ഡമാസ്കസ്: അറബ് ലീഗില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട സിറിയയില്‍ വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം. ബാഷര്‍ അല്‍ അസദിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയവരാണ് ആക്രമണം നടത്തിയത്. തുടര്‍ച്ചയായി സമാധാന കരാര്‍ ലംഘിച്ച് സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനാണ് സിറിയയെ കഴിഞ്ഞ ദിവസം അറബ് ലീഗില്‍ നിന്നും സസ്പെന്റ് ചെയ്തത്.
ഡെമാസ്കസില്‍ സൗദി അറേബ്യയുടെയും ഖത്തറിന്റെയും എംബസികള്‍ ജനക്കൂട്ടം തല്ലിത്തകര്‍ത്തു. ലടാകിയയിലെ ഫ്രഞ്ച്, തുര്‍ക്കി കണ്സള്ട്ടേറ്റുകളിലും അസദ് അനുകൂലികള്‍ ആക്രമണം നടത്തി. കല്ലേറില്‍ സൗദി എംബസിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഖത്തര്‍ എംബസിയില്‍ അതിക്രമിച്ചു കയറിയവര്‍, ഖത്തര്‍ പതാക അഴിച്ചുമാറ്റി അവിടെ സിറിയന്‍ പതാക ഉയര്‍ത്തി.
എംബസികള്‍ക്ക് നേരെ ആക്രമണം നടന്നതോടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സിറിയയ്ക്ക് മേല്‍ കൂടുതല്‍ കര്‍ശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു. സിറിയയിലെ സാധാരണക്കാരെ സംരക്ഷിക്കാന്‍ എന്ത് ചെയ്യണമെന്നാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് അറബ് ലീഗ് മേധാവി പറഞ്ഞു. സിറിയയ്ക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും അറബ് ലീഗ് ആലോചിക്കുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കെയ്റോയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
അതേസമയം അല്‍ അസദിനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ഹോംസില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ എട്ട് പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: