പുള്ളിപ്പുലിയുടെ സ്വഭാവം ഒരു കാരണവശാലും മാറില്ല എന്നു പറയാറുണ്ട്. ചിലരാജ്യങ്ങളുടെ സ്ഥിതിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. അമേരിക്കയുടെ കാര്യം തന്നെ എടുക്കുക. അവരുടെ താല്പര്യങ്ങള്ക്ക് ഒരുടവും തട്ടാതെ നോക്കുന്നതില്‍ ദത്തശ്രദ്ധരാണ് എന്നു മാത്രമല്ല അതിനായി ഏതറ്റംവരെ പോകാനും യുഎസ് തയ്യാറാണുതാനും. ഇതു സംബന്ധിച്ച് അവര്‍ക്ക് ആരുടെയും ഉപദേശമോ കീഴ്വഴക്കമോ നോക്കേണ്ടതുമില്ല. തങ്ങള്‍ മുറുകെ പിടിക്കുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അവര്‍ ഒരിക്കലും തുനിയാറുമില്ല. അതുകൊണ്ടു തന്നെയാവാം ലോകപ്പോലീസ് പട്ടം ചിലര്‍ അമേരിക്കയ്ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.
രാജ്യത്തെ പ്രധാനപ്പെട്ട വ്യക്തികളെ ആദരിക്കുന്നതിനെക്കുറിച്ചും മറ്റുമുള്ള പ്രോട്ടോകോള്‍ തെറ്റിക്കാന്‍ സാധാരണഗതിയില്‍ ആരും തയാറാവാറില്ല. എന്നാല്‍ അമേരിക്ക അങ്ങനെയല്ല. അവര്‍ക്ക് അപ്പപ്പോള്‍ തോന്നുന്നതാണ് പ്രോട്ടോകോള്‍. എന്നു വെച്ചാല്‍ മര്യാദ എന്നൊരുപദം അവരുടെ സാംസ്കാരിക നിഘണ്ടുവില്‍ ഇല്ല. അവര്‍ എന്താണോ ഉദ്ദേശിക്കുന്നത് അതുചെയ്തിരിക്കും. ലോകത്തുള്ള സകലരാജ്യങ്ങളും തങ്ങള്‍ക്കു വിധേയരാകണമെന്ന ധാര്‍ഷ്ട്യത്തിന്റെ ചോരയോട്ടം ഓരോ അമേരിക്കക്കാരന്റെയും ശരീരത്തിലുള്ളതുപോലെയാണ് പെരുമാറ്റം.
ഇന്ത്യന്‍ രാഷ്ട്രപതിപദം അലങ്കരിച്ച ഡോ.എ.പി. ജെ.അബ്ദുള്‍ കലാമിനെ അമേരിക്ക അപമാനിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനോമുകുരത്തിലൂടെ മിന്നിമായുന്ന ചിത്രങ്ങള്‍ അനവധിയാണ്. രാഷ്ട്രപതിപദം ഏറ്റെടുത്ത് ഫലപ്രദമായ രീതിയില്‍ അത് നിര്വഹിച്ചതുമാത്രമല്ല കലാമിന്റെ പ്രത്യേകത. മനുഷ്യത്വമുള്ള ശാസ്ത്രജ്ഞനും അടുത്തതലമുറയെ നേരായ ദിശയില്‍ നയിക്കാന്‍ ആവുന്നതൊക്കെ ഓരോരുത്തരും ചെയ്യണമെന്ന് നിര്ബ്ബന്ധബുദ്ധിയുള്ളയാള്കൂടിയാണ്. ലാളിത്യത്തിന്റെ മഹാസാഗരമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം.
അത്തരമൊരു വ്യക്തിയെയാണ് അടുത്തിടെ അമേരിക്ക അപമാനിച്ചത്. ന്യൂയോര്‍ക്കിലെ ജോണ്‍ ഓഫ് കെന്നഡി വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ ദേഹപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനകഴിഞ്ഞ് വിമാനത്തില്‍ ഇരിപ്പുറപ്പിച്ച കലാമിന്റെ അരികില്‍ വീണ്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുകയും അദ്ദേഹത്തിന്റെ കോട്ടും ഷൂസും അഴിച്ചു വാങ്ങുകയുമുണ്ടായി. ഈ രണ്ട് വസ്തുക്കളിലും സ്ഫോടകസാമഗ്രികള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു രണ്ടാമത്തെ അപമാനിക്കല്‍.
അതിവിശിഷ്ട വ്യക്തികളെ സംബന്ധിക്കുന്ന ആചാരചിട്ടകളില് ഇത്തരത്തിലുള്ള പരിശോധനകള്‍ ഒഴിവാക്കാറാണ് പതിവ്. ഒരു രാജ്യത്തിന്റെ പരമപദവി വഹിച്ച വ്യക്തി സ്ഫോടകസാമഗ്രികളുമായി വിമാനത്തില്‍ കയറുമെന്ന് ചിന്തിക്കുന്നത് അമേരിക്കയുടെ മനോരോഗത്തിന്റെ കാഠിന്യം കൊണ്ടാണ്. തങ്ങളെ ആക്രമിക്കാന്‍ ലോകം മുഴുവന്‍ തയാറായിരിക്കുന്നു എന്നത് ഒരു രോഗമാണ്. ആ രോഗത്തിന്റെ വൈറസ് മേറ്റ്വിടെനിന്നും വന്നതല്ല. അത് അമേരിക്കന്‍ സ്വത്വത്തില്‍ രൂഢമൂലമായി വളര്‍ന്നു വികസിച്ചതാണ്. എന്നാല്‍ ഇക്കാര്യം ഒബാമയുടെ ഭരണകൂടത്തിന് ഇതുവരെയും മനസ്സിലായിട്ടില്ല എന്നതത്രേ വസ്തുത.
തങ്ങളുടെ സംസ്കാരം തങ്ങള്‍ക്കുതന്നെ അപമാനം വരുത്തിവെച്ചു എന്നായപ്പോള്‍, മറ്റൊന്നും ചെയ്യാനില്ലാതെ അമേരിക്ക മാപ്പു പറഞ്ഞു. അത് അത്രയും നന്ന്. കൈ മടക്കി മുഖത്ത് ആഞ്ഞടിച്ചശേഷം ക്ഷമിക്കണം എന്നു പറയുമ്പോലെയാണിത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കു പിഴവുസംഭവിച്ചെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അമേരിക്ക കലാമിനും ഇന്ത്യന്‍ ഭരണകൂടത്തിനും കത്തെഴുതിയിട്ടുണ്ട്.വിശിഷ്ടവ്യക്തികളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട പരിശോധനാ മാനദണ്ഡങ്ങള്‍ കലാമിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് യുഎസ് കത്തില്‍ വ്യക്തമാക്കിയത്.
എല്ലാ കാര്യത്തിലും അതീവ സൂക്ഷ്മതപുലര്‍ത്തുന്ന ഒരു രാജ്യം ഇത്ര അനവധാനതയോടെയാണോ കാര്യങ്ങള്‍ ചെയ്യുക എന്ന സംശയം അസ്ഥാനത്തല്ല. തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്നാണോ മനസ്സിലാക്കേണ്ടത്? വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന എല്ലാവരും ക്രിമിനലുകളാണെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണോ പരിശോധനകളും മറ്റും നടത്തുക? ഇനി വാദത്തിന് ഇതൊക്കെ സമ്മതിച്ചുകൊടുത്താലും കലാം വിമാനത്തില്‍ കയറി ഇരുന്നശേഷം എന്തിനാണ് വീണ്ടും പരിശോധനക്കെത്തിയത്. മറ്റുള്ളവരുടൈ മുമ്പില്‍ “ഈ ഇന്ത്യക്കാരന് വീണ്ടും അപമാനിതനാവട്ടെ” എന്ന് വിചാരിച്ചിട്ടാണോ?
അമേരിക്ക ധനപരമായും ആയുധപരമായും ഒന്നാംകിടരാജ്യമായിരിക്കാം. എന്നാല്‍ സംസ്കാരത്തില്‍ നാലാം കിടയാണെന്ന് മനസ്സിലാക്കാന്‍ ഈയവസരം ധാരാളം. കലാമിനെ അപമാനിച്ച സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത് നന്നായി. മേലില്‍ ഇത്തരം അനിഷ്ടസംഗതികള് ഉണ്ടാവാതിരിക്കാന്‍ അത് നന്ന്. എന്നാല്‍ അതിനൊപ്പംഇന്ത്യന് വിദേശകാര്യമന്ത്രാലയംചൂണ്ടിക്കാണിച്ച കാര്യം അത്ര സുഖകരമായി തോന്നുന്നില്ല.
സുരക്ഷാപരിശോധനയില്നിന്ന് ഒഴിവാക്കാവുന്ന വിശിഷ്ടവ്യക്തികളുടെ പട്ടികയില്‍ മുന്‍ രാഷ്ട്രപതിമാര്‍ ഉള്‍പ്പെടില്ലെന്ന് യുഎസ് അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. രാഷ്ട്രപതി സ്ഥാനത്ത് നിന്ന് മാറിക്കഴിഞ്ഞാല്‍ ആ വ്യക്തി അമേരിക്കയുടെ നോട്ടത്തില്‍ ക്രിമിനലാവുമെങ്കില് അത് ആരാജ്യത്തിന്റെ മാനസികരോഗമാണെന്ന് മനസ്സിലാക്കേണ്ടിവരും. അതിന് ചികിത്സയും വേണം. ഇക്കാര്യം ചങ്കുറപ്പോടെ പറയാന്‍ ഇന്ത്യയ്ക്ക് കഴിയണം. അവരെ അത് ബോധ്യപ്പെടുത്തി മേലില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതെ നോക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ മേലിലും ഇമ്മാതിരി അപമാനങ്ങള്‍ ഇന്ത്യയ്ക്ക് അനുഭവിക്കേണ്ടിവരും. അമേരിക്കയുടെ നടപടിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്ന് ഒരു രാഷ്ട്രീയ കക്ഷി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഒരിക്കലും ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ല. തെറ്റിനെ തെറ്റുകൊണ്ട് കീഴടക്കുകയല്ല, തെറ്റ് വരുത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇന്ത്യന്‍ ഭരണകൂടം ഇക്കാര്യത്തില്‍ ആര്‍ജവം കാണിക്കണമെന്ന് ഓരോഇന്ത്യക്കാരനും ആഗ്രഹിക്കുന്നത് ഈ നാടിന്റെ സംസ്കാരം ഉള്‍ക്കൊണ്ടുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: