തിരുവനന്തപുരം: വൈദ്യുതിക്ക് ഉപഭോക്താക്കളില്‍ നിന്നും സര്‍ച്ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. പുറമെ നിന്നു വൈദ്യുതി വാങ്ങിയ ഇനത്തില്‍ 170 കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
സര്‍ച്ചാര്‍ജിന് അനുമതി നല്കുകയാണെങ്കില് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും. 2011 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങിയത്. 170 കോടിയോളം രൂപയുടെ അധിക ബാധ്യത ഈ ആറ് മാസം കൊണ്ട് ഉണ്ടായിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ അറിയിച്ചിട്ടുണ്ട്. ഈ ബാധ്യത തീര്‍ക്കാന്‍ സര്‍ചാര്‍ജ് ഈടാക്കുകയല്ലാതെ മറ്റു പോംവഴിയില്ലെന്ന് കെ.എസ്.ഇ.ബി പറയുന്നു.
ഇപ്പോള്‍ തന്നെ സംസ്ഥാനത്തു സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. പ്രതിമാസം 120 യൂണീറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ യൂണിറ്റിന് 25 പൈസ നിരക്കില്‍ സര്‍ചാര്‍ജ് നല്‍കണം. ഇതിനു താഴെയുള്ളവരെ സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. നവംബറില്‍ ഇതിന്റെ പരിധി അവസാനിക്കും.
പുതിയ ബാധ്യതയുടെ കണക്കുകള്‍ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ അറിയിച്ച സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കമ്മിഷന് ഹിയറിങ്ങുകളും സിറ്റിങ്ങുകളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: