ജീവിതത്തിന്റെയും, സംഭവങ്ങളുടെയും അസ്ഥിരതയെക്കുറിച്ച് ബോധമുണ്ടാകുമ്പോള്‍, മാറ്റമില്ലാതെ നമ്മില്‍ എന്തോ ഒന്ന് നിലനില്‍ക്കുണ്ടെന്ന് അറിയാന്‍ കഴിയും. നമ്മളിലെ മാറ്റമില്ലാത്ത ആ കേന്ദ്രബിന്ദുവില്‍ എത്തിയാല്‍ മനസ്സിലാകും. മേറ്റ്ല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന്. ‘ഉണ്മ’ എന്ന ആ കേന്ദ്രബിന്ദുവിലാണ് നിങ്ങള്‍ കുടികൊള്ളുന്നത്. അതാണ് ജീവന്റെ ഉറവിടം. അതാണ് ബുദ്ധി. എന്നാല്‍ അത്മസത്തയില് വര്‍ത്തിക്കുന്നവരെ ലോകം കിറുക്കന്മാരെന്ന് വിളിക്കുന്നു. യഥാര്‍ത്ഥ ബുദ്ധിമാന് ഭൗതികലോകത്തിന്റെ ദൃഷ്ടിയില് തികഞ്ഞ വിഡ്ഡിയാണ്. സ്വതന്ത്രമായി ചന്തിച്ച എല്ലാ ബുദ്ധിമാന്മാരെയും ലോകം ഒരുകാലത്ത് വിഡ്ഡികളായാണ് നോക്കിക്കണ്ടത്. ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് ഗലീലിയോ പറഞ്ഞപ്പോള്‍, എല്ലാവരും അദ്ദേഹത്തെ വിഡ്ഡിയെന്ന് വിളിച്ചു. ലോകത്തോട് സത്യം തുറന്നുപറയുന്ന ഒരു യഥാര്‍ത്ഥ വിഡ്ഡിക്ക് വിശ്രാന്തിയും, സ്വാതന്ത്ര്യവും, ആനന്ദവുമുണ്ട്. തനിക്ക് ലഭിക്കുന്ന ഭൗതികമോ, ആത്മീയമോ ആയ ഒരു ലാഭത്തെക്കുറിച്ചും ചിന്താകുലനല്ല അദ്ദേഹം. വാസ്തവത്തില്‍ ഈ നേട്ടങ്ങള്‍ക്ക് യാതൊന്നും നല്‍കാനുള്ള കഴിവില്ല.
ഭൗതികലോകത്തിലെ ജീവിതാനുഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തെ ഭയക്കുന്നതുകൊണ്ടാണ് ആളുകള്‍ ഒരു ബന്ധനം വിട്ട് മറ്റൊന്ന് തെരയുന്നത്. സമൂഹം നിങ്ങെ വിഡ്ഡിയെന്നോ, കിറുക്കനെന്നോ വിളിച്ചുകൊള്ളട്ടെ. അതുകൊണ്ടെന്താണ്? നിങ്ങള്‍ സ്വന്തം സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക. നിങ്ങള്‍ക്കവിടെ ലാഭനഷ്ടങ്ങളില്ല. ജാഗ്രതയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ ചക്രത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും. അതിന് ആദ്യമായി ഈ ക്രമത്തെപ്പറ്റി ജാഗ്രതയുണ്ടാവുകയാണ് വേണ്ടത്. പിന്നെ വിരസമായ ഈ ചക്രത്തില്‍ നിന്ന് പുറത്തുകടക്കുക. സര്‍വ്വതന്ത്ര സ്വതന്ത്രരാകുക. സ്വാതന്ത്ര്യത്തിലേക്ക് എടുത്തുചാടുക. സ്വാതന്ത്ര്യത്തില്‍ ചരിക്കുന്ന ഒരു വിഡ്ഡിയാകാന്‍ സ്വയം സമ്മതിക്കുക. അനന്തതയെ അറിയുക. യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അനുഭവിക്കുക.
ഒന്നിനെയും ഭാരമായി കൊണ്ടുനടക്കരുത്. ആത്മീയസാധനകളെപ്പോലും ഭാരമാക്കരുത്. തികഞ്ഞ സ്വാതന്തര്യത്തോടെയാവണം അവ ചെയ്യേണ്ടത്. പ്രേമമാണ് സര്‍വ ആദ്ധ്യാത്മിക സാധനയുടെയും തുടക്കം. നിറഞ്ഞ പ്രേമമുള്ളപ്പോള്‍ സാധനകള്‍ ബാധ്യതയാകുന്നില്ല.
ശ്വാസത്തെ പവിത്രമാക്കി വയ്ക്കൂ. ശ്വാസത്തെ സര്‍വഭയങ്ങളില്‍ നിന്നും മുക്തമാക്കിവയ്ക്കൂ. ശ്വാസം നിങ്ങളുടെ ജീവിതത്തിന്റെ സത്താണ്. നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. നിങ്ങളുടെ ഉണ്മ തന്നെ പ്രാര്‍ത്ഥനയാണ്. ഓരോ ശ്വാസവും പ്രാര്‍ത്ഥനയായി മാറുന്നു. ഹൃദയം നിറഞ്ഞ കൃതജ്ഞതയോടെയുള്ള ഓരോ നോട്ടവും പ്രാര്‍ത്ഥനയായി മാറുന്നു.
സമുദ്രത്തിന്റെ അടുത്തുചെന്ന് അതിന്റെ അപാരതയും, അഗാധതയും അനുഭവിച്ചറിയൂ. അതിന്റെ വശ്യമായ പ്രശാന്തതയെയും അതില്‍ നിന്നുയരുന്ന ഭീമാകാരങ്ങളായ തിരമാലകളെയും നോക്കൂ. ഈ നിമിഷത്തില്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും പ്രാര്‍ത്ഥനയുണരുന്നു.
– ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: