ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യകാല നേതാവും വൈക്കം സത്യഗ്രഹ നേതാവുമായ ദേശാഭിമാനി ടി.കെ.മാധവന്റെ മകന് ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര മാധവമംഗലം വീട്ടില്‍ ഡോ.ബാബുവിജയനാഥ് (89) അന്തരിച്ചു. ഭാര്യ: പരേതയായ മാര്‍ഗരറ്റ് ഹെല്‍ഗ. മകള്‍: ലൈല. മരുമകന്: റോബര്‍ട്ട്. ധനതത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ബാബുവിജയനാഥ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉന്നത പദവി വഹിച്ചിരുന്നു. ജര്‍മനി, ഡെന്മാര്ക്ക് എന്നിവിടങ്ങളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഫ്എസിടിയിലും ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ കമ്പനിയിലും പേഴ്സനല്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പട്ടികജാതി-പട്ടികവര്‍ഗ ഏകാംഗ കമ്മീഷന് ചെയര്മാന്, റബര്‍ വര്‍ക്സ് ചെയര്മാന് എന്നീ പദവികളും വഹിച്ചിരുന്നു. തിരുവനന്തപുരം പട്ടത്ത് താമസിച്ചിരുന്ന ഇദ്ദേഹം സഹോദരി വനജാക്ഷിയുടെ മരണത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പാണ് നങ്ങ്യാര്കുളങ്ങരയിലേക്ക് താമസം മാറ്റിയത്. ജര്‍മനിയിലെ ന്യൂറംബര്‍ഗ് സ്കൂള്‍ ഓഫ് എക്കണോമിക്സ് ആന്റ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ധനതത്വശാസ്ത്ര പിഎച്ച്ഡിക്ക് തയ്യാറെടുക്കുമ്പോള്‍ പരിചയപ്പെട്ട ജര്‍മന്‍ സ്വദേശിനി മാര്‍ഗരറ്റ് ഹെല്‍ഗയെ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. മകള്‍ ലൈല എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് റോബര്‍ട്ടിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാണ്. വളര്ത്തുമകന് നാരായണനൊപ്പമായിരുന്നു ഹരിപ്പാട് താമസം. ഇന്നലെ വൈകിട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: