കോഴിക്കോട്: ടൈക്കൂണ്‍ എമ്പയര്‍ തട്ടിപ്പ് കേസില്‍ പാലക്കാട് സ്വദേശിനി മെഹമൂദ (50) അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങി. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് മെഹമൂദ കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന വടകര റൂറല്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി. പി.പി. സദാനന്ദന് മുമ്പാകെ കീഴടങ്ങിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കമ്മിഷന് നേടിയെടുത്ത ഏജന്റാണ് മെഹമൂദ. കമ്പനിയുടെ കേരളത്തിലെ സീനിയര്‍ ഏജന്റായ മെഹമൂദ 1.15 കോടി രൂപയാണ് രണ്ടര വര്‍ഷം കൊണ്ട് കമ്മിഷന് ഇനത്തില്‍ നേടിയെടുത്തത്. തുടര്‍ന്ന് അന്വേഷണ സംഘം മെഹമൂദയേയും കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. ഇതോടെ മെഹമൂദ ഒളിവില്‍ പോയി.
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മെഹമൂദ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: