കാസര്‍കോട്: ബേഡകം സി.പി.എം ഓഫീസുകളില്‍ കരിങ്കൊടി കെട്ടി പ്രതിഷേധം. ബേഡകം ഏരിയാസമ്മേളനത്തില്‍ വിഭാഗീയത നടന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി സമ്മേളന നഗരിയിലെ കൊടിമരത്തിലുള്പ്പെടെ നാലോളം ഇടങ്ങളില്‍ കരിങ്കൊടി കെട്ടുകയായിരുന്നു.
ഏര്യാ കമ്മിറ്റിക്ക് കീഴിലെ ആനക്കല്ല്, കുറ്റിക്കോല്‍, പടുപ്പ്, ബന്തടുക്ക എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകളിലാണ് കരിങ്കൊടി കെട്ടിയത്. ഏര്യാ സെക്രട്ടറി സി.ബാലന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കരിങ്കൊടികള്‍ അഴിച്ചുമാറ്റി. നിലവിലുണ്ടായിരുന്ന ഏരിയാസെക്രട്ടറിയടക്കം ഔദ്യോഗികപാനലിലെ അഞ്ചുപേര്‍ പരാജയപ്പെട്ടതിന് തൊട്ടുപിറകെയാണ് കരിങ്കൊടികള്‍ ഉയര്‍ന്നത്.
ഇതോടെ ബേഡകം ഏരിയാകമ്മിറ്റിയിലെ വിഭാഗീയത പൂര്‍ണമായ അര്‍ത്ഥത്തില്‍ പുറത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏരിയാകമ്മിറ്റിയുടെ സെക്രട്ടറിയും ഡി.വൈ. എഫ്. ഐ മുന്‍ ജില്ലാസെക്രട്ടറിയുമായിരുന്ന പി.ദിവാകരന്, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോപാലന്മാസ്റ്ററുടെ മകന് ജി.രാജേഷ് ബാബു, കൊളത്തൂര്‍ ലോക്കല്‍കമ്മിറ്റി മുന്‍ സെക്രട്ടറി കെ. അമ്പു, കെ. എസ്.കെ.ടി.യു ജില്ലാവൈസ്പ്രസിഡന്റ് പാലക്കാല് ചന്ദ്രന്, ബി.രാഘവന് എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന ഏരിയാസമ്മേളനത്തിലുണ്ടായ മത്സരത്തില്‍ പരാജയപ്പെട്ടത്.
109 ഓളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് കുണ്ടങ്കുഴി ലോക്കല്‍ സെക്രട്ടറി ദാമോദരന്മാസ്റ്റര്ക്കും ഏറ്റവും കുറവ് ബി.രാഘവനുമായിരുന്നു. ദാമോദരന്മാസ്റ്റര്ക്ക് 107 വോട്ട് ലഭിച്ചപ്പോള്‍ ബി.രാഘവന് 47 വോട്ടാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: