ന്യൂദല്‍ഹി: അമേരിക്കയ്ക്കും റഷ്യയ്ക്കും പുറമേ ഇന്ത്യയും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ക്ലബ്ബില്‍ അംഗമാകുന്നു. മൂന്നു മാസത്തിനുള്ളില്‍ അംഗമാകാന്‍ സാധിക്കുമെന്ന് ഡി.ആര്.ഡി.ഒ മേധാവി വി.കെ സാരസ്വത് അറിയിച്ചു. 5,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകളാണ് ഐസിബിഎം.
അഗ്നി-5 ആണവ മിസൈല്‍ പരീക്ഷണം ഉടന്‍ തന്നെ ഇന്ത്യ നടത്തുമെന്നു സാരസ്വത് അറിയിച്ചു. വടക്കന്‍ ചൈന വരെ ഈ മിസൈലിന്റെ പരിധിയില്‍ വരും. ഡിസംബര്‍-ഫെബ്രുവരി മാസത്തിനിടെയാണു പരീക്ഷണം നടത്താന്‍ ആലോചിക്കുന്നത്. മൂന്നു ഘട്ടങ്ങളായിട്ടാണ് അഗ്നി 5 ന്റെ പ്രവര്‍ത്തനം.
17.5 മീറ്റര്‍ നീളമുള്ള മിസൈല്‍ 2014 ല്‍ സൈന്യത്തിനു കൈമാറാനാണ് ഉദ്ദേശിക്കുന്നത്. നാലു പരീക്ഷണങ്ങള്‍ നടത്തും. ഇതിനു ശേഷമാകും കൈമാറ്റം. പതിനായിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: