എറണാകുളം ജില്ലയിലെ ‘പട്ടണം’ എന്ന സ്ഥലത്ത് ബഹുരാഷ്ട്ര സുവിശേഷ സംഘടനകളുടെ രഹസ്യസഹായത്തോടെ നടന്നുവരുന്ന ആര്‍ക്കിയോളജിക്കല്‍ പര്യവേഷണം വന്‍വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കയാണ്. പര്യവേഷണത്തിന്റെ ഡയറക്ടറായ ഡോക്ടര്‍ പി.ജെ.ചെറിയാന്, ഏഴെട്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ‘ന്യൂസ് അവറി’ല്‍ പങ്കെടുത്ത് ജ്യോതിഷ പ്രവചനം നടത്തിക്കളഞ്ഞത് പട്ടണം പര്യവേഷണ ഫലങ്ങള്‍ സെന്റ് തോമസ് കേരളത്തിലെത്തിയിരുന്നുവെന്നതിന് അസന്ദിഗ്ദ്ധമായ തെളിവുകളാകുമെന്നാണ്. ‘ചരിത്രപണ്ഡിതന്‍’ എന്നു നാട്യമുള്ള ചെറിയാന് ആര്‍ക്കിയോളജിസ്റ്റോ പ്രാചീന ഇന്ത്യാ ചരിത്രത്തില്‍ വിദഗ്ദ്ധനോ അല്ല. ‘പുന്നപ്ര-വയലാര്‍ സമര’ത്തെക്കുറിച്ച് ഗവേഷിച്ചാണ് ഇയാള്‍ ചരിത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ഇപ്പോള്‍, കേരള ചരിത്രത്തെ കുരിശുവല്‍ക്കരിക്കാന്‍ കത്തോലിക്കാ സഭയാല്‍ നിയുക്തനാണ് ചെറിയാന്. ആര്.ബാലകൃഷ്ണപിള്ളയെപ്പോലുള്ള മറ്റു കേരള ചരിത്രപണ്ഡിതാഗ്രേസരികളും തോമാശ്ലീഹ കേരളത്തിലെത്തിയതിന് സാക്ഷ്യം പറയുന്നുണ്ട്.
ഭാരതമെമ്പാടും ഹിന്ദുക്കളെ മതംമാറ്റാന്‍ കുത്സിതശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ ഇവാന്ജലിസ്റ്റുകള് കേരള സംസ്ഥാനത്തിലെ പട്ടണം എന്ന സ്ഥലത്തു നടന്നുവരുന്ന ഉത്ഖനനങ്ങളെ തോമാശ്ലീഹ സിഇ ഒന്നാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തുകയും ഇവിടെ ക്രൈസ്തവ കൂട്ടായ്മകളെ സ്ഥാപിച്ചുവെന്നുമുള്ള കള്ളക്കഥയ്ക്ക് ഉപോത്ബലമാക്കാന്‍ ഗൂഢശ്രമങ്ങള്‍ നടത്തി വരികയാണ്.
തോമാശ്ലീഹാ കപ്പലിറങ്ങി എന്നു പറഞ്ഞു പരത്തിയിട്ടുള്ള മുസിരിസ് എന്ന പ്രാചീന തുറമുഖത്തെ പട്ടണവുമായി കൂട്ടിയിണക്കാനാണ് ക്രിസ്ത്യാനികളുടെ ശ്രമം. പക്ഷെ, യുക്തിപരമായി, നദി സമുദ്രത്തോടു ചേരുന്ന കൊടുങ്ങല്ലൂരാണ് മുസിരിസ് ആകാന്‍ സാധ്യത. തമിഴ്നാട് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ മുന്‍ ഡയറക്ടര്‍ ആര്.നാഗസ്വാമി പറയുന്നത് സെന്റ് തോമസിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥത്തിലും അയാള്‍ ഇന്ത്യയിലെത്തിയതായി പരാമര്‍ശിച്ചിട്ടില്ല എന്നാണ്.
എങ്കിലും, സെന്റ് തോമസ് ഇന്ത്യയിലെത്തി എന്ന കഥക്കു വന്‍പ്രചാരം ക്രിസ്ത്യാനികള്‍ സംഘിടതമായി കൊടുക്കുകയും അത് ഏതാണ്ട് ഒരു ചരിത്രസത്യമായി അംഗീകരിക്കപ്പെട്ടു വരികയും ചെയ്ത സാഹചര്യത്തില്‍ 1997ല്‍ പ്രയാഗില്‍വെച്ച് ഹിന്ദുമതം സ്വീകരിച്ച് സ്വാമി ദേവാനന്ദ സരസ്വതി എന്ന പേര് സ്വീകരിച്ച കനേഡിയന്‍ പ്രൊട്ടസ്റ്റന്റ് പ്രസ്തുത ക്രിസ്ത്യന്‍ കള്ളക്കഥയുടെ വേരുകളിലേക്ക് ആഴ്ന്നിറങ്ങി. ഈ മഹാത്മാവിന്റെ കൂലംകുഷമായ അന്വേഷണത്തിന്റെ ഫലമാണ് ‘ദ് മിത്ത് ഓഫ് സെന്റ് തോമസ് ആന്റ് മെയിലാപ്പൂര്‍ ശിവാ ടെമ്പിള്‍’ എന്ന പ്രൗഢഗ്രന്ഥം. ഈശ്വര്‍ശരണ്‍ എന്ന തൂലികാനാമത്തിലാണ് പൂജ്യസ്വാമി ജി. മഹാരാജ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തോമാശ്ലീഹയെ ബ്രാഹ്മണന് കുത്തിക്കൊന്നുവെന്ന ക്രിസ്ത്യന്‍ ഐതിഹ്യത്തില്‍ മനംനൊന്താണ് സ്വാമിജി ഈ ഗ്രന്ഥ രചന തുടങ്ങിയത്.
2006 സപ്തംബറില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തോമാ ഇന്ത്യയിലേക്ക് വന്നിട്ടേയില്ലെന്ന് സാക്ഷ്യം പറഞ്ഞു. എന്നാല്‍, മദ്രാസ്-മെയിലാപ്പൂര്‍ രൂപതയുടെ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി വത്തിക്കാന്‍ ഇക്കാര്യത്തില്‍ പിന്നെ ദുരൂഹമായ നിശബ്ദത കൈക്കൊണ്ടു.
സെന്റ് തോമസ് ഐതിഹ്യത്തിലെ പെരുങ്കള്ളങ്ങളിലൊന്ന്. 18 തമിഴ് ശൈവസിദ്ധന്മാരില്‍ അഗ്രഗണ്യനായ തിരുവള്ളുവര്‍ സെന്റ് തോമസിന്റെ മധ്യസ്ഥതയില്‍ മാര്‍ഗം കൂടി മാമോദീസാ മുങ്ങി കത്തോലിക്കനായി എന്നതാണ്; നിര്‍ഭാഗ്യവശാല്‍, തമിഴകചരിത്ര പണ്ഡിതന്മാര് കണ്ടെത്തിയത് ക്രിസ്തു ജനിക്കുന്നതിന് 200 കൊല്ലം മുമ്പാണ് തിരുവള്ളുവരുടെ ജീവിതകാലം എന്നത്രേ!
യൂറോപ്പിലെത്തുന്നതിന് മുന്നെ ക്രിസ്തുമതം ഇന്ത്യയിലെത്തി എന്ന അവകാശവാദം അതിനെ ഒരുതരം തദ്ദേശീയമതമാക്കി അവതരിപ്പിക്കാനുള്ള കുതന്ത്രമാണ്. 201 സിഇയോട് അടുപ്പിച്ച്, എഡേസയിലെ ബാര്‍ദസെയ്ന്‍സ് എന്ന കവി ചമച്ച ആക്ട തോമ(തോമായുടെ അപ്പോസ്തലിക പ്രവര്‍ത്തനങ്ങള്‍) എന്ന നോസ്റ്റിക് സിറിയന്‍ കെട്ടുകഥയാണ് ഇന്ത്യയിലെ തോമാ ഐതിഹ്യത്തിന്റെ സ്രോതസ്സ്. ഈ കഥയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തെ പരാമര്‍ശിക്കുന്നില്ല. ബാര്‍ദസെയ്ന്‍സ് ആകപ്പാടെ പറയുന്നത്, സൊറോസ്ട്രിയന്‍ മതക്കാരും പേര്‍ഷ്യന്‍ നാമങ്ങളുള്ളവരുമായ ജനങ്ങള്‍ വസിക്കുന്ന മരുഭൂമിക്ക് സമാനമായ ഒരു ദേശത്തേക്ക് പാലസ്തീനില്‍നിന്നും ശ്ലീഹ ഗമിച്ചു എന്നാണ്. “തോമായുടെ അപ്പസ്തോലിക പ്രവര്‍ത്തനങ്ങളില്‍” ഇന്ത്യ എന്ന പദം ഏഷ്യയുടെ പര്യായമായാണ് പ്രയോഗിച്ചിരിക്കുന്നത്.
പ്രസ്തുത പുസ്തകത്തില്‍ വര്‍ണിക്കുന്നത് ഒരു അടിമയായി സെന്റ് തോമസ് ആന്‍ഡ്രോ പോളിസിലേക്ക് പോയെന്നും അവിടെ അയാള്‍ ഒരു രാജാവിനെ പറ്റിച്ചുവെന്നും ഒരു സുന്ദരബാലനെ ചൊല്ലി സാത്താനുമായി യുദ്ധം ചെയ്തെന്നും, സംസാരിക്കുന്ന ഒരു കഴുതയെക്കൊണ്ട് യേശുവിന്റെ നാമം ഏറ്റു പറയിപ്പിച്ചുവെന്നും പിന്നെ ഒരു സൊറോസ്ട്രിയന്‍ രാജാവിനാല്‍ വധിക്കപ്പെട്ടുവെന്നുമാണ്. അവിടുത്തെ ഒരു പര്‍വതത്തില്‍ അയാളുടെ മൃതദേഹം അടക്കം ചെയ്യപ്പെട്ടുവെങ്കിലും പിന്നീട് അത് എഡേസയിലേക്ക് കൊണ്ടുവന്നു. ഇയാളുടെ ശവകുടീരത്തെ ആസ്പദമാക്കി ഒരു പ്രാദേശിക കള്‍ട്ടും രൂപംകൊണ്ടു.
തങ്ങളുടെ ഇടയിലെ സിറിയക്ക് ഭാഷ സംസാരിക്കുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ രാജ്യദ്രോഹികളായി കാണാന്‍ പേര്‍ഷ്യക്കാരെ റോമന്‍ സാമ്രാജ്യം പ്രേരിപ്പിച്ചതിനാല്‍ ബാബിലോണില്‍നിന്നും നിനവേയില്‍നിന്നും ഏഴ് ഗോത്രങ്ങളിലെ 72 കുടുംബങ്ങളില്‍നിന്ന് 400 പേരടങ്ങുന്ന ഒരു സംഘം കാനായിലെ തോമസിന്റെ നേതൃത്വത്തില്‍ പലായനം ചെയ്തു. ‘തോമസ് ക്രിസ്ത്യാനികള്‍’ എന്ന നാമത്തിലെ തോമസ് പ്രസ്തുത കാനാ തോമസാണ്.
കാനാ തോമസും സംഘവും 345 സിഇയില്‍ മലബാറിലെ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതായാണ് കേള്‍വി. 520-25 സിഇയില്‍ മലബാര്‍ സന്ദര്‍ശിച്ച കോസ്മാസ് ദി അലക്സാണ്ഡ്രിയന് ഇവിടെ ഒരു ക്രിസ്ത്യന്‍ സമൂഹമുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നീട്, കാനായി തോമസിനെ സെന്റ് തോമസാക്കി തത്പര കക്ഷികള്‍ രൂപപരിണാമം നടത്തുകയാണ് ചെയ്തതെന്ന് ഈശ്വര്‍ ശരണ്‍ അവിടുത്തെ ഗ്രന്ഥത്തില്‍ പറയുന്നു. (ഈ വാദം തന്നെ മാര്‍ക്സിയന്‍ ചരിത്രകാരനായ ഡോ.കെ.എന്‍.ഗണേഷ് തന്റെ ‘കേരളത്തിന്റെ ഇന്നലെകള്‍’ എന്ന ആധികാരിക ഗ്രന്ഥത്തില്‍ വിശദമാക്കുന്നുണ്ട്. അതായത്, ക്രിസ്തു ശിഷ്യനായ തോമാ കേരളം കണ്ടിട്ടുപോലുമില്ലെന്നും വന്നത് വര്‍ത്തകപ്രമാണിയായ കാനാത്തോമയാണെന്നും)
ആദ്യകാല സഭാ നേതാക്കളായ ക്ലമന്റ് ഓഫ് അലക്സാന്‍ഡ്രിയ, ഒറിജെന്‍, യൊാസ്ബിയസ് എന്നിവര്‍ സംശയലേശമെന്യേ വ്യക്തമാക്കുന്നത് തോമാശ്ലീഹാ പാര്‍ഥിയയില്‍ താമസമുറപ്പിച്ചുവെന്നും ഫാര്‍ സി(പേര്‍ഷ്യ)ല്‍ പള്ളി സ്ഥാപിച്ചുവെന്നുമാണ്. നാലാം നൂറ്റാണ്ടില്‍, ഗ്രീക്ക് ദൈവശാസ്ത്രഗ്രന്ഥങ്ങള്‍ ലത്തീനിലേക്ക് മൊഴിമാറ്റം ചെയ്ത അക്വിലിയായിലെ റുഫിനസ് എന്ന പാതിരിയും മേല്പറഞ്ഞത് സാധൂകരിക്കുന്നുണ്ട്. ക്രിസ്തീയ സഭാചരിത്രത്തെക്കുറിച്ച് അഞ്ചാം നൂറ്റാണ്ടിന്റെ പുസ്തകമെഴുതിയ ബൈസാന്റൈന്‍ പള്ളി ചരിത്രകാരനായ സോക്രട്ടീസ് ഓഫ് കോണ്‍സ്റ്റാന്റിനേപ്പിള്‍ തോമാശ്ലീഹായുടെ അന്ത്യം പേര്‍ഷ്യയിലായിരുന്നുവെന്ന് കണ്ടെത്തി. ഇതൊക്കെയല്ലാതെ സെന്റ് തോമസിനെക്കുറിച്ചു മറ്റു വിവരങ്ങള്‍ ശുദ്ധമായ ചരിത്രത്തിന്റെ അകത്തളങ്ങളില്‍ ലഭ്യമല്ലാതെയാണിരിക്കുന്നത്. ‘അപ്പോസില്‍ ഓഫ് ദി ജസ്റ്റ്’ എന്ന് വിളിക്കപ്പെട്ടിരുന്ന തോമായെ കത്തോലിക്കാ സഭാ 1953 ല്‍ തരംതാഴ്ത്തി. ‘അപ്പോസില്‍ ഓഫ് ഇന്ത്യാ’ ആക്കി. പാവം സെന്റ് ഫ്രാന്‍സിസ് സേവ്യറിന് പ്രസ്തുത പദവി കൈമോശം വരികയും ചെയ്തു. സിഇ നാലാം നൂറ്റാണ്ടിനും 16-ാം നൂറ്റാണ്ടിനുമിടയ്ക്ക്, കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ കഥ മാറ്റിയും മറിച്ചും പറഞ്ഞു പറഞ്ഞു അവസാനം സെന്റ് തോമസിനെ എടുത്ത് ഇന്ത്യയില്‍ കൊണ്ടുവന്ന് തങ്ങളെ ക്രിസ്തുശിഷ്യന് നേരിട്ടു മതം മാറ്റിയതാണെന്ന് വീമ്പു പറയാന്‍ തുടങ്ങി.
13-ാം നൂറ്റാണ്ടില്‍, മാര്‍ക്കോപോളോ തെക്കേ ഇന്ത്യയില്‍ ഒരു ശവകുടീരം കണ്ടെന്ന് പറഞ്ഞ് ഇക്കഥയ്ക്ക് മാറ്റു കൂട്ടി. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഈ ശവകുടീരം മെയിലാപ്പൂരിലാണെന്ന് കഥ പറഞ്ഞു. ഇതിന്റെ പേരില്‍ അവിടുത്തെ നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ അവര്‍ തകര്‍ക്കയും തല്‍സ്ഥാനങ്ങളില്‍-രാമജന്മഭൂമിയില്‍ ബാബര്‍ മുസ്ലീം പള്ളി പണിഞ്ഞമാതിരി-തോമാപ്പള്ളികള്‍ പടുത്തുയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് അവിടം തോമാ രക്തസാക്ഷിത്വം വഹിച്ചയിടമെന്ന് കള്ള ഐതിഹ്യങ്ങളുണ്ടാക്കി.
‘തോമസ് ഇന്ത്യയില്‍’, ‘ജീസസ് ഇന്‍ഡ്യയില്‍’ എന്നീ കപോലകല്പിത കഥകള്‍ ക്രിസ്ത്യന്‍ തീവ്രവാദികള്‍ മെനഞ്ഞെടുക്കുന്നതിന്റെ പ്രഥമോദ്ദേശ്യം ഹിന്ദുമതത്തേയും സമൂഹത്തേയും അപകീര്‍ത്തിപ്പെടുത്തലാകുന്നു. രണ്ടാം ലക്ഷ്യം, ക്രിസ്തുമതം പാശ്ചാത്യസാമ്രാജ്യത്വത്തിന്റെ ഒരു ഘടകമല്ലെന്നും മറിച്ച്, അത് ഇന്ത്യയിലെ ഒരു തദ്ദേശീയ പ്രാചീന മതമാണെന്നും വരുത്തിത്തീര്‍ക്കലാണ്. മറ്റൊരു ലക്ഷ്യം അത് തമിഴ്ജനതയുടെ യഥാര്‍ത്ഥമതമാണെന്ന് സ്ഥാപിക്കലാണ്.
ഏറ്റവും പ്രധാന ക്രിസ്തീയ ലക്ഷ്യം, തങ്ങള്‍ തോമാശ്ലീഹയാല്‍ സിഇ ഒന്നാം നൂറ്റാണ്ടില്‍ മാര്‍ഗം കൂടപ്പെട്ട നമ്പൂതിരിമാരുടെ പിന്മുറക്കാരാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ജാതി വ്യവസ്ഥയില്‍ ഏറ്റവും മുകളിലാണ് തങ്ങളെന്ന സിറിയന്‍ ക്രിസ്ത്യാനികളുടെ അവകാശവാദത്തിന് ചരിത്രസാധ്യത കല്‍പ്പിക്കലാണ്. എന്നാല്‍, സമീപകാല ചരിത്ര ഗവേഷണങ്ങള്‍ സിഇ ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ നമ്പൂതിരിമാരേ ഇല്ലായിരുന്നുവെന്നും, സിഇ എട്ടാം നൂറ്റാണ്ടില്‍ മാത്രമാണ് ആന്ധ്രയില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും കേരളത്തിലേക്ക് ബ്രാഹ്മണ കുടിയേറ്റമുണ്ടായതെന്നും തെളിയിക്കുന്നു. കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ മാര്‍ഗം കൂടുന്നതിനുമുമ്പ് ജൈനമതക്കാരായിരുന്നുവെന്ന് ഡോ.എം.ജി.ശശിഭൂഷണ്‍ കലാകൗമുദി വാരികയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.
സന്ധ്യാജെയിന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: