കോഴിക്കോട്: ആരോപണ വിധേയനായ ടോമിന് തച്ചങ്കരിയെ സര്‍വീസില്‍ തിരികെ നിയമിച്ചത് പിറവത്തെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് പറഞ്ഞു. മദ്യനയം തിരുത്താത്തതും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
സാങ്കേതികമായ കാര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് തീരുമാനമെടുക്കേണ്ട വിഷയമല്ല തച്ചങ്കരിയുടെയത്. തച്ചങ്കരിക്ക് നിയമനം നല്കാന് പാടില്ലെന്ന് പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ആദ്യ ഏകോപന യോഗത്തില്‍തന്നെ ഏകകണ്ഠമായി അഭിപ്രായമുയര്ന്നതാണെന്നും സുധീരന് പറഞ്ഞു.
തച്ചങ്കരിയുടെ നിയമനം ട്രാക്ക് റെക്കോര്‍ഡ് മോശമായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്റെ തെളിവാണ്. സുതാര്യ കേരളം എന്നതാണ് സര്‍ക്കാറിന്റെ മുദ്രാവാക്യം. ഇത്തരമൊരു ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിന് ഒരിക്കലും ഭൂഷണമല്ല ആരോപണ വിധേയരായവരെ ഇന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നത്.
സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇത് സംബന്ധിച്ച് പാര്‍ട്ടി യോഗങ്ങങ്ങളില്‍ പറഞ്ഞിട്ട് പരിഹാരമാകാത്തതിനാലാണ് പൊതുവേദിയില്‍ ഇക്കാര്യങ്ങള്‍ പറയേണ്ടി വരുന്നതെന്നും സുധീരന് പറഞ്ഞു. പാര്‍ട്ടി അച്ചടക്കത്തിനെതിരെ നീങ്ങുന്ന പ്രവര്‍ത്തകനല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: