ഡാമസ്കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍അസദിന്റെ അനുയായികള്‍ തങ്ങളുടെ ഡമാസ്കസിലുള്ള നയതന്ത്ര കാര്യാലയം ആക്രമിച്ചതിനെ സൗദിഅറേബ്യ അപലപിച്ചു. അറബ് ലീഗിന്റെ യോഗങ്ങളില്‍നിന്ന് സിറിയയെ സസ്പെന്റ് ചെയ്യാന്‍ സൗദി,ഖത്തര്‍ രാഷ്ട്രങ്ങള്‍ വോട്ട് ചെയ്തതില്‍ പ്രതിഷേധിച്ചാണിത്. ഇരുരാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെയും ക്ഷുഭിതരായ ജനക്കൂട്ടം കല്ലേറ് നടത്തി. തങ്ങളുടെ നയതന്ത്ര കാര്യാലയത്തിന് മതിയായ സംരക്ഷണം ഏര്‍പ്പെടുത്താത്ത സിറിയയുടെ നടപടിയെ സൗദിഅറേബ്യ കുറ്റപ്പെടുത്തി.
സര്‍ക്കാരിനെതിരെ പ്രകടനം നടത്തുന്നവരെ ക്രൂരമായി നേരിട്ടതിനും അടിച്ചമര്‍ത്തുന്നതിനും എതിരെയായിരുന്നു അറബ് ലീഗില്‍ വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ഇത്തരമൊരു വോട്ടെടുപ്പ് ലീഗിന്റെ സ്വഭാവത്തില്‍തന്നെ വ്യതിയാനം വരുത്തുന്നതായും അവര്‍ പടിഞ്ഞാറന്‍ നാടുകളുടെ പ്രത്യേകിച്ച് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും സിറിയന്‍ അധികൃതര്‍ ആരോപിക്കുന്നു.
അറബ് ലീഗിലെ വോട്ടെടുപ്പിന്റെ ഫലം അറിഞ്ഞയുടനെ പ്രകടനങ്ങള്‍ സൗദി, ഖത്തര്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. ഇവയെ കൂടാതെ ഡമാസ്കസിലുള്ള ഫ്രഞ്ച്, തുര്‍ക്കി കാര്യാലയങ്ങളും ആക്രമിക്കപ്പെട്ടു. തങ്ങളുടെ നയതന്ത്ര കാര്യാലയത്തിന് നേരെ കല്ലേറുണ്ടായതായി സൗദി ന്യൂസ് ഏജന്‍സി അറിയിച്ചു. ചില പ്രകടനക്കാര്‍ അകത്തുകടന്ന് വാതിലുകളും ജനലുകളും തകര്‍ത്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൗദി സര്‍ക്കാര്‍ ഈ അക്രമത്തെ അപലപിക്കുന്നതായും തങ്ങളുടെ നയതന്ത്ര കാര്യാലയത്തിന്റെ സുരക്ഷ സിറിയയുടെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാര്‍വിരുദ്ധ പ്രകടനക്കാര്‍ ഖത്തര്‍ എംബസി കെട്ടിടത്തിന് മുകളിലെ പതാക മാറ്റി സിറിയന്‍ പതാക സ്ഥാപിച്ചു. മാര്‍ച്ച് മുതല്‍ നടന്നുവരുന്ന ആഭ്യന്തര യുദ്ധം മൂലം രണ്ട് എംബസികളിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വേനല്‍ക്കാലത്തുതന്നെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചുപോയിരുന്നു.
ഖത്തറിന്റെ അധ്യക്ഷതയില്‍ 18 രാജ്യങ്ങളാണ് അറബ് ലീഗിലുള്ളത്. സിറിയയെ തങ്ങളുടെ യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ടെന്നും അവര്‍ക്കുമേല്‍ നിയന്ത്രണമേര്പ്പെടുത്തണമെന്നുമായിരുന്നു യോഗതീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: