തിരുവനന്തപുരം: കേരള, കാലിക്കറ്റ് സിന്‍ഡിക്കേറ്റുകളുടെ മാതൃകയില്‍ മാറ്റ് നാല് സര്‍വ്വകലാശാലകളുടെയും സിന്‍ഡിക്കേറ്റ് ഭരണം നിയന്ത്രണത്തിലാക്കാന്‍ യു.ഡി.എഫ് നീക്കം തുടങ്ങി. എം.ജി, കണ്ണൂര്‍, കൊച്ചി, കാലടി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകള്‍ പുനഃസംഘടിപ്പിക്കാനുള്ള ഓര്‍ഡിനന്‍സിന് രൂപം നല്കാന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു.
എം.ജി, കണ്ണൂര്‍, കൊച്ചി, കാലടി സര്‍വ്വകലാശാലകളിലെ നോമിനേറ്റഡ് അംഗങ്ങളെ മാറ്റി പുതിയ അംഗങ്ങളെ നിയമിക്കും. സിന്‍ഡിക്കേറ്റില്‍ നിലവിലുള്ള ഐ.ടി, ബയോടെക്നോളജി, നിയമം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധരെ മാറ്റും. ഇവര്‍ക്ക് പകരം യു.ഡി.എഫ് അനുഭാവമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരെയും പുതിയ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തും.
അടുത്തിടെ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലെ ഐ.ടി, ബി.ടി വിദഗ്ദ്ധരെ മാറ്റി ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവരെയും ഉള്‍പ്പെടുത്തി ഭരണം യു.ഡി.എഫ് നിയന്ത്രണത്തിലാക്കിയിരുന്നു. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. കാലാവധി കഴിഞ്ഞ കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് പകരം യു.ഡി.എഫ് അനുഭാവമുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചതും അടുത്തിടെയായിരുന്നു.
നാല് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകള്‍ കൂടി പുന്സംഘടിപ്പിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകളുടെയും നിയന്ത്രണം യു.ഡി.എഫിനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: