ന്യൂദല്‍ഹി: അപകീര്‍ത്തി കേസില്‍ ടൈംസ് ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കീഴിലുള്ള ടൈംസ് നൗ ചാനലിനോട് 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പുനെ ജില്ലാ കോടതിയാണ് 100 കോടി രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ചത്.
2008ലാണ് കേസിനാസ്പദമായ സംഭവം. 2005ലെ പ്രോവിഡന്റ് ഫണ്ട് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കോല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് പി.കെ. സാമന്തയുടെ ചിത്രത്തിന് പകരം സുപ്രീംകോടതിയില്‍ നിന്നു വിരമിച്ച വി.ജി. സാമന്തിന്റെ ചിത്രം ചാനല്‍ സംപ്രേഷണം ചെയ്തെന്നാണ് കേസ്. സെപ്റ്റംബര്‍ 10നു സംപ്രേഷണം ചെയ്ത വാര്‍ത്ത 15 സെക്കന്റ് ദൈര്‍ഘ്യമുള്ളതായിരുന്നു. ഇതേത്തുടര്‍ന്ന് വി.ജി. സാവന്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ടു പുനെ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
വിധിക്കെതിരേ ചാനല്‍ ഹൈക്കോടതിയെ സമീപിച്ചു. സാമന്തിനോടു ക്ഷമാപണം നടത്തിയെന്നും തുടര്‍ച്ചയായി അഞ്ചു മിനിറ്റ് ക്ഷമാപണം സ്ക്രോള്‍ ചെയ്തെന്നും വാദിച്ചു. എന്നാല്‍ വിധിയില്‍ തൃപ്തനല്ലെന്നു സാവന്ത് കോടതിയെ അറിയിച്ചു. തുടര്‍ന്ന് 20 കോടി രൂപ പണമായും ബാക്കി തുക ബാങ്ക് ഗ്യാരന്റിയായും കെട്ടിവയ്ക്കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഇതിനെതിരെയാണ് ടൈംസ് നൗ ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ അന്തിമ തീരുമാനം ബോംബെ ഹൈക്കോടതിക്ക് കൈക്കൊള്ളാമെന്നും വിധി വരുന്നത് വരെ തുക കെട്ടിവയ്ക്കാനും സുപ്രീംകോടതി ചാനലിനോട് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: