ന്യൂദല്‍ഹി: കാശ്മീരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തി. അര മണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍ പ്രധാനമായും കാശ്മീരിലെ സുരക്ഷയാണ് വിഷയമായത്. ഇരുവരുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഒമര്‍ ആഭ്യന്തരമന്ത്രി പി. ചിദംബരവുമായും കൂടിക്കാഴ്ച നടത്തി.
അതേസമയം, സംസ്ഥാനത്തിന്റെ ചില മേഖലകളില്‍നിന്ന് അഫ്സ്പ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഒമര്‍ കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായും കരസേനാ മേധാവി വി.കെ. സിംഗുമായും ചര്‍ച്ച നടത്തിയിരുന്നു. കാശ്മീരിലേയും ജമ്മുവിലേയും നാല് ജില്ലകളില്‍ നിയമം പാലിക്കണമെന്നാണ് ഒമര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ വിഷയം നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം ചര്‍ച്ചയില്‍ നേരത്തെ വാഗ്ദാനം ചെയ്യപ്പെട്ടതാണെന്നും സമാധാനമുള്ള ഒരു പുതുവര്‍ഷമാണ് കാശ്മിരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒമര്‍ വ്യക്തമാക്കി. ഈവര്‍ഷം ഒക്ടോബര്‍ വരെ ഇതിനകം 13 ലക്ഷം വിദേശികള്‍ കാശ്മീരിലെത്തിയെന്നും കൂടുതല്‍ വിദേശവരുമാനമുണ്ടാകുന്നതിനായി സമാധാനം പുലര്‍ത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത സൈനിക മേധാവികള്‍ ഇതിനകം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: