കേരളപ്പിറവി ദിവസം ഏഷ്യാനെറ്റ് സന്ധ്യാവാര്‍ത്തയില്‍ ഞെട്ടിക്കുന്ന ഒരു സംഭവം സംപ്രേഷണം ചെയ്തു. ചന്ദ്രശേഖരന് എന്നൊരാള്‍ ഭാര്യാസമേതം എറണാകുളം മെഡിക്കല്‍ സെന്ററിലെത്തുന്നു. ഈ ആസ്പത്രി കൊച്ചി മഹാനഗരത്തില്‍ എണ്ണപ്പെട്ട ഒന്നാണെന്നാണ് വെയ്പ്പ്. കാലില്‍ ചെറിയൊരു ശസ്ത്രക്രിയ നടത്തണം. 45,000 രൂപ അടക്കാന്‍ കല്പ്പനയായി. അതു വളരെ കൂടുതലാണെന്ന് രോഗി കെഞ്ചിയപ്പോള്‍ 15000 രൂപയായി കുറച്ചു. ഇത്ര ചെറിയൊരു ഓപ്പറേഷന് ഈ തുകയും കൂടുതലാണെന്ന് പറഞ്ഞപ്പോള്‍ 10000 രൂപ മതിയെന്ന് സമ്മതിച്ചു. രോഗി ഡിസ്ചാര്‍ജ് മേടിച്ച് സ്ഥലംവിട്ട് വേറൊരു ആസ്പത്രിയെ ശരണം പ്രാപിച്ചു. ഡോക്ടര്‍ അദ്ദേഹത്തിന്റെ ഫീസ് കുറച്ചതിനാലാണ് ഈ വ്യതിയാനമുണ്ടായതെന്നാണ് ആസ്പത്രി അധികൃതരുടെ വിശദീകരണം.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ? തോന്നുന്നില്ല. ഇത്തരത്തിലല്ലെങ്കില്‍ വേറെ പലതരത്തിലും പാവം രോഗികള്‍ ബലിയാടുകളാകുന്നു, മറ്റു ആസ്പത്രികളിലും. എന്തു ചെയ്യാം! അവര്‍ നിസ്സഹായരാണ്. പലതരത്തിലുള്ള ടെസ്റ്റുകള്‍, അള്‍ട്രാസൗണ്ട് ടെസ്റ്റ്, സ്കാന്‍ എന്നു വേണ്ട, വേണ്ടതിനും വേണ്ടാത്തതിനും ഭാരിച്ച ചെലവു തന്നെ. അതിനും പുറകെ തീപിടിച്ച വില കൊടുത്ത് മരുന്നും വാങ്ങണം.
ഈ പ്രക്രിയകളെല്ലാം കഴിഞ്ഞ് രോഗി ആസ്പത്രി വിട്ടാലത്തെ സ്ഥിതി എന്താണ്? രോഗം മാറി സമാധാനമായി ജീവിതം നയിക്കാന്‍ കഴിയുമോ? തല്ക്കാലത്തെ ഒരു ശമനം, ചില രോഗങ്ങള്‍ക്ക് കുറച്ചുകാലത്തെ അവധി; അതും നിത്യേന കഴിക്കുന്ന മരുന്നിന്റെ ശക്തികൊണ്ടുമാത്രം. ഏതു രോഗമാണ് സമ്പൂര്‍ണമായി മാറുക? ഒരു രോഗവുമില്ല. എല്ലാവര്ക്കും ഇടക്കെങ്കിലും ഉണ്ടാകുന്ന സാധാരണ നീരിളക്കത്തിന് മരുന്നുണ്ടോ? പ്രമേഹവും രക്തസമ്മര്‍ദ്ദവും നിശ്ശേഷം മാറി സുഖം പ്രാപിക്കാന്‍ ഒരു മരുന്നും ഉണ്ടെന്ന് തോന്നുന്നില്ല. നിയന്ത്രണത്തില്‍ വരുത്താനുള്ള മരുന്നുകള്‍ ഉണ്ട്. അത് അസുഖം മാറലല്ലോ? ആധുനിക വൈദ്യശാസ്ത്ര പുരോഗതി ഒരളവുവരെ രോഗങ്ങളെ അടിച്ചമര്‍ത്താനുള്ള ദിശയില്‍ മാത്രം സംഭാവന ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവരും. രോഗങ്ങള്‍ സമ്പൂര്‍ണമായി മാറാനെന്താണ് വഴി എന്ന് ചിന്തിച്ച് റിസര്‍ച്ച് ചെയ്യുന്നതിന്റെ ഫലം ആശാവഹമായി പരിണമിച്ച കഥ ഇതുവരെ കേട്ടതായി ഓര്‍ക്കുന്നില്ല. രോഗങ്ങളെ മാത്രം കേന്ദ്രീകരിക്കാതെ രോഗകാരണങ്ങള്‍ക്ക് പ്രാധാന്യം നല്കി വേണ്ട ഗവേഷണം നടത്തിയാല്‍ തൃപ്തികരമായ ഫലം കാണുമെന്ന് തോന്നുന്നു.
രോഗികള്‍ക്ക് താല്‍ക്കാലിക ശമനത്തിന് പ്രയോഗിക്കുന്ന ശക്തിയേറിയ മരുന്നിന്റെ ഫലം അനുഭവിക്കുന്ന രോഗം മാറി വേറൊരു രോഗമായി രൂപാന്തരപ്പെടുന്നു. ഇതെഴുതുന്ന ആള്‍ക്ക് ഒലിക്കുന്ന എക്സിമ വളരെ കൊല്ലത്തെ ചികിത്സകൊണ്ട് മാറി ആസ്മയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇന്നും അനുഭവിക്കുന്നു. ആസ്മ മാറ്റിയാല്‍ കിഡ്നിയെ ബാധിക്കും എന്നൊരു താക്കീതും കിട്ടിയിട്ടുണ്ട്.
ഏതു മരുന്നും നമ്മുടെ ശരീരപ്രകൃതിയെ വിഷലിപ്തമാക്കുന്നു. മരുന്നിന്റെ ശക്തികൊണ്ട് രോഗത്തിന് താല്‍ക്കാലിക ശമനം കിട്ടുന്നുണ്ടെങ്കിലും അതിന്റെ പാര്‍ശ്വഫലങ്ങള്‍ ചിലപ്പോള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഫാസ്റ്റ് ഫുഡ് സംസ്ക്കാരത്തിന്റെ ഈ കാലത്ത് തല്ക്കാല ശമനമാണ് അധികം പേര്‍ക്കും ആവശ്യം. അനന്തര ദുരിതങ്ങളെ സ്വാഗതം ചെയ്യുകയാണ് തങ്ങളെന്ന് ബോധ്യം അധികം പേര്‍ക്കുമില്ല. എന്നാല്‍ ഇതിനെപ്പറ്റി ബോധവാന്മാരാക്കുകയാണെങ്കിലോ ഫലം ആശാവഹമല്ലതാനും.
എനിക്ക് വളരെ അടുപ്പമുള്ള ഒരു സ്നേഹിതന്റെ ഭാര്യക്ക് ഇടക്കിടക്ക് ഭയങ്കര തലവേദന വരും. തലവേദന തുടങ്ങിയാല്‍ ഉടന്‍ ഡോളൊ-650 എന്ന ഗുളിക കഴിക്കും. തല്ക്കാല ശമനവും കിട്ടും. എനിക്ക് 102 ഡിഗ്രി പനി ദിവസം നിലനിന്നപ്പോള്‍ ഈ സ്നേഹിതന്റെ നിര്‍ദ്ദേശാനുസരണം ഈ ഗുളിക ഒരെണ്ണം കഴിച്ചതിന്റെ ഫലം പനി രണ്ടു മണിക്കൂറുകൊണ്ട് കുറഞ്ഞ് 100 ല്‍ താഴെയായി. അതാണ് ആ ഗുളികയുടെ ശക്തി. വേറൊരു സ്നേഹിതന് പ്രമേഹ രോഗിയാണ്. വേറെയും പല അസുഖങ്ങളുണ്ട്. ഇന്‍സുലിന്റെ സമനില നിലനിര്‍ത്താന്‍ വേണ്ടിയും മറ്റ് അസുഖങ്ങള്‍ക്കും ഇടക്കിടക്ക് ഗുളികകള്‍ കഴിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ ഡോക്ടറുടെ നിര്ദ്ദേശമനുസരിച്ചും സ്വയം ഡോക്ടറായും എത്ര എത്ര മരുന്നുകള്‍ മനുഷ്യന് ദിവസവും അകത്താക്കുന്നു. രോഗശമനമാണ് രോഗം മാറലല്ല ലക്ഷ്യമെന്ന് തോന്നും. മിക്ക രോഗികളുടേയും സമീപനം കണ്ടാല്‍.
എന്താണ് ഇതിനെല്ലാമൊരു പോംവഴി? ഒരു പരിധിവരെയുള്ള പരിഹാര മാര്‍ഗങ്ങള്‍ നമ്മുടെ നിയന്ത്രണത്തില്‍ തന്നെയുണ്ട്. അസുഖങ്ങളൊന്നും തന്നെ വരാതിരിക്കാന്‍ പറ്റിയ ഒരു ജീവിതരീതി ചെറുപ്പം മുതലേ സ്വീകരിക്കുക. അതിനുവേണ്ടത് ഒരു സസ്യഭുക്കായിത്തീരുകയാണ് പ്രധാനം. കൂട്ടത്തില്‍ ഭക്ഷണ ക്രമീകരണം ഒരു പ്രധാന ഘടകമാണ്. ലേഖനത്തിന്റെ ദൈര്‍ഘ്യത്തെ കണക്കിലെടുത്ത് ഈ കാര്യത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. വയറും മനസ്സും ശുദ്ധമായാല്‍ ഒരു വലിയ പരിധിവരെ അസുഖങ്ങള്‍ക്ക് സ്ഥാനമില്ലാതാകും. ഇതിന്റെ രണ്ടിന്റേയും കടിഞ്ഞാണ്‍ ഓരോരുത്തരുടെ കയ്യില്‍ തന്നെയാണ്. എങ്കിലും മനസ്സിനെ നിയന്ത്രിക്കുക വളരെ ശ്രമകരമായ കാര്യമാണ് എന്നു സമ്മതിക്കുന്നു.
രണ്ടാമതായി ഏതു സുഖക്കേടും മാറ്റാനുള്ള പ്രകൃതിദത്തമായ സംവിധാനം ഓരോരുത്തരുടെ ശരീരത്തിലും നിക്ഷിപ്തമായിട്ടുണ്ട്. അതിനെ പറ്റി അധികം പേരും ബോധവാന്മാരല്ല. ബോധവാന്മാര്ക്ക് അസുഖം മാറുന്നതുവരെ കാത്തുനില്ക്കാനുള്ള ക്ഷമയുമില്ല. വയറിളക്കം, ശര്‍ദ്ദി, പനി, തലവേദന എന്നിവ രോഗങ്ങളല്ല; നിത്യ ജീവിതത്തില്‍ സംഭവിക്കുന്ന ക്രമഭംഗങ്ങളാണ്. ദേഹത്തിലുള്ള ജൈവിക വിഷം പുറംതള്ളാനുള്ള മാര്‍ഗങ്ങളാണിവ. അതിന് നമ്മള് അനുവദിക്കില്ലെന്നതാണ് സത്യം. അത് തടയാന്‍ കൂടുതല്‍ വിഷം മരുന്നിന്റെ രൂപത്തില്‍ അകത്തേക്ക് തള്ളുന്നു. എന്തൊരു വിരോധാഭാസം! 2010 ല്‍ ഇതെഴുതുന്ന ആള്‍ക്ക് അഞ്ച് പ്രാവശ്യം പനി വന്നു. ഒരിക്കല്‍ 103 വരെ എത്തി. ഒരു മരുന്നും കഴിച്ചില്ല. പനി മാറാനുള്ള മരുന്ന് ഉപവാസമനുഷ്ഠിക്കുക മാത്രമാണ്. വയറിളക്കം, ശര്‍ദ്ദി, എന്നിവ വന്നാലും മാറാനുള്ള മാര്‍ഗം ഇതുതന്നെ. ക്ഷമയോടെ പൂര്‍ണമായി വിശ്രമിച്ച് ഉപവസിച്ചാല്‍ മിക്ക അസുഖങ്ങളും മാറുമെന്ന് അനുഭവത്തില്‍നിന്നും പറയാന്‍ കഴിയും. ഉപവസിക്കുമ്പോള്‍ ധാരാളം ശുദ്ധജലം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍ണ വിശ്രമം വേറൊരു പ്രധാന ഘടകമാണ്. ക്ഷീണമുണ്ടാകും. അതിനെപ്പറ്റി വേവലാതിപ്പെടേണ്ടതില്ല.
ആധുനിക വൈദ്യശാസ്ത്ര പരാമര്‍ശ വിഷയത്തിലേക്ക് വീണ്ടും വരുകയാണ്. ഈ ഉദ്യമത്തിന് തുനിഞ്ഞത് ഈ കാര്യത്തിലുണ്ടായ പുരോഗതിയെ അവഹേളിക്കാന്‍ വേണ്ടിയല്ല, മറിച്ച് ഈ പഠന മണ്ഡലത്തിലുള്ള പരിമിതികളെയും പോരായ്മകളേയും ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ്. അതേസമയം, ഈ രംഗത്ത് ചില പ്രശ്നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കൈവന്ന സംഭാവനകള്‍ തികച്ചും പ്രശംസനീയമാണ്. നിരവധി രോഗങ്ങള്‍ ശസ്ത്രക്രിയകൊണ്ട് മാറ്റാന്‍ കഴിയുന്നത് വലിയ നേട്ടങ്ങള്‍ തന്നെയാണ്. താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ ഈ രംഗത്തുണ്ടായ വലിയൊരു സംഭാവന തന്നെയാണ്. മരുന്നുകളുടെ പ്രയോഗത്തിലുള്ള പരിമിതികളും പാര്‍ശ്വഫലങ്ങളും മനുഷ്യനെ എത്രമാത്രം തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
അസുഖങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ ആരെങ്കിലുമുണ്ടോ? പ്രത്യേകിച്ച് 50 വയസ്സ് കഴിഞ്ഞവര്‍. സംശയമാണ്. രോഗവിമുക്ത ജീവിതം നയിക്കാന്‍ മാത്രമല്ല രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാമതായി അനുഷ്ഠിക്കേണ്ടത് സസ്യഭുക്കായി ജീവിക്കുക തന്നെയാണ്. പ്രകൃതിയോടിണങ്ങിയ ജീവിതം ആരോഗ്യപരിപാലനത്തിന് സഹായിക്കുമെന്നതിന് സംശയമില്ല തന്നെ. രോഗം പിടിപെട്ടാല്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് മനോനിയന്ത്രണമാണ്. അമിതമായ ആശങ്കക്ക് അടിമപ്പെടാതെ, എല്ലാം ഭേദമായി പൂര്‍ണാരോഗ്യം വീണ്ടുകിട്ടുമെന്നുള്ള ശുഭാപ്തി വിശ്വാസം രോഗം മാറാന്‍ വളരെ സഹായിക്കും. ആത്മനിര്ദ്ദേശംകൊണ്ട് അസുഖങ്ങള്‍ മാറിയ സംഭവങ്ങള്‍ നിരവധിയുണ്ട്. ഇതെല്ലാം സാധിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ്. അലോപ്പതി മരുന്നുകള്‍ വിഷമാണെന്നുള്ള ബോധവും അമിതമായി അതിനെ ആശ്രയിച്ചാലുണ്ടാകുന്ന അനന്തരഫലങ്ങളെ എപ്പോഴും ഓര്‍ക്കുന്നതും നന്നായിരിക്കും. രോഗത്തിനെ മരുന്നുകൊണ്ട് അടിച്ചമര്‍ത്താതെ രോഗകാരണങ്ങളെ കണ്ടുപിടിച്ച് നേരിടുകയാണ് വേണ്ടതെന്ന് ഒന്നുകൂടി ആവര്‍ത്തിക്കുന്നു. കുത്തഴിഞ്ഞ ജീവിതം, ദേഹത്തിനും മനസ്സിനുമിണങ്ങാത്ത ഭക്ഷണ രീതി, കാലവും സമയവും നോക്കാതെ അമിതമായി ഭക്ഷിക്കുന്ന സ്വഭാവം, മാനസിക പിരിമുറുക്കം അഥവാ സമ്മര്‍ദ്ദം എന്നിവയാണ് ഒട്ടുമിക്ക അസുഖങ്ങള്‍ക്കും കാരണങ്ങളെന്ന് മനസ്സിലാക്കിയാല്‍ തന്നെ ഒരളവുവരെ രോഗവിമുക്ത ജീവിതം നയിക്കാനുള്ള ആദ്യ പാഠം പഠിച്ചെന്ന് പറയാം. ദൃഢനിശ്ചയവും തീരുമാനവുംകൊണ്ട് പോരായ്മകള്‍ തരണം ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കുമെന്നതിന് സംശയമില്ലതന്നെ.
തളി ശങ്കരന് മൂസ്സത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: