ബംഗളൂരു : സാമ്പത്തിക പ്രതിസന്ധയില്‍ നിന്നു കരകയറാന്‍ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ആസ്തികള്‍ വില്‍ക്കുന്നു. വസ്തുവകകള്‍ വില്‍ക്കുന്നതിലൂടെ കടബാദ്ധ്യത പകുതിയായി കുറയ്ക്കാമെന്ന നിഗമനമാണ് ഇതിന് പിന്നില്‍. റിയല്‍ എസ്റ്റേറ്റ് പദ്ധതിയായ കിങ് ഫിഷര്‍ ഹൗസ്, മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ആസ്ഥാന മന്ദിരം, മറ്റു റിയല്‍ എസ്റ്റേറ്റുകള്‍ എന്നീ ആസ്തികളാണു വില്‍ക്കുന്നത്.
ആസ്തികള്‍ വില്‍ക്കുന്ന കാര്യം ഇന്നു ചേരുന്ന കിംഗ്ഫിഷര്‍ ബോര്‍ഡ് പരിഗണിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും ഏതാണ്ട് കൈയൊഴിഞ്ഞ സാഹചര്യത്തില്‍ ആസ്തികള്‍ വില്‍ക്കാനുള്ള തീരുമാനം അംഗീകരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ 6500 കോടി രൂപയാണ് കിംഗ്ഫിഷറിന്റെ കടം. സ്വത്തുവകകള്‍ വില്‍ക്കുന്നതിലൂടെ ഇത് 3000 കോടിയായി കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് വിജയ് മല്യയും സംഘവും.
കമ്പനിയില്‍ നിന്നുള്ള ലോണുകളെ ഓഹരികളാക്കി മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്. കടം കുറയുന്നതോടെ വീണ്ടും വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറായേക്കുമെന്ന പ്രതീക്ഷയും മല്യ പങ്കുവയ്ക്കുന്നു.വായ്പ ലഭിക്കുന്നതോടെ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. മാതൃ സ്ഥാപനം യു.ബി ഗ്രൂപ്പ് നല്കിയ 675 കോടി രൂപയുടെ വായ്പ ഓഹരിയാക്കി മാറ്റാനും നീക്കമുണ്ട്.
അതിനിടെ കടബാദ്ധ്യത തീര്‍ക്കുന്നതിന് പുതിയ വായ്പകളൊന്നും നല്‍കാനാവില്ലെന്ന് കിങ് ഫിഷറിന് കടം നല്കിയ ബാങ്കുകള്‍ വ്യക്തമാക്കി. 800 കോടി രൂപയുടെ ഓഹരികളെങ്കിലും ഉയര്‍ത്തിയില്ലെങ്കില്‍ വായ്പ പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും കഴിയില്ലെന്നാണ് ബാങ്കുകളുടെ നിലപാട്. കഴിഞ്ഞ ഒരാഴ്ചക്കിടെ 200ഓളം വിമാന സര്‍വീസുകളാണ് കിങ്ഫിഷര്‍ റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: