണ്ട്. അശാസ്ത്രീയമായി യാതൊരു ആസൂത്രണവുമില്ലാതെ ധനാഢ്യന്മാര്ക്ക് അംബരചുംബികളായ കെട്ടിടങ്ങളും ഫ്ലാറ്റുകളും കെട്ടിപ്പൊക്കുവാനും വിറ്റ് ലാഭമുണ്ടാക്കുവാനും സര്‍ക്കാരിന്റെ പദ്ധതികളിലെ നിര്‍മാണ ധൂര്‍ത്തിന് കുടചൂടുന്നതിനുമായി വികസനമെന്ന പേരില്‍ വ്യവസായവകുപ്പ് നടപ്പാക്കാന്‍ പോകുന്ന കടല്‍മണല്‍ ഖാനനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് തീര്‍ച്ചയാണ്. കടല്‍ മണല്‍ ശുദ്ധജലത്തില്‍ കഴുകാതെ ഉപയോഗിക്കുവാന്‍ സാധ്യമല്ല. കടല്‍ മണല്‍ കഴുകുവാനായി ക്രമാതീതമായി ഭൂഗര്‍ഭജലം ഉപയോഗിക്കുമ്പോള്‍ പ്ലാച്ചിമടയില്‍ സംഭവിച്ചതുപോലെ കേരളം മുഴുവന്‍ ഭൂഗര്ഭജലശോഷണം അനുഭവപ്പെടും. ഇത് തീരദേശമേഖലയെയാകെ കടുത്ത കുടിവെള്ളക്ഷാമത്തിലേയ്ക്ക് തള്ളിവിടും. കടല്‍ മണല്‍ കഴുകി പുറത്തുവരുന്ന ഉപ്പുവെള്ളം കൃഷി മേഖലയേയും ശുദ്ധജലസ്രോതസ്സുകളേയും ഉപ്പുമയമാക്കും. നിലവിലുള്ള ശുദ്ധജലപുഴകളേയും കുളങ്ങളേയും തടാകങ്ങളെയും മലിനപ്പെടുത്തും. കുടിവെള്ളം കൂടുതല്‍ പ്രദേശങ്ങളില്‍ ലോറികളില്‍ വാങ്ങി ഉപയോഗിക്കേണ്ട ഗതികേട് മലയാളിയ്ക്കുണ്ടാകും. ഈ സമയം കടല്‍ മണല്‍ ഖാനന ലോബികോടികള് കൊള്ളലാഭം കൊയ്തിരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷ കര്‍മപരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരിക്കുന്ന സിയാല്‍ മാതൃകയിലുള്ള ചെറുകിട കുടിവെള്ള വിതരണ കമ്പനിയ്ക്ക് തഴച്ചുവളരുവാനുള്ള പശ്ചാത്തലം ഒരുക്കുകയായിരിക്കും കടല്‍ മണല്‍ ഖാനനം ചെയ്യുക. മാറിമാറി വന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത മൂലം പ്രകൃതിയുടെ ഭൂഗര്‍ഭജല റീചാര്‍ജിംഗ് സംവിധാനങ്ങളായിരുന്ന പാടശേഖരങ്ങള്‍, കാവുകള്‍, ചതപ്പുകള്‍, കുളങ്ങള്‍, കണ്ടല്‍കാടുകള്‍, വനങ്ങള്‍, പുഴകള്‍, കോള്‍നിലങ്ങള്‍ എന്നിവയെല്ലാം വികസനമെന്ന ഒറ്റമൂലിയില്‍ നശിപ്പിക്കപ്പെട്ടു. അതിനാല്‍ തന്നെ കിണര്‍വെള്ളം കേരളമൊട്ടാകെ ജനുവരി മാസത്തില്‍ തന്നെ വറ്റിവരളുന്ന അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. കടല്‍മണല്‍ ഖാനനം വഴി മണല്‍ കഴുകിയുള്ള ജലമൊഴുക്കി ഭൂഗര്‍ഭജലവും പുഴവെള്ളവും കൂടി മലിനമാക്കിയാല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതുപോലെ സിയാല്‍ മാതൃകയിലെ ചെറുകിട കുടിവെള്ള വിതരണ കമ്പനികള്‍ കേരളമൊട്ടാകെ കൂണുപോലെ പൊട്ടിമുളയ്ക്കും. കേരള വാട്ടര്‍ അതോറിറ്റി നിശ്ചലമാകുകയും ചെയ്യും. സര്‍ക്കാരിന് സബ്സിഡി നല്‍കാതെ ജലവിതരണം സാധ്യമാകുകയും ചെയ്യും. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ജലത്തിന് മാത്രം സബ്സിഡി നല്കിയാല് മതിയല്ലോ.
2003 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ കേരള സര്‍ക്കാര്‍ (അന്നത്തെ യുഡിഎഫ്) അവതരിപ്പിക്കുവാന്‍ ഉദ്ദേശിച്ച പ്രധാന പ്രൊജക്ട് “കൊച്ചി വ്യവസായ ജലവിതരണപദ്ധതി”യായിരുന്നു. അതായത് ജലവിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുക. അതുതന്നെയാണ് അടിസ്ഥാന സൗകര്യവികസനമെന്ന പേരില്‍ അവതരിപ്പിക്കുന്ന സിയാല്‍ മാതൃകയിലുള്ള ചെറുകിട കുടിവെള്ള പ്ലാന്റുകള്‍. ഇതെല്ലാം പൂര്‍ണമായും സ്വകാര്യ സംരംഭങ്ങളായിരിക്കുകയും ചെയ്യും. കടല്‍ മണല്‍വാരി കുടിവെള്ളമുപയോഗിച്ച് അത് കഴുകല്‍ കൂടിയാകുമ്പോള്‍ 560 കി.മീ. കേരളതീരത്തും ചെറുകിട കുടിവെള്ള പ്ലാന്റുകള്‍ ഭൂഗര്‍ഭജല ചൂഷണം വഴി നടപ്പാക്കും. ജനങ്ങള്‍ അറിയാതെ എഡിബിയുടെ നിബന്ധന നടപ്പാക്കുകയും ചെയ്യും. സബ്സിഡികള്‍ പൂര്‍ണമായും നിര്‍ത്തലാക്കുക, കുടിവെള്ളം അടക്കം ഒന്നും വെറുതെ നല്‍കരുത് എന്ന എഡിബിയുടെയും ലോകബാങ്കിന്റേയും നിര്‍ദ്ദേശങ്ങളാണിവ.
കേരളതീരം ധാതുമണല്‍ നിക്ഷേപത്തിന് പേരു കേട്ടതാണ്. നീണ്ടകര മുതല്‍ കായംകുളംവരെ 21 കി.മീ. കരിമണല്‍ സമ്പന്നമാണ്. കടല്‍മണല്‍ ഖാനനത്തിന്റെ പേരില്‍ 60 ശതമാനത്തിലധികം ടൈറ്റാനിയം ഡയോക്സൈഡുള്ള കേരള ധാതു മണല്‍കൊള്ള വ്യാപകമാക്കും. 560 കി.മീ. കേരള തീരം കേരളത്തില്‍ ഇന്നുള്ള പോലീസ് സന്നാഹങ്ങള്കൊണ്ടൊന്നും സംരക്ഷിക്കാനാവാത്ത അവസ്ഥവന്നു ചേരും. കരിമണല്‍ കടത്ത് ക്രമാതീതവും നിയന്ത്രണാതീതവുമായിരിക്കും. ഐആര്‍ഇ തുടങ്ങിയ ധാതുമണല്‍ സംസ്ക്കരണ പ്ലാന്റുകളുടെ അടച്ചുപൂട്ടല്‍ ദ്രുതഗതിയിലാകും. കേരളതീരം ലോകത്ത് ഏറ്റവും കൂടുതല്‍ കടല്‍മണല്‍ ഖാനനം നടന്നിട്ടുള്ള മൊറൊക്കോയെക്കാള് ദുരിതപൂര്‍ണമായിത്തീരും. തീരമണല്‍ ഖാനനമായാലും ആഴക്കടല്‍ മണല്‍ ഖാനനമായാലും കുടിവെള്ളം ഉപയോഗിച്ചുള്ള കഴുകലിന് പുറമെ താഴെ പറയുന്ന പ്രശ്നങ്ങള്‍ കൂടി സൃഷ്ടിക്കും. കടല്‍ മണല്‍ ഖാനനം ഭൗതികമായും ജൈവപരമായും രാസപരമായും കടല്‍ ആവാസ വ്യവസ്ഥയെ തകിടം മറിക്കും. കടലിന്റെ അടിത്തട്ടിന് മാറ്റംവരുമ്പോള്‍ ജീവികളുടെ ജീവിതചക്രവും ആവാസവ്യവസ്ഥയും ഭക്ഷ്യശൃംഖലാ ജാലവും പ്രത്യുല്പ്പാദനവും പ്രതികൂലമായി ബാധിക്കും. കടല്‍ജലം കലങ്ങിമറിയും. പ്ലവക സസ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. കടല്‍ പക്ഷികളുടെ ഭക്ഷണ ലഭ്യതകുറയും, ഖാനന പ്രദേശത്ത് ട്രോളിംഗ് നടക്കാതെ വരും. കടല്ത്തീരത്തിട്ട നശിക്കും. കടല്‍ക്ഷോഭം രൂക്ഷമാകും. കടല്‍ ഭിത്തി ഇടിയും, കൂടുതല്‍ ഭാഗത്തേയ്ക്ക് വേനല്‍ക്കാലത്തും കടല്‍ കയറും. തിരകള്‍ കൂടുതല്‍ ശക്തിപ്രാപിക്കും. ബീച്ചുകളുടെ പ്രവര്‍ത്തനം നില്ക്കും. കടല്‍ അടിത്തട്ടില്‍ ദ്വാരമുണ്ടാക്കി ജീവിക്കുന്ന കടല്‍ ജീവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. കക്കകള്‍ക്കും ബാര്ണക്കിള്ക്കും ഞവുണിയ്ക്കക്കും ഞണ്ടുകള്‍ക്കും ജീവിക്കുക അസാധ്യമാകും. സമുദ്ര അടിത്തട്ടിലെ മണല്‍ ശക്തിയായി വലിച്ചെടുക്കുമ്പോള്‍ എക്കല്‍ ജലത്തില്‍ കലരുകയും ഊറല്‍ ജലത്തിലെ ധാതുലവണങ്ങളും രാസപദാര്‍ത്ഥങ്ങളും ക്രമാതീതമായി ജലത്തില്‍ പടരുകയും ഖാനലോഹങ്ങള്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നിവ പുറത്തുവരികയും ഓക്സിജന്റെയും പിഎച്ചിന്റേയും അളവിന് മാറ്റം വരുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ കടല്‍മണല്‍ ഖാനനം സമുദ്ര ആവാസ വ്യവസ്ഥയെ തകിടം മറിക്കും.
നിര്‍മാണ മേഖലയില്‍ ഇപ്പോള്‍ തന്നെ മരം, കമ്പി, മാര്‍ബിള്‍, ഗ്രാനൈറ്റ്, സിമന്റ് എന്നീ പ്രധാന സാധനങ്ങള്‍ നാം അന്യജില്ലകളില്നിന്നോ സംസ്ഥാനങ്ങളില്‍നിന്നോ രാജ്യങ്ങളില്‍നിന്നോ ആണ് കൊണ്ടുവരുന്നത്. അതുപോലെ കപ്പല്വഴിയോ ട്രെയിന്‍ വഴിയോ സംസ്ഥാനത്തിന് ആവശ്യമുള്ള മണല്‍ കൊണ്ടുവരണം. അതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കേരളത്തില്‍ മരത്തിന് ക്ഷാമം നേരിട്ടപ്പോള്‍ നമ്മുടെ വനമേഖലയാകെ തീര്‍ത്തുകളയാം എന്ന് നാം തീരുമാനിച്ചില്ല. അതുപോലെ മണല്‍ക്ഷാമം നേരിടുമ്പോള്‍ കേരളത്തിന്റെ 560കി.മീ. കടല്‍ തീര മേഖലയെ ഭീഷണിയിലാക്കി മണലെടുക്കുവാന്‍ അനുമതി നല്‍കരുത്. ജനങ്ങള്‍ക്ക് മണല്‍ ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായും ശാസ്ത്രീയമായും വീണ്ടുവിചാരത്തോടെയും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം. വികസനത്തിന്റെ പേരില്‍ സാധാരണക്കാരന്റെ കുടിവെള്ളം മുട്ടിയ്ക്കരുതേ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: