മട്ടാഞ്ചേരി: ഇന്റര്‍നെറ്റ് കഫേ പ്രവര്‍ത്തനം വീണ്ടും സ്കൂള്‍ വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നതിന് വേദികളാകുന്നതായി ആരോപണം. പശ്ചിമകൊച്ചിയില്‍ അടുത്തയിടെ ചില കഫേകളില്‍ നടന്ന തര്‍ക്കങ്ങളും മര്‍ദ്ദനങ്ങളും വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റില്‍ ലൈംഗികത ആസ്വദിക്കുന്നതുമായി ബന്ധപ്പെട്ടാണെന്ന് ചൂണ്ടിക്കാട്ടുന്നു.
പശ്ചിമകൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് കഫേയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് സെക്സ് നെറ്റിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണെന്ന് ചൂണ്ടിക്കാട്ടുന്നു. മണിക്കൂറിന് 20 രൂപ നല്കിയാല് സ്വകാര്യതയില്‍ സെക്സ്നെറ്റ് ഉപയോഗം നടത്താമെന്നത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഇന്റര്‍നെറ്റ് കഫേകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതായും പറയുന്നു. ഇതിനായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്റര്‍നെറ്റ് കഫേകള്‍ സ്കൂള്‍ പഠനവിഷയങ്ങള്‍ പഠിക്കുന്നതിനുള്ള അവസരങ്ങള്‍ മുതലെടുത്താണ് മാഫിയാ സംഘങ്ങള്‍ വിദ്യാര്‍ത്ഥികളെ ‘സെക്സ്നെറ്റ്’ ശൃംഖലയിലേക്ക് നയിക്കുന്നത്. ഇതിനായി പല നെറ്റ് കഫേകളിലും പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതായും പറയുന്നു. ഇന്റര്‍നെറ്റ് കഫേകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും വധശ്രമ ഭീഷണികള്ക്കുമായി വിനിയോഗിക്കുന്നതിനെത്തുടര്ന്ന് കഫേകളിലെ ക്യാബിനുകള്‍ക്ക് വാതിലുകള്‍ ഘടിപ്പിക്കുന്നത് ഒഴിവാക്കുവാന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അധികൃതരുടെ പരിശോധന കുറഞ്ഞുവന്നതോടെ ക്യാബിന് വാതിലുകള്‍ വീണ്ടും ഘടിപ്പിച്ച് തുടങ്ങി. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള സ്വകാര്യതയുടെ പേരിലാണ് ക്യാബിന് വാതിലുകള്‍ വീണ്ടും ഘടിപ്പിച്ച് തുടങ്ങിയത്. എന്നാല്‍ ഇത്തരം ക്യാബിനുകള്‍ ഉപയോഗിക്കുന്നവരിലേറെയും ‘സെക്സ് നെറ്റുകള്‍’ കാണുന്നവരാണെന്നാണ് പരസ്യമായ രഹസ്യം.
സ്കൂളുകള്‍ക്ക് സമീപം മൊബെയില്‍ ഫോണുകള്‍ നഗ്നചിത്രങ്ങള്‍ കാണിച്ചും പകര്‍ത്തി നല്‍കിയും വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്ന സംഘമാണ് പുതിയ ഇന്റര്‍നെറ്റ് സെക്സ് സൈറ്റ് സംവിധാനമൊരുക്കുന്നതിന് പിന്നിലെന്ന് പറയപ്പെടുന്നു. സ്കൂളുകള്‍ക്ക് മുമ്പില്‍ പോലീസ്-ജനകീയ പരിശോധനകള്‍ ശക്തമായതോടെയാണ് മാഫിയാ സംഘങ്ങള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തിയത്. സ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രത്യേക ആനുകൂല്യങ്ങള്‍ നല്കി ഇടറോഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കഫേകളും ആകര്‍ഷിക്കുന്നതായും പറയുന്നു.
കഴിഞ്ഞദിവസം പശ്ചിമകൊച്ചിയില്‍ ഇന്റര്‍നെറ്റ് കഫേയിലുണ്ടായ സംഘട്ടനത്തില്‍ പ്രതികളെ പിടികൂടിയ പോലീസിന് ഭീഷണിസ്വരമുയര്ത്തിയുള്ള മറുപടിയാണ് വാദി-പ്രതി സംഘങ്ങളില്നിന്നുണ്ടായത്. ഇന്റര്‍നെറ്റ് കഫേകളുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ നിയന്ത്രണവും മിന്നല്‍ പരിശോധനയും നടത്തണമെന്നാവശ്യമുയര്ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: