കോഴിക്കോട്: നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചുള്ളിക്കാപറമ്പ് തേലേരി കൊടപ്പുറത്ത് കുഞ്ഞാലിയുടെ മകന്‍ ഷഹീദ് എന്ന ബാവ(26) ആണ് മരിച്ചത്. കൊടിയത്തൂര്‍ വില്ലേജ് ഓഫീസിന് സമീപത്ത് വെച്ച് കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ ഷഹീദിനെ മര്‍ദ്ദിച്ചത്. പുരുഷന്‍മാരില്ലാത്ത വീട്ടില്‍ അര്‍ദ്ധരാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷഹീദ് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മസ്തിഷ്കത്തിനേറ്റ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മുന്‍വൈരാഗ്യമുള്ള ചിലര്‍ ചേര്‍ന്ന് ഷാഹിദിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്നാരോപിച്ച് ഷഹീദിന്റെ അമ്മാവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ട് പേര്‍ക്കെതിരെ കേസെടുത്തു മുക്കം പോലീസ് നേരത്തെ ഒരാളെ അറസ്റ്റു ചെയ്തിരുന്നു. കൊടിയത്തൂര്‍ കൊല്ലളത്തില്‍ വീട്ടില്‍ അബ്ദുറഹിമാന്‍ എന്ന ചെറിയാപ്പു(52)വാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. കൊടിയത്തൂര്‍ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടില്‍ സന്ദര്‍ശകനായിരുന്ന ഷഹീദിനെ പ്രദേശത്തേക്ക് രാത്രി വരുന്നതില്‍ നിന്നും നാട്ടുകാര്‍ വിലക്കിയിരുന്നു. എന്നാല്‍ താക്കീത് അവഗണിച്ച് വീണ്ടും ബുധനാഴ്ച അര്‍ദ്ധരാത്രി ഈ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. അവശനിലയില്‍ കാണപ്പെട്ട യുവാവിനെ നാട്ടുകാരും ബന്ധുക്കളും പോലീസും ചേര്‍ന്ന് ആദ്യം മാമ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രികളിലും എത്തിക്കുകയായിരുന്നു.
മൂന്നുമാസം മുമ്പാണ് ഷഹീദ് വിദേശത്ത്നിന്നും നാട്ടിലെത്തിയത്. ആയിഷബീവിയാണ് ഉമ്മ. സഹോദരങ്ങള്‍: ഷക്കീല്‍ബാബു, ഷബ്നാസ്. സംഭവത്തില്‍ അനുശോചിച്ചും പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടും യു.ഡി.എഫും. എല്‍.ഡി.എഫും ഇന്ന് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ചെറുവാടി ചുളളിക്കാപറമ്പ് കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഷഹീദ് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് കൊടുവള്ളി സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: