കൊച്ചി: സ്ഥാപനത്തിലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ സ്വകാര്യ കമ്പനി അധികൃതര്‍, രാജിവച്ച ജീവനക്കാരനെ പീഡിപ്പിക്കുന്നതായി പരാതി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ് പോളി കെം എന്ന കമ്പനിക്കെതിരെയാണ് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന സന്ദീപ് മോഹന്‍ വര്‍ഗീസിന്റെ മാതാവ് മറിയാമ്മ വര്‍ഗീസ് രംഗത്തെത്തിയിരിക്കുന്നത്. മകനെയും തന്നെയും കുടുംബാംഗങ്ങളെയും കമ്പനി അധികൃതര്‍ നിരന്തരമായി ഭീഷണിപ്പെടുത്തുകയും തങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ ചമക്കുകയാണെന്നും ഇവര്‍ പറയുന്നു.
2007 ഏപ്രിലിലാണ് കമ്പനിയുടെ വൈസ് പ്രസിഡന്റായി സന്ദീപ് ചുമതലയേല്‍ക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും ക്രമക്കേടുകളിലും സംശയം തോന്നിയ ഇദ്ദേഹം ഒരു വര്‍ഷത്തിനു ശേഷം രാജിവച്ചു. ക്രമക്കേടുകള്‍ സംബന്ധിച്ചു കമ്പനി ഉടമകളെ അറിയിച്ചെങ്കിലും അക്കാര്യം പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ.
രാജിവച്ചശേഷം കമ്പനിയില്‍ നിന്നു ശമ്പളയിനത്തില്‍ കിട്ടാനുണ്ടായിരുന്ന 3.5 കോടി രൂപക്കായി സന്ദീപ് വക്കീല്‍ നോട്ടീസയച്ചിരുന്നു. ഇതു നിഷേധിക്കുകയും സന്ദീപിന്റെ പേരില്‍ കൂടുതല്‍ കള്ളക്കേസുകള്‍ ഡല്‍ഹി പോലീസില്‍ ഫയല്‍ ചെയ്യുകയുമാണ് കമ്പനി ചെയ്തത്. പഞ്ചാബ് പോലീസാണെന്നു പരിചയപ്പെടുത്തി പലരും വീട്ടിലേക്കു വിളിച്ചു ഭീഷണിപ്പെടുത്തലും പതിവാണെന്നു മറിയാമ്മ പറയുന്നു. കമ്പനി അധികൃതരുടെ ഭീഷണിയും കള്ളക്കേസുകളും മൂലം ഇപ്പോള്‍ ഇന്തോനേഷ്യയില്‍ ജോലി ചെയ്യുന്ന സന്ദീപിനു നാട്ടിലേക്കു വരാന്‍ പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും മറിയാമ്മ വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: