കല്‍പ്പറ്റ: വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധി പ്രതീക്ഷിച്ചതിലും രൂക്ഷമാണെന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നാളെ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ വയനാട് കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാര്‍ഷിക ഉത്പാദക കമ്മിഷണര്‍ കൂടിയായ കെ.ജയകുമാര്‍. രാവിലെ വയനാട്ടില്‍ എത്തിയ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
കാര്‍ഷിക പ്രതിസന്ധി മാത്രമല്ല വായ്പകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടിയാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന നിഗമനത്തിലാണ് ഉന്നതതല സംഘം. വിളകള്‍ക്ക് ന്യായവില നിശ്ചയിക്കുക, ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുക, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗത്തിലുയര്‍ന്നു.
ഇതിനിടെ വയനാട്ടിലേത് കര്‍ഷക ആത്മഹത്യയല്ലെന്ന ഡി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശം യോഗത്തില്‍ ബഹളത്തിനിടയാക്കി. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എതിര്‍ക്കുകയും ഡി.സി.സി പ്രസിഡന്റിന്റേത് വ്യക്തിപരമായ പരാമര്‍ശവുമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് ബഹളം ശമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: