അമ്പതുകളിലെ പ്രചാരമേറിയ വരികളാണ് ‘കയര്‍ പിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമരകഥ’യെന്നത്്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ട്രേഡ് യൂണിയനിസത്തിന്റേയും കേരളത്തിലെ ഈറ്റില്ലമായ ആലപ്പുഴ ജില്ലയിലെ കയര്‍ തൊഴിലാളികളുടെ സമരപാരമ്പര്യത്തെ പാടിപ്പുകഴ്ത്തുന്നതാണ് ആ വരികള്‍. സുദീര്‍ഘവും സമുജ്ജ്വലവും സംഭവബഹുലവുമായ ആ സമര ചരിത്രത്തില്‍ ഇരുണ്ട ഏടുകളും ഏറെയുണ്ട്. അധികാര രാഷ്ട്രീയത്തെ ഇടതുകക്ഷികള്‍ ആശ്ലേഷിക്കുകയും പാര്‍ലമെന്ററി വ്യാമോഹത്തിന്റെ നീരാളിപിടിത്തത്തില് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഞെരിഞ്ഞമരുകയും ചെയ്തതോടെ സമരങ്ങള്‍ ചിലപ്പോള്‍ സമരങ്ങള്‍ക്ക് വേണ്ടി മാത്രമാവുകയും അവ പലപ്പോഴും സമരാഭാസങ്ങളായി അധഃപതിക്കുകയും ചെയ്തു. സമരത്തിലേര്‍പ്പെടുന്നവരുടെ സമരവീര്യത്തെയും വിലപേശല്‍ ശേഷിയേയും മാത്രമല്ല, സമരങ്ങളുടെ വിശ്വാസ്യത തന്നെയും തല്‍ഫലമായി അത് ചോര്‍ത്തിക്കളഞ്ഞു. സമരം ശ്രദ്ധിക്കപ്പെടണമെങ്കില്‍ അവ അക്രമാസക്തമോ ജനജീവിതം സ്തംഭിക്കുന്നതോ ആവണമെന്നത് അനിവാര്യമാക്കിത്തീര്‍ത്ത ഒരന്തരീക്ഷം സംസ്ഥാനത്ത് സംജാതമായി. പൊതുപണിമുടക്കും ഹര്‍ത്താലും ബന്ദുമൊക്കെ ഒരനുഷ്ഠാനമായി. അത്തരം സമരങ്ങളുടെ സ്വന്തം നാടെന്ന പേര് കേരളത്തിന് കിട്ടി. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഈ ദുഷ്പേര് സൃഷ്ടിച്ച വിഘാതം വിഖ്യാതമാണ്.
ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ തിങ്കളാഴ്ച കേരള ഹൈക്കോടതിക്കു മുന്നില്‍ സിപിഎം സംഘടിപ്പിച്ച പ്രക്ഷോഭപരിപാടി കേരളത്തിലെ ഇടതുപക്ഷ സമര ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കുന്നത്. കുറെ കാലമായി വഴിതടയലും കടയടപ്പിക്കലും കല്ലേറും പൊതുമുതല്‍ നശിപ്പിക്കലും മുഖമുദ്രയായുള്ള സമരങ്ങള്‍ മാത്രം കണ്ട് മനസ്സ് മടുത്ത പൊതുജനത്തിനെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ, ഭീതി പടര്‍ത്തുന്ന ലാത്തിച്ചാര്‍ജ്ജും കണ്ണീര് വാതക പ്രയോഗവും വെടിവെയ്പുംകൊണ്ട് ബഹുജന സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന പോലീസ് മുറകളാല്‍ സംഘര്‍ഷഭരിതമായ സംസ്ഥാനത്ത്, വ്യത്യസ്തവും വ്യതിരിക്തവുമായിരുന്നു കോടതി വിരുദ്ധ സമരം. ഒട്ടേറെ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു എം.വി.ജയരാജനെതിരെയുള്ള ഹൈക്കോടതി വിധിയില്‍ പ്രതിഷേധിക്കാനായി സിപിഎം ആഹ്വാനം ചെയ്ത ആ സമരം. ജഡ്ജിമാരുള്‍പ്പെടെ ആരെയും കോടതി വളപ്പിലേക്ക് കടത്തിവിടാന്‍ അനുവദിക്കാത്ത ഉപരോധമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍നിന്ന് സിപിഎം ആഹ്വാനമനുസരിച്ച് എറണാകുളത്ത് ഹൈക്കോടതി പരിസരത്തേക്ക് ആ ദിവസം നീങ്ങുകയും ചെയ്തു. എന്തും സംഭവിക്കാമെന്ന പ്രതീതി ജനമനസുകളില്‍ ഉയര്‍ത്തുന്നതായിരുന്നു പാര്‍ട്ടിയും പോലീസും അന്ന് നടത്തിയ തയ്യാറെടുപ്പുകള്‍. ഏതൊരു സാഹചര്യത്തേയും നേരിടാന്‍ രണ്ടായിരത്തിലേറെ സായുധരായ പോലീസുകാരെ കോടതി പരിസരത്ത് വിന്യസിച്ചിരുന്നു. സംഭവബഹുലവും ദൃശ്യസമൃദ്ധവുമായ ‘കവറേജി’ന് വേണ്ടി വാര്‍ത്താ ചാനലുകള്‍ കാലത്തെ തന്നെ ക്യാമറകളുമായി കാത്ത് നിന്നു. ഒരു ക്രിക്കറ്റ് മാച്ച് കാണാനുള്ള ആവേശത്തോടെയും ആകാംക്ഷയോടെയും ടിവി സെറ്റുകള്‍ക്കു മുന്നില്‍ പ്രേക്ഷകരും മിഴി കൂര്‍പ്പിച്ചിരുന്നു.
പക്ഷെ സംഘര്‍ഷമോ സംഘട്ടനമോ തെല്ലുമില്ലാതെ സമാധാനപരമായിരുന്നു സമരം. മുഷ്ടി ചുരുട്ടിയില്ല, പ്രകോപനപരമായ പതിവ് പ്രസംഗങ്ങളില്ല, ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തെ ഒരു രീതിയിലും തടസപ്പെടുത്തിയില്ല, സഞ്ചാര തടസം സൃഷ്ടിച്ചില്ല മുദ്രാവാക്യം പോലും വിളിച്ചില്ല. അങ്ങേയറ്റത്തെ ആത്മസംയമനവും അച്ചടക്കവും പാലിച്ചുകൊണ്ട്, അടുത്തകാലത്തൊന്നും കേരളത്തിലെങ്ങും കേട്ടുകേള്‍വിപോലുമില്ലാത്ത പ്രതിഷേധസമരമായി സിപിഎമ്മിന്റെ ഹൈക്കോടതി സമരം. അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ വളരെയേറെ വസ്തുതകള്‍ വാചാലമായി വിളിച്ചു പറയുന്നതായിരുന്നു ആ സമരം. പലതും പ്രതീക്ഷിച്ച് ആയുധമേന്തി നിന്ന പോലീസുകാര്ക്കാവട്ടെ ഓരോ ശ്വാസത്തിലും ആ സമരം ആശ്വാസമേകി. ഇങ്ങനെയും സമരം ചെയ്യാമെന്നും ഈ ശൈലിയും തങ്ങള്‍ക്ക് അന്യമല്ലെന്നും അറിയിക്കുകയായിരുന്നു സിപിഎമ്മിന്റെ കേരള നേതൃത്വവും അണികളും കോടതി വിധിക്കെതിരായുള്ള വ്യത്യസ്ഥ സമരപരിപാടിയിലൂടെ.
എന്തൊരു ചെയ്ഞ്ച് എന്ന് ഹൈക്കോടതിക്കു മുന്നിലുള്ള സമരം കണ്ട ആരും അത്ഭുതത്തോടെയും അല്‍പ്പം അവിശ്വാസത്തോടെയും ചിന്തിച്ചുപോവും. ഒപ്പം, ഇത്രയേറെ സമചിത്തതയും സംയമനവും സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കും എങ്ങനെ ഇത്ര പെട്ടെന്ന് കൈവന്നു എന്ന ചോദ്യവും അതുയര്‍ത്തും. മാറിയ സിപിഎം സമരശൈലിയെ മാതൃകാപരമെന്ന് വാഴ്ത്തുമ്പോഴും, ഈ മാറിയ സമരശൈലിയാവും ഇനി സിപിഎമ്മിന്റെ സ്ഥിലം ശൈലിയെന്ന് പ്രതീക്ഷിക്കുന്നവരെ ‘ശുംഭന്മാര്’ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. നീതിപീഠത്തെ കൂടുതല്‍ പ്രകോപിപ്പിക്കാതിരിക്കാനുള്ള ഒരു താല്‍ക്കാലിക തന്ത്രം മാത്രമാവണം തിങ്കളാഴ്ചയിലെ സമരം. എം.വി.ജയരാജനെതിരെയുള്ള ഡിവിഷന് ബെഞ്ചിന്റെ വിധിയെ ഒന്നുകില്‍ നിയമപരമായി അല്ലെങ്കില്‍ രാഷ്ട്രീയമായി നേരിടുകയെന്ന മാര്‍ഗം മാത്രമാണ് സിപിഎം നേതൃത്വത്തിന് മുന്നിലുണ്ടായിരുന്നത്. ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീച്ചിരിക്കെ, കൂടുതല്‍ പ്രകോപനം സൃഷ്ടിക്കേണ്ട എന്ന നിയമോപദേശവും അതനുസരിക്കാനുള്ള രാഷ്ട്രീയ വിവേചനവുമാവണം വ്യത്യസ്ഥമായി സമരം ചെയ്യാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ നിര്‍ബന്ധിച്ചത്.
കോര്‍ട്ടലക്ഷ്യവും അതിനുള്ള ശിക്ഷയും സിപിഎം നേതൃത്വത്തിന് പുത്തരിയല്ല. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ എകെജി കോടതിയലക്ഷ്യക്കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ഇഎംഎസിനെതിരെ, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ തന്നെ, കോടതിയലക്ഷ്യത്തിന് നടപടി ഉണ്ടായപ്പോഴും പാര്‍ട്ടി അതിനെ വെല്ലുവിളിച്ചില്ല. പാലൊളി മുഹമ്മദ് കുട്ടിയും ജി.സുധാകരനും മറ്റും മന്ത്രിമാരായിരിക്കെ, കോടതി മുമ്പാകെ മാപ്പ് പറഞ്ഞ് കോടതിയലക്ഷ്യക്കേസില്‍ നിന്നൂരി പോന്നത് അടുത്ത കാലത്താണ്. അന്നൊന്നും കാട്ടാത്ത ആര്‍ജ്ജവം കോടതിവിധിയെ വെല്ലുവിളിക്കാന്‍ സിപിഎം നേതൃത്വം കാട്ടിയത് ശിക്ഷാനടപടി വീരശൂരപരാക്രമികളായ ജയരാജത്രയത്തില്‍ ഒരാള്‍ക്കെതിരെ ആയതുകൊണ്ടല്ല. ഒരു രാഷ്ട്രീയ സമരത്തിനുള്ള അവസരം കോടതി തന്നെ അതിന്റെ പരാമര്‍ശങ്ങളിലൂടെ സൃഷ്ടിക്കുകയായിരുന്നു. ഇങ്ങനെയാണ് ചിലപ്പോഴൊക്കെ, അറിഞ്ഞൊ അറിയാതെയോ ജഡ്ജിമാര്‍ രാഷ്ട്രീയ സമരങ്ങള്‍ക്കുള്ള കരുക്കളും കാരണവുമാവുന്നത്. ഒരു പരിധിവരെ ഇന്നത്തെ ന്യായാധിപന്മാര്ക്ക്, തങ്ങളുടെ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്ഥമായുള്ള രാഷ്ട്രീയ പശ്ചാത്തലത്തിന്റെ അഭാവം, ഇത്തരം വിവാദ പരാമര്ശങ്ങള്ക്കിടയാക്കുന്നുണ്ട്. അതേയവസരത്തില്‍, അങ്ങേയറ്റം ആശ്വാസകരമായുള്ളത് അടുത്തിടെയായി രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരു രീതിയിലും വിധേയരാവാന്‍ ന്യായാധിപന്മാര് വിസമ്മതിക്കുന്നു എന്നതാണ്. ‘സ്പെക്ട്രം’ അഴിമതിയുമായും മറ്റും ബന്ധപ്പെട്ട കേസുകളില്‍ കോടതികളില്നിന്നുണ്ടാവുന്ന നിലപാട് അതാണ് സൂചിപ്പിക്കുന്നത്. കനിമൊഴിയുടെ ജാമ്യാപേക്ഷ സിബിഐ എതിര്ക്കാതിരുന്നിട്ടുകൂടി കോടതി തള്ളിക്കളഞ്ഞതും മറ്റും ഇതിനുദാഹരണമാണ്.
കോടതിയുടെ നിലപാട് കര്‍ക്കശമാവുകയും രാഷ്ട്രീയനേതാക്കളോട് കരുണ കാണിക്കാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കോടതി ഉപരോധംപോലുള്ള സമരങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ സിപിഎം നേതൃത്വം നിര്‍ബന്ധിതമാവുന്നു. പോരെങ്കില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ പ്രമാദമായൊരു അഴിമതി കേസില്‍ കുരുങ്ങി കിടക്കുകയും ചെയ്യുന്നു. ജയരാജന്റെ കോടതി വിമര്‍ശന ശൈലിയെ പിണറായി വിജയന് നാളിതുവരെ ശരി വെച്ചിട്ടില്ലെന്നത് ഇവിടെ ശ്രദ്ധേയമാണ്. അതേപോലെതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു തിങ്കളാഴ്ച എറണാകുളത്ത് നടന്ന സമരത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടേയും പ്രതിപക്ഷ നേതാവിന്റേയും അസാന്നിധ്യം.
എന്തായാലും സുപ്രീംകോടതിയുടെ ചൊവ്വാഴ്ച്ചത്തെ വിധി സിപിഎമ്മിന് ആശ്വാസമായി. അതിന് പാര്‍ട്ടി നല്‍കേണ്ടിവന്ന വിലയാണ് കോടതി വിരുദ്ധ സമരത്തിലെ വെടിനിര്‍ത്തല്‍. സമാധാനപരമായും സമചിത്തതയോടെയും ഹൈക്കോടതിക്കു മുന്നില്‍ നടത്തിയ സമരത്തെപ്പോലും സുപ്രീംകോടതി വിമര്‍ശിച്ചുവെങ്കിലും ജയരാജനു കിട്ടിയ ജാമ്യം ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പാര്‍ട്ടി. ആ ആഘോഷത്തിന് പിന്നിലുള്ളത് രാഷ്ട്രീയമാണ്; രാഷ്ട്രീയം മാത്രം, ന്യായാധിപന്മാര് പലര്‍ക്കും പിടികിട്ടാത്ത രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന്റേയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റേയും ഭാഗമായാണ് പാതയോരങ്ങളില്‍ പൊതുയോഗങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത്. അവ നിരോധിക്കപ്പെടുമ്പോള്‍, അത്തരം അരാഷ്ട്രീയ നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും, അവയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ രാഷ്ട്രീയബോധമുള്ളവര്‍ നിര്‍ബന്ധിതരാവുക സ്വാഭാവികവും ജനാധിപത്യപരവും മാത്രം.
ഹരി എസ.് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: