കഴിഞ്ഞ ശനിയാഴ്ച എനിക്ക് ഈയാഴ്ച ദല്‍ഹിയില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ആയി സ്ഥാനമേല്‍ക്കുന്ന ജെയിംസ് ബേവനെയും ജാനറ്റ് പര്‍ഡിയെയും പരിചയപ്പെടാനുള്ള അവസരം ലഭിച്ചു. ദല്‍ഹിയില്‍ ചെന്ന് ഹൈക്കമ്മീഷണറായി ചാര്‍ജ് എടുക്കുന്നതിന് മുമ്പ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് ഇന്ത്യയെപ്പറ്റിയുള്ള ഒരു ഏകദേശരൂപം സ്വരൂപിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. രണ്ട് ദിവസം കൊച്ചി ടാജ് മലബാറില്‍ താമസിച്ച ശേഷം ശനിയാഴ്ച അവര്‍ റോഡുമാര്‍ഗം കോയമ്പത്തൂര്‍ക്ക് പോയി. റോഡ്മാര്‍ഗം സഞ്ചരിക്കുമ്പോള്‍ കിട്ടുന്ന അറിവുകള്‍ വിമാനത്തില്‍ പോകുമ്പോള്‍ ലഭിക്കുകയില്ലല്ലോ.
കേരളത്തെപ്പറ്റി, സംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക-വ്യാവസായിക അവസ്ഥയെപ്പറ്റിയുള്ള വിവരശേഖരണത്തിനാണ് അവര്‍ എന്നെ കണ്ടത്. സാധാരണ പത്രപ്രവര്‍ത്തകര്‍ ചെയ്യുന്ന പോലെ ഞാന്‍ അവരെയെല്ല ഇന്റര്‍വ്യൂ ചെയ്തത്. അവര്‍ എന്നോടാണ് ഇവിടത്തെ സ്ഥിതിഗതികളെപ്പറ്റി ചോദിച്ചത്. കൊച്ചിന് യൂണിവേഴ്സിറ്റി മറൈന്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ ജേക്കബ് ചാക്കോയാണ് ഈ സന്ദര്‍ശനം ഒരുക്കിയത്. താന്‍ ഇന്ത്യന്‍ സ്ഥാനപതിയാണെന്ന വിവരം ഒരിക്കലും വാര്ത്തയാകരുതെന്ന നിബന്ധനയോടെയാണ് പ്രൊഫസര്‍ ജേക്കബ് ചാക്കോ ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
സാധാരണ ഒരു പത്ര-ചാനല്പ്രവര്ത്തകന് ഇതൊരു പ്രധാന വാര്‍ത്തയാണ്. പ്രത്യേകിച്ച് എക്സ്ക്ലുസീവുകളുടെ കാലത്ത്. പക്ഷെ ഞാന്‍ പഴയ തലമുറയില്‍പ്പെട്ട, രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് അപേക്ഷിച്ചാല്‍ ആ രഹസ്യം സൂക്ഷിക്കുന്ന മാധ്യമ ധര്‍മം സൂക്ഷിക്കുന്ന വിഭാഗത്തില്‍പ്പെട്ടയാള്‍ ആയതു കാരണം ഇത് വാര്‍ത്തയായില്ല. എന്റെ പത്രത്തിന് ഞാന്‍ ഇത് നല്‍കിയില്ല, നല്കാന് എന്റെ മാധ്യമ മനഃസാക്ഷി സമ്മതിച്ചതുമില്ല.
ജേക്കബ് ചാക്കോ എന്നോട് നിര്‍ദ്ദേശിച്ച മറ്റൊരു കാര്യം കഴിയുന്നത്ര കേരളത്തെപ്പറ്റി പോസിറ്റീവ് ആയ കാര്യങ്ങള്‍ മാത്രമേ അവരോട് പറയാവൂ എന്നായിരുന്നു. അതുകൊണ്ടുതന്നെ കുശലപ്രശ്നങ്ങള്‍ക്കും “ദൈവത്തിന്റെ സ്വന്തം നാട്” എന്ന ബ്രാന്‍ഡ് നെയിം ഉള്ള കേരളത്തെ ഇഷ്ടമായോ എന്നും മറ്റും ചോദിച്ചശേഷം ഞാന്‍ അവരോട് കേരളം ആഗോള വികസന മാതൃകയാണെന്നും 92 ശതമാനം സാക്ഷരതയുള്ള, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീസാക്ഷരതയുള്ള സംസ്ഥാനമാണെന്നും ആരോഗ്യസൂചികകള്‍ വികസിത രാജ്യത്തിന്റേതാണെന്നുമൊക്കെ പറഞ്ഞു. ശിശുമരണനിരക്ക് കുറഞ്ഞതും ആയുര്‍ദൈര്‍ഘ്യം കൂടിയതും മറ്റും ഞാന്‍ നിരത്തി. കേരളം മതമൈത്രിക്ക് പേരുകേട്ടതാണെന്നും കേരളത്തില്‍ വന്ന ജൂതന്മാരെയും ഡച്ചുകാരെയും പോര്‍ട്ടുഗീസുകാരെയും ഇംഗ്ലീഷുകാരെയും അറബികളെയും സ്വാഗതം ചെയ്ത് അവര്‍ക്ക് ആരാധനാലയങ്ങള്‍ കെട്ടിപ്പൊക്കാന്‍ സ്ഥലവും സഹായവും ചെയ്ത പാരമ്പര്യമാണ് കേരളത്തിന്റേത് എന്നും ഞാന്‍ പറഞ്ഞു. തങ്ങള്‍ ഡച്ച് പാലസും ജൂത സിനഗോഗും മറ്റും സന്ദര്‍ശിച്ചു എന്നു പറഞ്ഞ ബേവന് ദമ്പതികള്‍ ഈ മത സമത്വത്തെ പ്രകീര്‍ത്തിച്ചു. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടിത്തറ ഇട്ടത് ക്രിസ്ത്യന്‍ മിഷണറിമാരാണ് എന്നും ഞാന്‍ അവരോട് പറഞ്ഞു.
നല്ല നര്‍മബോധമുള്ള ബേവന് താന്‍ ജാലിയന്‍വാലാബാഗ് സന്ദര്‍ശിച്ച കാര്യവും വിവരിച്ചു. “ഞങ്ങള്‍ പേടിയോടെയാണ് ജാലിയന്‍വാലാബാഗ് കാണാന്‍ പോയത്. ആരെങ്കിലും ഞങ്ങളെ ആക്രമിക്കുമോ എന്ന് ഭയന്ന്. പക്ഷെ അവിടെ ബൈക്കില്‍ പോകുകയായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ബൈക്ക് നിര്‍ത്തി ഞങ്ങളുടെ ഫോട്ടോ എടുക്കട്ടെയെന്ന് ചോദിക്കുകയായിരുന്നു” എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു.
എന്റെ വിവരണം കഴിഞ്ഞപ്പോള്‍ അദ്ദേഹം കേരളത്തിലെ അഴിമതിയുടെ വ്യാപ്തിയെപ്പറ്റി അന്വേഷിച്ചു. യുപിയില്‍ മായാവതിയുടെ പ്രതിമാസ്ഥാപക അഴിമതിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ചോദ്യം. അഴിമതി ആഗോള പ്രതിഭാസമല്ലേ എന്ന് ചോദിച്ച് കേരളത്തിലും അഴിമതി അന്യമല്ല എന്ന് ഞാന്‍ പറഞ്ഞു. മായാവതിയുടെ അഴിമതിയെ കേരളത്തിനോട് താരതമ്യംചെയ്യാന്‍ സാധ്യമല്ല എന്നും പറഞ്ഞു. ഉന്നതങ്ങളിലോ താഴേക്കിടയിലോ അഴിമതി എന്നദ്ദേഹം ചോദിച്ചപ്പോള്‍ ഉന്നതങ്ങളില്‍ അഴിമതി നടക്കുമ്പോള്‍ അത് താഴേത്തട്ടിലും പ്രതിഫലിക്കില്ലേ എന്നായിരുന്നു എന്റെ പ്രതികരണം.
അദ്ദേഹം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെപ്പറ്റിയും, കേരളം ഉള്‍പ്പെടെ നല്ല ഗൃഹപാഠം നടത്തിയിട്ടുണ്ട്. ഇത്ര വിദ്യാഭ്യാസം നേടിയിട്ടും കേരളം എന്തുകൊണ്ട് വികസിത സംസ്ഥാനമായില്ല എന്ന് ചോദിച്ച അദ്ദേഹം കേരളത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടക്കുന്നതിനെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ത്തിരുന്നല്ലോ എന്നും പറഞ്ഞു. കേരളം ഭരിക്കുന്നത് മാറി മാറി വരുന്ന ഇടതു-വലതു മുന്നണികളാണെന്നും ഒരു സര്‍ക്കാരിന്റെ നയങ്ങള്‍ വരുന്ന സര്‍ക്കാര്‍ തുടരാതിരിക്കുന്നത് വളര്‍ച്ചാ മുരടിപ്പിന് കാരണമാണെന്നും മുന്നണി ഭരണത്തില്‍ കൊലീഷന്‍ കംപള്‍ഷന്‍ (സഖ്യകക്ഷികളുടെ സമ്മര്‍ദ്ദം) ഉണ്ടാകുമല്ലോ എന്നും ഞാന്‍ പറഞ്ഞപ്പോള്‍ “ഇീമഹശശ്ി ഇീാുൗഹശ്ി” എന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിച്ചു.
കേരളത്തില്‍ സ്ത്രീകള്‍ അഭ്യസ്തവിദ്യരായിട്ടും എന്തുകൊണ്ടാണവര് പിന്നോക്കാവസ്ഥയിലെന്നും ബേവന് ദമ്പതികള്‍ ചോദിച്ചു. കേരളീയ സ്ത്രീകള്‍ രാഷ്ട്രീയ മുഖ്യധാരയില്‍ വരാത്തത് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രോത്സാഹിപ്പിക്കാത്തതാണ് കാരണമാണെന്നും 120 അംഗ നിയമസഭയില്‍ 10 വനിതാ എംഎല്‍എമാരും ഇരുപത് മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയുമാണ് ഉള്ളതെന്ന് പറഞ്ഞ ഞാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണമുള്ളതിനാല്‍ 50 ല്‍ കൂടുതല്‍ ശതമാനം സ്ത്രീകളാണ് പഞ്ചായത്ത് തലത്തിലെന്ന് ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് എന്തിന് സംവരണം? എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഇന്ത്യ പുരുഷ മേധാവിത്ത സമൂഹമാണെന്നും ‘പട്രിയാര്‍ക്കി’ സംവിധാനം ഇപ്പോഴും നിലനില്ക്കുന്നു എന്നും ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് അവിശ്വസനീയമായി തോന്നി. കുടുംബശ്രീ പോലുള്ള സ്ത്രീകൂട്ടായ്മകളില്‍ സ്ത്രീകള്‍ ശക്തരാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ “എനിക്ക് മൂന്ന് പെണ്മക്കളാണ്. അവരും എന്റെ ഭാര്യയും ഒറ്റക്കൈയാകുമ്പോള് ഞാനും നിസ്സഹായനാകുന്നു” എന്ന് പൊട്ടിച്ചിരിയോടെ അദ്ദേഹം പറഞ്ഞു. ഇവിടെ നിലനില്‍ക്കുന്ന സ്ത്രീധന വ്യവസ്ഥയും ബേവന് ദമ്പതിമാര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. “എന്റെ പെണ്മക്കള്ക്ക് ഞങ്ങള്‍ പൂര്‍ണ സ്വാതന്ത്ര്യം നല്കുന്നു” എന്നാണവര്‍ പ്രതികരിച്ചത്.
കേരളം ടൂറിസം വികസനത്തില്‍ മുന്നിലാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയതിനോട് അദ്ദേഹം യോജിച്ചു. തങ്ങള്‍ ഫോര്‍ട്ടുകൊച്ചി മാത്രമാണ് കണ്ടത് എന്നവര്‍ പറഞ്ഞു. കേരളം ആഗോള പ്രഭാതഭക്ഷണ ഡെസ്റ്റിനേഷന്‍ ആണെന്നും എണ്ണ ചേരാത്ത ഇഡ്ഡലി, പുട്ട്, അപ്പം തുടങ്ങിയ പ്രഭാതഭക്ഷണം വിനോദസഞ്ചാരികള്‍ ഇഷ്ടപ്പെടുന്നുണ്ട് എന്നും പറഞ്ഞപ്പോള്‍ “അത് കഴിക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരിക്കല്‍ക്കൂടി കേരളം സന്ദര്‍ശിക്കും” എന്നായിരുന്നു പ്രതികരണം.
അത് ഒരു അഭിമുഖമല്ലാത്തതിനാല്‍ ഞാന്‍ രാഷ്ട്രീയചോദ്യങ്ങള്‍ ചോദിച്ചില്ല. അഭിമുഖങ്ങള്‍ എന്റെ റിപ്പോര്‍ട്ടിംഗ് ജീവിതത്തിലെ ഹരമായിരുന്നു. ഇസ്രായേലി അംബാസഡര്‍ കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അഭിമുഖം എടുത്തിരുന്നു. അതുപോലെ അമേരിക്കയുടെ സൗത്ത് ഏഷ്യന്‍ അംബാസഡര്‍ ആയിരുന്ന റോബിന് റാഫേലിനെയും ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. കര്‍ക്കശസ്വഭാവക്കാരിയായ അവര്‍ ഇന്റര്‍വ്യൂ നല്‍കുമോ എന്ന ഭയത്തോടെയാണ് ഞാനും ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ ആയിരുന്ന ജീവന് ജോസും പോയത്. അന്ന് ബന്ദായിരുന്നതിനാല്‍ ജീവന്റെ സ്കൂട്ടറിന് പിന്നില്‍ ഇരുന്ന് താമസിച്ചിരുന്ന മലബാര്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ പത്രക്കാരെ കാണാന്‍ അവര്‍ വിസമ്മതിച്ചു. അന്ന് എഡിറ്ററായിരുന്ന എം.കെ. ദാസിന്റെ നിര്‍ദ്ദേശപ്രകാരം എയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ ചെന്ന് കാത്തിരുന്നു. അന്ന് റോബിന് റാഫേല്‍ വന്നത് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനായിരുന്നു. കുമരകത്ത് ഒരാഴ്ച താമസിച്ചശേഷമാണ് മലബാര്‍ ഹോട്ടലില്‍ വന്നത്. കുമരകത്തും മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അവര്‍ വിസമ്മതിച്ചു. വിഐപി ലോഞ്ചിലേക്ക് മുഖത്ത് മന്ദസ്മിതത്തിന്റെ ലാഞ്ചന പോലുമില്ലാതെ റോബിന് റാഫേല്‍ കടന്നുവന്നപ്പോള്‍ ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക എന്ന് സ്വയം പരിചയപ്പെടുത്തി, രാഷ്ട്രീയം ചോദിക്കില്ല, ടൂറിസത്തോടുള്ള പ്രതികരണം മതി എന്നു പറഞ്ഞ് അഭിമുഖമെടുക്കുകയായിരുന്നു. ഫോട്ടോയില്‍ സൗന്ദര്യം പോരാ എന്നാരോപിച്ച് അഭിമുഖം ഇഷ്ടമായില്ല എന്ന് അവര്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. ഇവരില്‍നിന്നൊക്കെ ബേവന്റെ വ്യക്തിത്വം വ്യത്യസ്തമായി എനിക്ക് തോന്നി.
അഭിമുഖങ്ങള്‍ നമ്മളെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നതുപോലെ എനിക്ക് തോന്നാറുണ്ട്. എനിക്ക് മറക്കാനാവാത്ത അഭിമുഖങ്ങളില്‍ ഏറ്റവും പ്രധാനം സെര്‍പ്പന്റ് ആന്‍ഡ് ദി റോപ് എഴുതിയ ലോകപ്രസിദ്ധ എഴുത്തുകാരന് രാജാറാവുവിന്റെ അഭിമുഖമാണ്. ചെങ്ങന്നൂരിലെ ഒരു ഗ്രാമത്തില്ചെന്നാണ് ഞാന്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യു എടുത്തത്. സമാധാനവും ആത്മീയതയും തേടി നടന്ന രാജാറാവു ഗുരുവായി അംഗീകരിച്ചത് അവിടെ ഒരു ഗ്രാമത്തിലെ ആത്മാനന്ദസ്വാമിയെയായിരുന്നു. ഞാന്‍ അഭിമുഖമെടുത്ത മറ്റൊരു ഇന്ത്യന്‍ എഴുത്തുകാരി ഭാരതി മുഖര്‍ജി ആയിരുന്നു. അന്ന് അവര്‍ പറഞ്ഞത് ഇത് ഏഷ്യാറ്റിക് റൈറ്റിംഗിന്റെ കാലമാണെന്നായിരുന്നു.
കോട്ടയത്തായിരുന്നപ്പോള്‍ ഞാന്‍ വിമോചന ദൈശാസ്ത്രത്തെപ്പറ്റി എഴുതിയിരുന്നു. വേള്‍ഡ് പീസ് കോണ്‍ഫറന്‍സിന്റെ തലവന്‍ ബിഷപ്പ് ടോത്ത് കോട്ടത്ത് വന്നപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ അഭിമുഖം ലഭിച്ചത് ആ പശ്ചാത്തലത്തിലായിരുന്നു. പാവങ്ങളുടെ സേവനമാണ് വിമോചന ദൈവശാസ്ത്രത്തിന്റെ ലക്ഷ്യം എന്ന് പറഞ്ഞ ബിഷപ്പ് ടോത്ത് ലൗകികതയും ആത്മീയതയും വേര്‍തിരിക്കാനാവാത്തതാണെന്നും രാഷ്ട്രീയത്തില്‍നിന്നും ഒരു ദൈവിക ദൂരം ക്രൈസ്തവസഭക്കുണ്ടാകരുത് എന്നും അഭിപ്രായപ്പെട്ടു.
എത്രയെത്ര അഭിമുഖങ്ങളാണ് ഞാനിതെഴുതുമ്പോള്‍ എന്റെ മനസിലേക്ക് വരുന്നത്. കിരണ്‍ ബേദി, ദിലീപ് കുമാര്‍, അമിതാബ് ബച്ചന്, അടൂര്‍ ഗോപാലകൃഷ്ണന്, ഉത്രാംതിരുനാള് മാര്‍ത്താണ്ഡവര്‍മ്മ, എഴുത്തുകാരനായ കെ.എം. ജോര്‍ജ് അങ്ങനെ എത്രയെത്ര മഹദ്വ്യക്തികള്!
പത്രപ്രവര്‍ത്തനം സാര്‍ത്ഥകമാകുന്നത് ഈ വിധം അനുഭവങ്ങളിലൂടെയാണെന്നാണ് എന്റെ വിശ്വാസം. പക്ഷെ ഇന്ന് എന്റെയീ വിശ്വാസങ്ങള്‍ പരിഹാസ്യമാണെന്നും എനിക്കറിയാം.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: