മലയാളത്തിലെ ഇപ്പോഴത്തെ തരംഗം സന്തോഷ് പണ്ഡിറ്റാണ്. കൂക്കു വിളികളിലൂടെ നേടിയ ‘നെഗേറ്റെവ് പബ്ലിസിറ്റി’യിലൂടെ ഒരാള്‍ താരമായ കഥയാണ് സന്തോഷ് പണ്ഡിറ്റിന്റേത്. തീയറ്ററില്‍ സന്തോഷിറ്റിന്റെ സിനിമ കാണാന്‍ ജനം തിക്കിതിരക്കുന്നു. യു ട്യൂബിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും സന്തോഷ് പണ്ഡിറ്റിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പെരുകുന്നു. സന്തോഷ് പണ്ഡിറ്റെന്ന് യു ട്യൂബില്‍ അന്വേഷിച്ചു നോക്കൂ. കണ്ടാല്‍ അറയ്ക്കുന്ന, ഒട്ടും കലാമൂല്യമില്ലാത്ത ചില പാട്ടുരംഗങ്ങള്‍ മുന്നിലേക്കു വരും. അതിനെ പാട്ടെന്നോ സിനിമയിലെ രംഗങ്ങളെന്നോ പറയാന്‍ കഴിയില്ല. ഈ ഗാനങ്ങള്‍ കാണാന്‍ ഭാഗ്യമുണ്ടായ ആയിരക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ സന്തോഷ് പണ്ഡിറ്റിനെ കണക്കറ്റു തെറിവിളിച്ചു. പാട്ടിനെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴി പ്രചരിച്ചു കൊണ്ടിരുന്നു.
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി സ്വദേശിയായ ഈ യുവാവ് ലക്ഷ്യമിട്ടത് എന്തെന്ന് അറിയാതെ ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് യു ട്യൂബിലും മറ്റുമായി സന്തോഷിന്റെ ഗാനങ്ങളും സിനിമാ രംഗങ്ങളും കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹം സ്വന്തമായി പലകാര്യങ്ങള്‍ ചെയ്ത് പുറത്തിറക്കിയ ‘കൃഷ്ണനും രാധയു’മെന്ന സിനിമയിലെ പാട്ടു രംഗങ്ങള്‍ യു ട്യൂബ് വഴി പ്രചരിച്ചതാണ് പണ്ഡിറ്റിനെ പ്രശസ്തനോ കുപ്രശസ്തനോ ആക്കിയത്. ഒരു സിനിമയില്‍ ഏറ്റവും അധികം കാര്യങ്ങള്‍ ചെയ്തു എന്ന തിക്കുറിശ്ശി സുകുമാരന്‍ നായരുടെയും ബാലചന്ദ്രമേനോന്റെയും റെക്കോര്‍ഡുകള്‍ ‘കൃഷ്ണനും രാധയും’ എന്ന ഈ ചിത്രത്തിലൂടെ സന്തോഷ് പണ്ഡിറ്റ് തകര്‍ത്തുവെന്നാണ് അവകാശപ്പെടുന്നത്. ഗാനങ്ങള്‍, സംഗീതം, കലാസംവിധാനം, ചിത്രസംയോജനം, പശ്ചാത്തലസംഗീതം, എഫക്ട്സ്, ആലാപനം, കഥ, തിരക്കഥ, സംഭാഷണം, വസ്ത്രാലങ്കാരം, ഗ്രാഫിക്സ്, പ്രൊഡക്ഷന്‍ ഡിസൈനിങ്, നിര്‍മാണം, സംവിധാനം എന്നീ 15 കാര്യങ്ങളാണ് സന്തോഷ് പണ്ഡിറ്റ് തനിയെ ചെയ്തിരിക്കുന്നത്. ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും തനിക്കിടം കിട്ടുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയ കൂട്ടം പണ്ഡിറ്റിനെ നന്നായി ആസ്വദിച്ചപ്പോള്‍ കേരളത്തിലെ മാധ്യമ സമൂഹത്തിന് വെറുതെയിരിക്കാനായില്ല. സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് അവര്‍ വാര്‍ത്തകള്‍ നല്കി. പൊടിപ്പും തൊങ്ങലും ചാര്‍ത്തിയ വാര്‍ത്തകള്‍ വായിച്ചവര്‍ പണ്ഡിറ്റിനെക്കുറിച്ച് നെറ്റില്‍ അന്വേഷണങ്ങള്‍ തുടങ്ങി. അങ്ങനെ ഓരോരുത്തരും പാട്ടുകള്‍ കേള്‍ക്കാനും രംഗങ്ങള്‍ കാണാനും തുടങ്ങി.
ഗാനങ്ങള്‍ ലക്ഷക്കണക്കിന് മലയാളികള്‍ നെറ്റില്‍ പല തവണ കണ്ടപ്പോഴും ഡൗണ്‍ലോഡ് ചെയ്തപ്പോഴും കോളടിച്ചത് സന്തോഷ് പണ്ഡിറ്റിനാണ്. അദ്ദേഹത്തിന്റെ കീശയിലേക്ക് ഒഴുകിയത് ലക്ഷങ്ങള്‍. ഡോളര്‍ നിരക്ക് രൂപയിലേക്ക് മാറുമ്പോള്‍ യൂ ട്യൂബിലെ ഒരു ക്ലിക്കിന് നാല് രൂപ മുതല്‍ ഇരുനൂറ്റിയന്‍പത് രൂപ വരെ കിട്ടുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഇതേവരെയുള്ള ക്ലിക്ക് നോക്കിയാല്‍ അമ്പത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ ഗൂഗിളില്‍ നിന്ന് സന്തോഷിന് ലഭിക്കാം. ഇപ്പോള്‍ തീയറ്ററുകളില്‍ നിറഞ്ഞോടുന്ന പണ്ഡിറ്റിന്റെ കൃഷ്ണനും രാധയുമെന്ന സിനിമയുടെ വരുമാനം ഈ കണക്കില്‍ കൂട്ടിയിട്ടില്ല. വെറും അഞ്ചര ലക്ഷം രൂപയ്ക്കാണ് ‘കൃഷ്ണനും രാധ’യുമെന്ന വൈകൃത സിനിമ സൃഷ്ടിച്ചത്.
സന്തോഷ് പണ്ഡിറ്റിന് പ്രസിദ്ധിയും കുപ്രസിദ്ധിയും നേടിക്കൊടുത്ത നമ്മുടെ നാട്ടിലെ പത്രമാധ്യമങ്ങള്‍ക്ക് സന്തോഷ് കൈക്കൂലി നല്‍കിയോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പത്തു ലക്ഷം വായനക്കാരുണ്ടെന്നവകാശപ്പെടുന്ന പത്രം വരെ നിരവധി പേജുകളാണ് ഇയാള്‍ക്കുവേണ്ടി മാറ്റിവയ്ക്കുന്നത്.
തന്റെ സിനിമയ്ക്ക് വിതരണക്കാരനെ ലഭിക്കില്ലെന്ന് സന്തോഷിനറിയാം. അതിനാല്‍ തീയറ്റര്‍ വാടകയ്ക്കെടുത്ത് സ്വന്തം സിനിമ ജനങ്ങളെ കാണിക്കാന്‍ തീരുമാനിച്ചു. എറണാകുളത്ത് സിനിമയെത്തുമ്പോള്‍ പത്രങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും വലിയ പരസ്യം നല്കിക്കഴിഞ്ഞിരുന്നു. അതിനാല്‍ സന്തോഷ്പണ്ഡിറ്റിന്റെ സിനിമയെന്തെന്നറിയാല് ജനം തിക്കിത്തിരക്കി. തീയറ്ററിലെ തിരക്കു കണ്ട് ഏവരും അത്ഭുതപ്പെട്ടു. സിനിമ തീയറ്ററിലെത്തിയതിന്റെയും ജനത്തിരക്കിന്റെയുമെല്ലാം വാര്‍ത്തകള്‍ പത്രങ്ങള്‍ കൊടുത്തു കൊണ്ടിരുന്നു. സന്തോഷ് പണ്ഡിറ്റ് ആര്‍ക്കും തന്റെ സിനിമയുടെ പരസ്യം നല്‍കിയില്ല. എന്നാല്‍ പത്രങ്ങള്‍ വാര്‍ത്തകളെഴുതി സിനിമയെയും പണ്ഡിറ്റിനെയും സൂപ്പര്‍ഹിറ്റാക്കി.
മലയാള സിനിമയുടെ ചരിത്രത്തിലിന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സ്വീകാര്യതയാണിതിന് കിട്ടിയത്. രണ്ടോ മൂന്നോ തിയറ്ററുകള്‍ വാടകയ്ക്കെടുത്തു പ്രദര്‍ശിപ്പിക്കുന്ന സിനിമ കാണാനുള്ള തിരക്കും ഈ സിനിമ സൂപ്പര്‍ ഹിറ്റാണെന്ന ചാനല്‍ വാര്‍ത്തകളും കണ്ട് ഒന്നുമറിയാത്ത പ്രേക്ഷകര്‍ തിയറ്ററിലേക്ക് പാഞ്ഞു. തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ കൈരളി തീയറ്ററിലാണ് കൃഷ്ണനും രാധയും പ്രദര്‍ശിപ്പിച്ചത്. ഷാരൂഖ്ഖാന് അഭിനയിച്ച ബിഗ് ബജറ്റ് ചിത്രം റാ-വണ്‍ മാറ്റിയിട്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ പ്രദര്‍ശിപ്പിച്ചത്. കോളേജ് വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമെല്ലാം തീയറ്ററിലേക്ക് പ്രവഹിച്ചു. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധനായ ഒരു പത്രപ്രവര്ത്തകന് സിനിമ കണ്ടിറങ്ങിയ ശേഷം പങ്കുവച്ച അഭിപ്രായം ഏറെ രസകരമായിതോന്നി. വ്യത്യസ്തമായ സിനിമാനുഭവമെന്നായിരുന്നു അത്. മാധ്യമങ്ങള്‍ പണ്ഡിനെ വാഴ്ത്തി ഇനിയെന്തെല്ലാം എഴുതാനിരിക്കുന്നു എന്നതിന്റെ മുന്നറിയിപ്പായി തോന്നി ആ വാക്കുകള്‍.
നാല്പതോ അന്‍പതോ രൂപ നല്കി ഒരു സിനിമാ തീയറ്ററില്‍ കയറി തെറിപറയാനുള്ള സ്വാതന്ത്ര്യമാണ് ‘കൃഷ്ണനും രാധയും’ എന്ന ചലച്ചിത്രത്തിലൂടെ മലയാളി പ്രേക്ഷനു സന്തോഷ്പണ്ഡിറ്റ് സമ്മാനിച്ചത്. ഒരു തറ സിനിമയ്ക്കാണ് തങ്ങള്‍ ടിക്കേറ്റ്ടുക്കുന്നത് എന്നറിഞ്ഞു കൊണ്ടാണ് പ്രേക്ഷകര്‍ തീയറ്ററിലേക്കെത്തുന്നത്. സ്ക്രീനില്‍ രംഗങ്ങള്‍ കാണുമ്പോള്‍ തലകുനിച്ചിരിക്കേണ്ടിവരികയോ അല്ലെങ്കില്‍ ഇറങ്ങിപ്പോകുകയോ ചെയ്യാന്‍ തോന്നുന്ന രംഗങ്ങള്‍ വരുമ്പോള്‍ പ്രേക്ഷകന് തീയറ്ററിനുള്ളില്‍ ആനന്ദ നൃത്തം നടത്തുന്ന കാഴ്ചയാണ് ഉണ്ടായത്. സ്ക്രീനിനുമുന്നില്‍ കയറി നിന്നും അവര്‍ തങ്ങളുടെ ആഹ്ലാദം പങ്കുവച്ചു. രണ്ടരമണിക്കൂര്‍ പ്രേക്ഷകന് തീയറ്ററിനുള്ളിലിരുന്ന് കൂക്കു വിളിക്കുന്നു. തീയറ്ററിലേക്ക് പെണ്‍കുട്ടികള്‍ കൂട്ടമായാണെത്തുന്നത്. അവരും കൂക്കിവിളിച്ച് നൃത്തം ചെയ്തു.
വൈകൃതം കാട്ടിയും ഒരാള്‍ക്ക് പ്രശസ്തനാകാമെന്ന് തെളിയിക്കുകയാണിവിടെ. വൈകൃതത്തെ പ്രൊത്സാഹിപ്പിക്കാനും ആദരിക്കാനും മാധ്യമങ്ങളുമുണ്ടാകുന്നു. സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖമെടുക്കാനും ഫീച്ചറുകളെഴുതാനും തയ്യാറായ മാധ്യമ സമൂഹം കേരളത്തിലെ സിനിമാ പ്രേക്ഷകനെ കളിയാക്കുകയോ അധിക്ഷേപിക്കുകയോ ആയിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. സന്തോഷ് പണ്ഡിറ്റിനെ കേരളത്തിലെ സൂപ്പര്സ്റ്റാറാക്കാനും ഈ മാധ്യമങ്ങള്‍ക്കു കഴിയും.
ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയ കേരളത്തില്‍ ഇപ്പോള്‍ അരാജകത്വത്തിന്റെ പിടിയിലാണെന്നും അതിലൂടെ സന്തോഷ്പണ്ഡിറ്റിന് ലഭിച്ച പ്രശസ്തി വ്യക്തമാക്കുന്നു. അഴിമതിക്കും ഏകാധിപത്യത്തിനുമെതിരായ മുല്ലപ്പൂ വിപ്ലവം പ്രചരിപ്പിച്ച മഹത്തായ മാധ്യമമാണ് ഒരു കൂട്ടം മലയാളികളുടെ കയ്യിലെത്തിയപ്പോള്‍ വൈകൃതങ്ങളെ പ്രചരിപ്പിക്കാനുള്ള തരംതാഴ്ന്ന നിലയിലേക്കായത്.
‘കൃഷ്ണും രാധയും’ കാണാന്‍ തീയറ്ററിലെത്തിയ പ്രേക്ഷകരെല്ലാം ഇതൊരു തല്ലിപ്പൊളി സിനിമയാണെന്ന തിരിച്ചറിവുണ്ടായിരുന്നവരാണ്. എന്നിട്ടും സിനിമകാണാന്‍ അവരെത്തി. മുമ്പ് അശ്ലീല സിനിമയ്ക്ക് തിക്കിത്തിരക്കിയിരുന്നവര് ഇപ്പോള്‍ ഇത്തരം വൈകൃതങ്ങളെ ആശ്ലേഷിക്കാനെത്തുന്നു. തീയറ്ററിലിരുന്ന് പച്ചത്തെറിവിളിക്കാനും കൂകിത്തെളിയാനും അന്‍പതു രൂപ മുടക്കാം എന്ന മാനസികാവസ്ഥയിലേക്കെത്തിയ മലയാളി പ്രേക്ഷകനെ മാനസിക രോഗി എന്നല്ലാതെ എന്തുവിളിക്കാന്‍ കഴിയും.
ഇപ്പോഴത്തെ ഭയം മറ്റൊന്നുമല്ല, അടുത്തമാസം തിരുവനന്തപുരത്തു നടക്കുന്ന കേരളത്തിന്റെ അഭിമാനമായ ചലച്ചിത്രോത്സവത്തില്‍ സന്തോഷ് പണ്ഡിറ്റും അയാളുടെ സിനിമയും തരംഗമായി മാറുമോ എന്നതാണ്. വൈകൃതങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി ചലച്ചിത്രോത്സവത്തെയും മാറ്റാന്‍ ചിലരെങ്കിലും ശ്രമിച്ചു കൂടായ്കയില്ല. അതിനും മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: