യാങ്കൂണ്‍ : മ്യാന്മാറിലെ എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കണമെന്ന് ജനാധിപത്യ നേതാവ് ആങ്സാന്‍ സൂക്കി ആവശ്യപ്പെട്ടു. പട്ടാളഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ നിന്നും മോചിതയായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആങ്സാന്‍ സൂക്കി.
ഏഴ് വര്‍ഷത്തോളം നീണ്ട വീട്ടു തടങ്കലില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ആങ്സാന്‍ സൂക്കിയെ മ്യാന്മാറിലെ പട്ടാള ഭരണകൂടം മോചിപ്പിച്ചത്. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കാന് മ്യാന്മാര് ഭരണകൂടം തയാറായാല്‍ മാത്രമേ ജനാധിപത്യ പ്രക്രിയയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയൂവെന്ന് സൂക്കി പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ പട്ടാളഭരണത്തിന് അവസാനം കുറിച്ച് തെരഞ്ഞെടുപ്പിലൂടെ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും രാഷ്ട്രീയ തടവുകാരെ പൂര്‍ണ്ണമായും വിട്ടയയ്ക്കാന് പട്ടാള നേതൃത്തോട് കൂറുള്ള മ്യാന്മാര് സര്‍ക്കാര്‍ തയാറായിട്ടില്ല. 600ഓളം പേര് ഇപ്പോഴും തടവില്‍ കഴിയുന്നുണ്ടെന്നാണ് സൂക്കിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി എന്ന സംഘടന ആരോപിക്കുന്നത്.
രാഷ്ട്രീയ തടവുകാരെ പൂര്‍ണ്ണമായും വിട്ടയച്ചാല്‍ മാത്രമെ മ്യാന്മാറിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം പിന്‍വലിക്കൂ എന്ന നിലപാടിലാണ് പാശ്ചാത്യ രാജ്യങ്ങള്‍. മ്യാന്മാറില് വിമതരും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാന്‍ തയാറാണെന്ന് ആങ്സാന്‍ സൂക്കി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രസിഡന്റിന് കത്തെഴുതിയിട്ടുണ്ടെന്നും സൂക്കി അറിയിച്ചു.
ഇന്തോനേഷ്യയില്‍ നടക്കാന്‍ പോകുന്ന ആസിയാന്‍ രാജ്യങ്ങളുടെ ഉച്ചകോടിക്ക് മുമ്പായി രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ മ്യാന്മാര് സര്‍ക്കാര്‍ തയാറായേക്കുമെന്നാണ് സൂചന. മ്യാന്മാറില് ഈവര്‍ഷം നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സൂക്കിയുടെ പാര്‍ട്ടി മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: