പള്ളുരുത്തി: കൊച്ചി കേന്ദ്രമാക്കി ക്രൂലീസ് ട്രിപ്പുകള്‍ നടത്തുന്ന അമിറ്റ എന്ന കപ്പല്‍ ലക്ഷദ്വീപ് യാത്രറദ്ദാക്കിയതിനെത്തുടര്ന്ന് പ്രകോപിതരായ യാത്രക്കാര്‍ കപ്പലിന്റെ ഐലന്റിലുള്ള താല്‍ക്കാലിക ഓഫീസ് അടിച്ചുതകര്‍ത്തു. ഞായറാഴ്ച വൈകീട്ട് 5ന് ലക്ഷദ്വീപിലേക്ക് പുറപ്പെടേണ്ടിയിരുന്ന കപ്പലില്‍ കയറുന്നതിനായി ഉച്ചമുതല്‍ തന്നെയാത്രക്കാര് എത്തിയിരുന്നു. വടക്കേഇന്ത്യക്കാരായ യാത്രക്കാരാണ് കപ്പല്‍ ബുക്കുചെയ്തിരുന്നവരില് ഏറെയും. ഇന്ധനം ഇല്ലാത്തതിനാല്‍ കപ്പല്‍ യാത്ര റദ്ദാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചയുടനെ പ്രകോപിതരായ യാത്രക്കാര്‍ കപ്പലിന്റെ ഓഫീസിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഉപകരണങ്ങള്‍ പലതും അടിച്ചുതകര്‍ക്കുകയും ചെയ്തു. യാത്രക്കായി എത്തിയിരുന്നവരില്‍ പലരും നേരത്തേതന്നെ കൊച്ചിയിലുള്ള ഹോട്ടലുകളില്‍ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു.
കുടുംബത്തോടും കുട്ടികളോടുമൊപ്പം എത്തിയ ഇവര്‍ കപ്പല്‍യാത്ര റദ്ദാക്കിയതോടെ നിയന്ത്രണം വിട്ട് അക്രമാസക്തരാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഹാര്‍ബര്‍ എസ്ഐ ബിജോയ് ചന്ദ്രന് കപ്പലിലെ യാത്രക്കാരുമായി ചര്‍ച്ചനടത്തുകയും യാത്ര വേറൊരു സമയത്തേക്ക് മാറ്റാമെന്ന് കപ്പല്‍ കമ്പനി അധികൃതരുടെ ഉറപ്പും ലഭിച്ചതോടെ യാത്രക്കാര്‍ ശാന്തരാവുകയായിരുന്നു. 800 ഓളം യാത്രക്കാര്‍ക്ക് യാത്രചെയ്യാവുന്ന കപ്പലാണ് ഇന്നലെ യാത്രക്കായി ഒരുങ്ങിയത്. കപ്പല്‍ ഇന്ന് തുടര്‍യാത്രക്ക് സജ്ജമാകുമെന്ന് കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: