സ്വാതന്ത്യസമര സേനാനിയും ശ്രീനാരായണ ഗുരുവിന്റെ അടുത്ത അനുയായിയും ആയിരുന്ന ടി.കെ. മാധവന്റെ പുത്രനും തന്റേതായ നിലയില്‍ സമൂഹത്തിലെ പലനിലവാരത്തിലുള്ള അനേകം ജനങ്ങള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കുന്നതില്‍ നിസ്വാര്‍ത്ഥമായി ശ്രമിച്ചുവിജയിച്ച ഒരു മഹാമനസ്സിന്റെ ഉടമയും ആയിരുന്നു ഡോ. ബാബു വിജയനാഥ്.
പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണി നേതാവും ആയിരുന്ന ടി.കെ.യുടെ മകന് മഹാത്മാഗാന്ധി അദ്ദേഹത്തിന്റെ മടിയില്‍ വെച്ചാണ് ബാബു വിജയനാഥ് എന്ന് നാമകരണം നടത്തിയത്. ശ്രീനാരായണ ഗുരു ചോറൂണും നടത്തി. കൈനിക്കര സഹോദരന്മാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കരുവാറ്റ എന്‍.എസ്.എസ്. സ്ക്കൂളില്‍ നിന്നും സെക്കന്ററി വിദ്യാഭ്യാസവും പിന്നീട് തിരുവനന്തപുരം, കല്‍ക്കത്തയിലെ ശാന്തിനികേതന്‍, എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം അണ്ണാമല യൂണിവേഴ്സ്റ്റിയിലെ ബിരുദാനന്തര ബിരുദം കഴിഞ്ഞ് ജര്‍മ്മനിയില്‍ പോയി ഡോക്ടറേറ്റ് നേടി.
ജര്‍മ്മനിയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലിയിലിരിക്കെ അവിടെ ഉണ്ടായിരുന്ന ഒരു പ്രമുഖ വ്യവസായിയുടെ മകളെ വിവാഹം കഴിച്ചു.
ഈ അവസരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ജര്‍മ്മന്‍ സന്ദര്‍ശിച്ചു. അപ്പോള്‍ ടി.കെ. മാധവന്റെ മകനെപ്പറ്റി അറിയാന്‍ ഇടയായി. ഇന്ത്യയില്‍ പൊതുമേഖലാ വ്യവസായത്തിന്റെ തുടക്കമായതിനാല്‍ കഴിവുള്ള ചെറുപ്പക്കാര്‍ വിദേശത്ത് ജോലിയില്‍ തുടര്‍ന്നു പോകുന്നത് വലിയ നഷ്ടമായതിനാല്‍ ഇന്ത്യയില്‍ വന്ന് ജോലി ചെയ്യണമെന്ന് നെഹ്റു അഭിപ്രായപ്പെട്ടതിനെ മാനിച്ച് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള ഒറീസയിലെ റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റില്‍ പേഴ്സണല്‍ മാനേജരായി. ആ കാലഘട്ടത്തില്‍ ഉദ്ദേശം 5000ത്തോളം മലയാളികള്‍ക്ക് ജോലിയില്‍ കയറാന്‍ അവസരം ഉണ്ടായി. അവിടെനിന്നും തിരിച്ചുവന്ന അദ്ദേഹം തിരുവനന്തപുരം റബ്ബര്‍ വര്‍ക്ക്സിന്റെ മാനേജിംഗ് ഡയറക്ടറായി കൂറെക്കാലം ജോലി ചെയ്തു. ആരുടേയും അതിരുവിട്ട നിയന്ത്രണത്തിന് വഴിപ്പെടുന്ന സ്വഭാവമില്ലാത്തതിനാല്‍ കൂടുതല്‍ ജോലികളില്‍ പിന്നീട് പ്രവേശിച്ചില്ല.
തന്റെ വിദ്യഭ്യാസവും ബുദ്ധിയും കഴിവും ലഭിച്ച അവസരങ്ങളിലെല്ലാം പ്രശംസനീയമായ നിലയില്‍ പ്രകടിപ്പിക്കുകയും സമ്പത്തിലും പ്രശസ്തിയിലും നിര്മ്മത്വത്തോടുകൂടി എങ്ങനെ നിലനില്ക്കാം എന്നതിന് ഉത്തമോദാഹരണമാണ് ശാന്തമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യനാളുകള്‍. ഉന്നത സ്ഥാനങ്ങളും ബന്ധങ്ങളും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് ഏതുവിധവും ഉപയോഗിക്കുന്ന ഇക്കാലത്ത് പരമസാത്വികനായി ജീവിച്ചയാളാണ് ഡോ. ബാബുവിജയനാഥ്.
എം.എസ്. രാജസിംഹന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: