ന്യൂദല്‍ഹി: സിപിഎം ലോക്കല്‍ സെക്രട്ടറി മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവരുടെ കാലാവധി മൂന്നുതവണയായി പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച മാര്‍ഗരേഖ സിപിഎം കേന്ദ്രകമ്മറ്റി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. കോഴിക്കോട്ട് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് നിര്‍ദ്ദേശം അന്തിമമായി അംഗീകരിക്കേണ്ടതുണ്ട്.
പതിമൂന്ന് വര്‍ഷമായി സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് തുടരുന്ന പിണറായി വിജയന് ഭീഷണിയാണ് ഈ നിര്‍ദ്ദേശമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചടയന്‍ ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന് 1998 ലാണ് പിണറായി വിജയന് ആദ്യമായി പാര്‍ട്ടി സെക്രട്ടറിയാവുന്നത്. തുടര്‍ന്ന് കണ്ണൂര്‍, മലപ്പുറം, കോട്ടയം സമ്മേളനങ്ങളില്‍ സെക്രട്ടറിപദത്തില്‍ തുടര്‍ന്ന് നീണ്ട പതിമൂന്ന് വര്‍ഷം അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു.
അതേസമയം, ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ഈ വ്യവസ്ഥയില്‍ ഇളവ് വരുത്താനും ധാരണയായിട്ടുണ്ട്. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രം ഇളവ് അനുവദിച്ചാല്‍ മതിയെന്നാണ് പുതിയ വ്യവസ്ഥ. പുതിയ മാര്‍ഗരേഖ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്നതോടെ കേരളത്തിലെ പാര്‍ട്ടിയുടെ സംഘടനാ തലത്തില്‍ സമൂലമായ മാറ്റം വരുമെന്ന് കരുതപ്പെടുന്നു. മാര്‍ഗരേഖ നടപ്പിലാകുമ്പോള്‍ ആദ്യം സ്ഥാനം ഒഴിയേണ്ടിവരിക പിണറായി വിജയനായിരിക്കും. ഇത് വിഭാഗീയതയുടെ പിടിയിലമര്‍ന്നിരിക്കുന്ന പാര്‍ട്ടി കേരളാ ഘടകത്തില്‍ പ്രതിസന്ധി സൃഷ്ടിക്കും.
പാര്‍ട്ടി സെക്രട്ടറിപദത്തില്‍ തുടര്‍ച്ചയായി മൂന്നു ടേമില്‍ തുടരുന്നവര്‍ മാറണമെന്ന അഭിപ്രായം ഉന്നത നേതൃത്വത്തിന് മുമ്പാകെ വന്നപ്പോള്‍ തന്നെ പിണറായിയുടെ സ്ഥാനമാറ്റം ചര്‍ച്ചയായിരുന്നു. പിണറായി സ്ഥാനമൊഴിയുകയാണെങ്കില്‍ അടുത്ത സെക്രട്ടറിസ്ഥാനത്തേക്ക് പരിഗണിക്കുക കോടിയേരി ബാലകൃഷ്ണനെയായിരിക്കും. കോടിയേരിയാകട്ടെ തന്ത്രപരമായി വി.എസ്. അച്യുതാനന്ദന്റെ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നതായാണ് പാര്‍ട്ടിക്കുള്ളില്‍ പലരും കരുതുന്നത്. പിണറായിപക്ഷത്തെ പ്രമുഖരായ പലരും വിഎസ് പക്ഷത്തേക്ക് ചേരി മാറിയതായും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പിണറായിപക്ഷത്തെ കരുത്തനായിരുന്ന ഡോ. തോമസ് ഐസക്കിന് ഇപ്പോള്‍ വിഎസിനോടാണ് ആഭിമുഖ്യമെന്ന് പറയപ്പെടുന്നു. പാര്‍ട്ടി ചാനലായ കൈരളിയില്‍ തോമസ് ഐസക്കിന് പ്രാമുഖ്യം നല്‍കാതിരിക്കുന്നത് ഇതിനാലാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. എസ്. രാമചന്ദ്രന്‍പിള്ള കേരളത്തിലേക്ക് സെക്രട്ടറിയായി മടങ്ങിവരാനുള്ള സാധ്യതയും പാര്‍ട്ടി വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല.
മാര്‍ഗരേഖ കേന്ദ്രകമ്മറ്റി അംഗീകരിച്ചതായി വി.എസ്. അച്യുതാനന്ദനും സ്ഥിരീകരിച്ചു. സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖയില്‍ ഇക്കാര്യം പറഞ്ഞിരുന്നു. പ്രത്യയശാസ്ത്രം സംബന്ധിച്ച കരട് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തത്. അടുത്ത കേന്ദ്രകമ്മറ്റി യോഗം ഇതിന് അംഗീകാരം നല്‍കുമെന്നും വിഎസ് പറഞ്ഞു.
ഇതിനിടെ, പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അവതരിപ്പിച്ച പ്രത്യയശാസ്ത്രരേഖ കേന്ദ്രകമ്മറ്റി തള്ളി. ചൈനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന രേഖയാണ് യെച്ചൂരി അവതരിപ്പിച്ചത്. കേന്ദ്രകമ്മറ്റിയിലെ ഭൂരിപക്ഷം പേരും ഇതിനോട് വിയോജിച്ചതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: