മൗലാനാ ഗുലാം മുഹമ്മദ് വാസ്തന്‍വിയെ ദാറുല്‍ ഉലൂം ദിയോബന്ത് വൈസ്ചാന്‍സലര്‍സ്ഥാനത്തുനിന്നും എടുത്തു കളഞ്ഞതിനെക്കുറിച്ചു ഒരു പാടു മഷി ഒഴുകിക്കഴിഞ്ഞു. പ്രതികരണത്തിരമാലകളൊക്കെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുടെ സാധുതയെക്കുറിച്ചും, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കു ക്ലീന്‍ചിറ്റും നല്കി എന്നതിനെ പ്രതിയും ആയിരുന്നു.
എന്നാല്‍, ഇന്ത്യന്‍ മുസ്ലീം സമൂഹത്തില്‍ ആന്തരികമായി ഉറവ കൊണ്ടിരിക്കുന്ന ഒരു സവിശേഷ ഊര്‍ജ്ജപ്രവാഹത്തെ ആരും കണ്ടെന്നു നടക്കിയോ, വിശകലനം ചെയ്യുകയോ, ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ല. ഇസ്ലാം സെമിത്തേരിയുടെ വിസി സ്ഥാനത്തു നിന്നും മൗലാനാ വാസ്തന്‍വി നീക്കപ്പെട്ട സംഭവം മുസ്ലീം സമുദായത്തിന്റെ ന്യൂക്ലിയസില്‍ ഉരുവായിരിക്കുന്ന നവീന ബലചലനത്തിന്റെ പുറമേ പ്രത്യക്ഷമായ പ്രകമ്പനമാണ്. രാമജന്മഭൂമി ടൈറ്റില്‍ സ്യൂട്ടില്‍ അലഹബാദ് ഹൈക്കോടതി വിധിയെത്തിക്കഴിഞ്ഞു. മുസ്ലീം തീവ്രവാദികളില്‍നിന്നും ഇടതു ആക്ടിവിസ്റ്റുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ശബ്ദങ്ങള്‍ മുഹമ്മദീയര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന് അലയടിച്ചിരുന്നു. ഐജാസ് ഇല്‍മി തൊട്ട് ക്യൂഡബ്ല്യൂ നഖ്വിവരെയും റഷീതാ ഭഗത് തൊട്ട് സെയ്ദ് യഹ്യാബുഹാരി വരെയുമുള്ള വിശിഷ്ടവ്യക്തികളില്‍ പൊതുവായി നാം ദര്‍ശിച്ചത് ഇന്ത്യന്‍ മുസ്ലീം സമൂഹത്തിലെ ഭാവിതലമുറകളുടെ ഭൗതിക ജീവിതാഭിലാഷങ്ങള്‍ക്കു പരമപ്രാധാന്യം കൊടുക്കണമെന്ന ഭാവാത്മകവികാരതാരള്യമാണ്. ഇതേ സെന്റിമെന്റ് തന്നെയാണ് മൗലാനാ വാസ്തന്‍വിക്ക് ദിയോബന്തിലെ മരത്തലയന്മാര് പുറത്തേക്കുള്ള വാതില്‍ കാട്ടിക്കൊടുക്കാന്‍ ഹേതുവായതും. കോണ്‍ഗ്രസിനു പരുക്കേല്‍പ്പിച്ചുകൊണ്ട് ആസ്സാമില്‍ 18 നിയമസഭാസീറ്റുകള്‍ നേടിയ പുരോഗമന മുസ്ലീം പാര്‍ട്ടിയായ ഓള് ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ വളര്‍ച്ചക്കും നിദാനമായി വര്‍ത്തിക്കുന്നത് മേല്പറഞ്ഞ മുസ്ലീം ഡൈനാമിക് തന്നെയാകുന്നു. മുസ്ലീങ്ങള്‍ ഇരകളാണെന്ന സിദ്ധാന്തത്തിനെ കാര്‍ക്കിച്ചു തുപ്പികൊണ്ട് അന്നവസ്ത്രാദികളില്‍ കേന്ദ്രീകൃതമായ ഒരു നവമുസ്ലീം രാഷ്ട്രീയമാണ് ആസാമില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.
മറുവശത്ത്, ഈ ഭാവാത്മക ഊര്‍ജ്ജ പ്രവാഹത്തിന്റെ വിപരീത പ്രവാഹമായ ഗാഢ ഇസ്ലാമികവത്കരണത്തിന്റെ പ്രതിരൂപമാണ് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട്. കേരളത്തില്‍ ഒരു ലക്ചററുടെ കൈവെട്ടിയതും ബംഗാളില്‍ ബുര്‍ഖയുടെ പേരില്‍ ഒരു വനിതാ ലക്ചററെ പീഡിപ്പിച്ചതും ഈ റാഡിക്കല്‍ യാഥാസ്ഥിതിക മുസ്ലീം അജണ്ടയുടെ ബഹിര്‍സ്ഫുരണങ്ങളാകുന്നു.
ഈ രണ്ടു വികാസധാരകളുടെയും ആകെത്തുകയെടുത്ത് വ്യാഖ്യാനിച്ചാല്‍, മുഹമ്മദീയ സമുദായത്തിനുള്ളില്‍ തലമുറ വിടവിന്റേതായ ഒരു ചിത്രം തളിഞ്ഞു കാണാവുന്നതാണ്. ഈ തലമുറ വിടവിന്റെ ഒരു പ്രത്യക്ഷപ്രത്യാഘാതം രണ്ടു പുത്തന്‍ ശക്തികളുടെ ആവിര്ഭാവങ്ങളാണ്. രണ്ടു വ്യത്യസ്ത വീക്ഷണകോണുകളിലൂടെ സമുദായത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വ്യക്തികളും (കേരളത്തിലെ ഉദാഹരണങ്ങള്‍ ഹമീദ് ചേണ്ടമംഗലൂര്‍, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്) സംഘടനകളും ആഗോളതലത്തില്‍ മുസ്ലീങ്ങള്‍ ഇരകളാക്കപ്പെടുന്നുവെന്ന കഥപറച്ചിലിന്റെ അപ്പുറത്തേക്കു നോക്കാന്‍ ധൈര്യപ്പെടുകയും മുസ്ലീം സ്വത്വം നിലനിറുത്തിക്കൊണ്ടുതന്നെ പുത്തന്‍ സമ്പദ്വ്യവസ്ഥയില് പങ്ക് ആവശ്യപ്പെടുകയും ചെയ്യുന്ന തലമുറയാണ് ആദ്യപക്ഷം. ഇരസിദ്ധാന്തത്തെ മാറോടുചേര്‍ത്തു പിടിക്കുകയും പാക്കിസ്ഥാനില്‍ നിന്നയക്കുന്ന വാചാടോപത്തിനോട് അപകടകരമാം വണ്ണം അടുത്തു നില്‍ക്കുകയും ചെയ്യുന്ന കൂട്ടരാണ് രണ്ടാമത്തെ പക്ഷം.
ഈ രണ്ടുനവീന ടീമുകളും നിലവിലിരിക്കുന്ന വ്യവസ്ഥിതിയും തമ്മിലാണ് ത്രികോണ പോരാട്ടം ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഇന്ത്യയിലെ മധ്യവലതുപക്ഷത്തിന്റെ വീക്ഷണകോണില്‍ കൂടി ഈ മുസ്ലീം ചലനാത്മകതയെ ശരിയാംവണ്ണം വിലയിരുത്താനാവില്ല. വലതുപക്ഷത്തോട്ടു ചായുന്ന വിശാല രാഷ്ട്രീയ പ്രസ്ഥാനത്തിന്, പ്രത്യേകിച്ചു ബിജെപിക്ക് ഈ മുസ്ലീം ഡൈനാമിക്കിനെ തിരിച്ചറിയാനോ, അതിനെ ഉള്‍ക്കൊള്ളാനോ വേണ്ടത്ര ധൈര്യമില്ല. ഈ കപട അധൈര്യത്തിനു നിദാനം മുസ്ലീം താത്പര്യങ്ങളുടെ വേലിയേറ്റം ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിനു കാരണമാകുമെന്ന പ്രത്യാശയാണ്.
ഈ പ്രത്യാശ ആസ്സാമിലും കേരളത്തിലും ഇയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പൂവിടുകയുണ്ടായില്ല. മതങ്ങളെ ചുറ്റിപ്പറ്റി വോട്ടേകീകരണം കുറച്ചൊക്കെ സംഭവിച്ചെങ്കിലും അതിന്റെ സ്വാഭാവിക ഗുണഭോക്താവ് ബിജെപി ആയിരുന്നില്ല. മുസ്ലീം ഡൈനാമിക്കിന്റെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന രാഷ്ട്രീയാവസരത്തെ തിരിച്ചറിയാനും, മുസ്ലീം സമൂഹത്തിലെ എസ്റ്റാബ്ലിഷ്മെന്റിനെ (മുസ്ലിം ലീഗു പോലുള്ള ശക്തികളെ) പാര്‍ശ്വവത്ക്കരിച്ചുകൊണ്ടും മൗലികവാദികളെ (ജമാഅത്തെ ഇസ്ലാമി പ്രഭൃതികളെ) ഒറ്റപ്പെടുത്തിക്കൊണ്ടും മുസ്ലീം പുരോഗമനേച്ഛുക്കളെ ഉള്‍ക്കൊള്ളവാന്‍ കഴിയാത്തതാണ് ബിജെപിയുടെ പരാജയം. ഈ രണ്ടു ശക്തികള്‍ക്കും ഒത്തു ചേര്‍ന്നു നില്ക്കാവുന്ന ഒരു പ്ലാറ്റ്ഫോം കണ്ടെത്തിയാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മൂന്നാമതും അധികാരത്തിലെത്തുന്നത് തടയാനാവില്ലേ?
അടുത്തു വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുസ്ലീം വോട്ടുകള്‍ക്കായുള്ള ഒരു ബഹിര്‍ മുഖയുദ്ധമായി മാറുകയാണ്. ഒരു യുദ്ധമുഖത്ത്, കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും മുസ്ലീങ്ങള്‍ പീഡിതരും അവശരുമാണെന്ന പരമ്പരാഗത ഉമ്മാക്കിയില്‍ ഊന്നി മുസ്ലീം വോട്ട് ഒന്നടങ്കം അടിച്ചു മാറ്റാന്‍ ഉന്നമിടുന്നു. മുസ്ലീം പെണ്‍കുട്ടികളെ ലാക്കാക്കി ആനുകൂല്യങ്ങള്‍ വാരിവിതറി മുസ്ലീംവോട്ടുകള്‍ അടങ്കലെടുക്കാനുള്ള പൂതിയിലാണ് മായാവതി. ആസാമിലെ ലിബറല്‍ മുസ്ലീം പാര്‍ട്ടിയായ എഐയൂഡിഎഫിന്റെ മാതൃകയില്‍ ചില പുത്തന്‍ മുസ്ലീം ഗ്രൂപ്പുകളും യുപി തെരഞ്ഞെടുപ്പു ഗോദയിലിറങ്ങാന്‍ തറ്റുടുക്കുന്നു.
ഈ എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന തിരക്കഥയില്‍ ബിജെപി ഒരു ധീരമായ ഗെയിമിന് തയ്യാറെടുക്കാത്തതെന്തേ? അതായത്, മുസ്ലീം വോട്ടുബാങ്കിനെ നിയന്ത്രിക്കുന്നത് ബിജെപിയെക്കുറിച്ചുള്ള ഭീതിയാണെന്ന യാഥാസ്ഥിതിക രാഷ്ട്രീയ പാഠത്തെ അവര്‍ക്ക് എന്തുകൊണ്ട് തിരുത്തിയെഴുതിക്കൂടാ?
ദിയോബന്ത് വിസി സ്ഥാനത്തേക്ക് മൗലാനാ വാസ്തന്‍വിയെ നിയമിച്ചതും, തുടര്‍ന്നു അദ്ദേഹത്തെ പുറത്താക്കിയതും ഇന്ത്യന്‍ മുസ്ലീം സമൂഹത്തില്‍ ഉയര് കൊണ്ടിരിക്കുന്ന പുത്തന്‍ ഡൈനാമിക്കിനെ അവതീര്‍ണമാക്കിയിരിക്കുന്നു. ആ ഡൈനാമിക് രണ്ടു വീക്ഷണധ്രുവങ്ങള്‍ക്കിടയിലാണു രൂപം കൊള്ളുന്നതും. ആദ്യത്തെ കൂട്ടര് ഇരസിദ്ധാന്തത്തിന്റെ കഥകള്‍ ആവര്‍ത്തിക്കാന്‍ ചരിത്രസിദ്ധമായ സ്റ്റെറിയോടൈപ്പുകളെ മുറുകെ പിടിക്കുന്നു. രണ്ടാം ഗോത്രക്കാരാകട്ടെ, സ്റ്റെറിയോടൈപ്പുകളുടെ പിടിയില്‍ നിന്നും കുതറിമാറി സാമ്പത്തികോന്നമന അവസരങ്ങളെ ചാടിപ്പിടിക്കാന്‍ ഇരസ്വത്വത്തെ വെടിയുന്നു. ആദ്യത്തേതിനെ വെല്ലുവിളിച്ചുകൊണ്ട് രണ്ടാമത്തേതിനെ കൂട്ടത്തില്‍ കൂട്ടാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറുണ്ടോ?
ശശിശേഖര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: