തിരുവനന്തപുരം: തിരുവനന്തപുരത്തിന് തെക്ക് കടലിനടിയില്‍ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനത്ത് നിന്ന് 340 കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് വൈകിട്ട് 4.10 ഓടെ റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ചലനമുണ്ടായത്. കടലിനടിയില്‍ 10 കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു.� ഭൗമപഠന കേന്ദ്രത്തിന്റെ പീച്ചിയിലെ കമ്പമാപിനിയില്‍ ഭൂചലനത്തിന്റെ വിവരം രേഖപ്പെടുത്തി. ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൗമശാസ്ത്രജ്ഞരും സൂനാമി ഭീഷണിയില്ലെന്ന് സെസ് ഡയറക്ടറും അറിയിച്ചു. എന്നാല്‍ ഭൂകമ്പ വാര്‍ത്ത പരന്നതോടെ തലസ്ഥാനത്തെ ജനങ്ങള്‍ പ്രത്യേകിച്ച് തീരപ്രദേശത്തുള്ളവര്‍ ഭീതിയിലാണ്. ശംഖുമുഖം കടപ്പുറം ഉള്‍പ്പെടെയുള്ള തീരങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയി.
കടലില്‍ തിരയിളക്കം ശക്തമായുണ്ടാകുമെങ്കിലും സുനാമി ഉണ്ടാകില്ലെന്നാണ് ശാസ്ത്രജ്ഞന്മാര് ആവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം കോട്ടയം ഇടുക്കി ജില്ലകളില്‍ ഭൂകമ്പമുണ്ടായതിന് തൊട്ടുപുറകെ തിരുവനന്തപുരം തീരത്തിനടുത്ത് ശക്തിയായ ഭൂചലനമുണ്ടായത് സംസ്ഥാനത്തെതന്നെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലും കോട്ടയം ജില്ലയിലെ ചില പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ ചലനങ്ങളാണ് ഇവിടെ ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 2.8ഉം 3.4 ഉം തീവ്രത രേഖപ്പെടുത്തുകയും ചെയ്തു. മുല്ലപ്പെരിയാര്‍ ഡാമിന് ദോഷകരമാണ് ഈ ഭൂചലനങ്ങളെന്ന് വാര്ത്തവന്നതിനെതുടര്ന്ന് ശാസ്ത്രജ്ഞര്‍ ഇന്നലെ ഡാം പരിസരം സന്ദര്‍ശിച്ചിരുന്നു. ഇതിനിടയിലാണ് തിരുവനന്തപുരത്തെ ഭൂചലന വാര്‍ത്ത പരന്നത്.
അതേസമയം, ഇന്ത്യയുടെ പരിഷ്കരിച്ച ഭൂകമ്പ മാപ്പില്‍ സുരക്ഷിത മേഖല എന്നു പറയാവുന്ന സ്ഥലങ്ങള്‍ ചുരുക്കമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടോ മൂന്നോ വര്‍ഷം മുന്‍പു വരെ താരതമ്യേന സുരക്ഷിതമെന്നു കരുതിയിരുന്ന കേരളം പോലും പുതിയ മാപ്പില്‍ ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളേക്കാള്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണ്. റിക്ടര്‍ സ്കെയിലില്‍ ആറ് വരെ ശക്തിയുള്ള ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുള്ള സോണ്‍ മൂന്നിലാണ് ഇപ്പോള്‍ കേരളത്തിന്റെ സ്ഥാനം.
കേരളത്തിനു ലഭിച്ച ഈ ‘സ്ഥാനക്കയറ്റ’ത്തെപ്പറ്റി ആസൂത്രണ വിദഗ്ധരും സര്‍ക്കാരും അറിഞ്ഞെങ്കിലും കെട്ടിട നിര്‍മാണത്തിലും മറ്റും പാലിക്കേണ്ട ചട്ടങ്ങളെപ്പറ്റി ബോധവല്‍ക്കരണം ഇനിയും വേണ്ട രീതിയില്‍ നടക്കുന്നില്ല. അപകട സാധ്യതയനുസരിച്ച് ഒന്നു മുതല്‍ അഞ്ചുവരെയായി തരംതിരിച്ചിരിക്കുന്ന ഭൂകമ്പ മാപ്പില്‍ സോണ്‍ ഒന്നാണ് ഏറ്റവും സുരക്ഷിതമായ സ്ഥലം. അഞ്ച് ഏറ്റവും അപകടകരമായ ഭൂകമ്പം എപ്പോഴും ഉണ്ടാകാവുന്ന സ്ഥലം. കേരളം അടുത്ത കാലം വരെ സോണ്‍ ഒന്നിന്റെ സുരക്ഷിത വലയത്തിലായിരുന്നു. ഇപ്പോള്‍ സോണ്‍ മൂന്നിലാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: