നമ്മുടെ വിദ്യാഭ്യാസാസൂത്രണം ഇന്നും മെക്കാളയുടെ ഭൂതത്തിന്റെ പിടിയിലാണ്. മൊറാര്‍ജി ദേശായിയുടെ കാലത്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ ഒരു യോഗം ദല്‍ഹിയില്‍ കൂടിയിരുന്നു. പ്രൈമറി തലം മുതല്‍ ഗവേഷണ തലംവരെ മാതൃഭാഷ മാധ്യമമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി അതില്‍ സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍ ബിരുദാനന്തര തലത്തില്‍ അത് തുടരേണ്ടതില്ലെന്ന തീരുമാനത്താല്‍ സമ്മേളനം സമാപിച്ചു.
1962 ല്‍ ദേശീയോദ്ഗ്രഥന സമിതി ശുപാര്‍ശ ചെയ്ത സംഗതി മറക്കാവതല്ല. നമ്മുടെ വിദ്യാഭ്യാസ മാധ്യമം ആംഗലേയ ഭാഷയുടെ പിടിയില്‍നിന്ന് മാതൃഭാഷയുടെ മടിത്തട്ടിലേക്കാഴ്ന്നിറങ്ങണം. വിദ്യാഭ്യാസ ആസൂത്രണത്തില്‍ മാധ്യമത്തിനുള്ളസ്ഥാനം നിസ്സാര വര്ക്കരിക്കാനാകുന്നതല്ല. മാധ്യമപരിവര്ത്തനം മാതൃഭാഷകളിലായാല് സാങ്കേതിക വിദ്യയിലും സാംസ്ക്കാരിക ബോധത്തിലും രാഷ്ട്രീയ നിലവാരത്തിലും ഒരുതരത്തിലുമുള്ള ആശങ്കയുമില്ല. ഭാരതീയ സര്‍വകലാശാലകളില്‍ അത്യാധുനിക സാങ്കേതിക വിദ്യകളും വിജ്ഞാനവും അതിന്റെ പരമാവധി ശക്തിക്കനുസരിച്ച് ഇനിയും വിനിയോഗിക്കാറായിട്ടില്ല.
കോത്താരി കമ്മീഷന്റെ ശുപാര്‍ശ തള്ളിക്കളയാവുന്നതല്ല. എല്ലാ നിലവാരത്തിലും വിദ്യാഭ്യാസ മാധ്യമം മാതൃഭാഷ ആയിരിക്കണമെന്ന് കമ്മീഷന് ഊന്നിപ്പറഞ്ഞ സംഗതിയും ശ്രദ്ധേയമാണ്. സര്‍വകലാശാല നിലവാരംവരെയെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തിനുപയോഗിക്കുന്ന മാധ്യമത്തില്‍നിന്ന് മാതൃഭാഷകളെ ഒഴിച്ചുനിര്ത്താവതല്ല. അതിനു വേണ്ടിയുള്ള നടപടികള്‍ ത്വരിതമാകാതെ പോയതിന്റെ ഭവിഷ്യത്തുകള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും വൈദേശികമായ ആശയത്തിന്റെ അനുസ്യൂത പ്രവാഹം സമാജത്തെ ആഴക്കയത്തിലേക്ക് വലിച്ചെറിയുന്നു.
വിദ്യാഭ്യാസ മാധ്യമമായി ഇംഗ്ലീഷ് ഇനിയും തുടരണമെന്നാരെങ്കിലും വാദിക്കുന്നുണ്ടെങ്കില്‍ അവരുടെ സമീപനം നമ്മുടെ സാധുജനോദ്ധാരണത്തേയും സാരമായി ബാധിക്കുന്നതാണ്. ഉച്ചനീചത്വത്തിന്റെ മറ്റൊരു ചങ്ങല അറിഞ്ഞോ അറിയാതെയോ അവര്‍ കൊരുത്തിടുകയാണ്. അതിന്റെ കൂച്ചുവിലങ്ങില്‍ നാമിനിയും പിന്നോട്ടുപോകാനിടവരും. മാതൃഭാഷകള്‍ക്ക് അത്യാധുനിക യുഗത്തിന്റെ അറിവുകള്‍ ഉള്‍ക്കൊള്ളാനുള്ള വാക്കുകള്‍ ആഗിരണം ചെയ്യാനാകുകയില്ലെന്നുള്ള മൗഢ്യവാദമാണ് പലര്‍ക്കുമുള്ളത്. സാമൂഹികവും ശാസ്ത്രീയവുമായ പദസങ്കേതങ്ങള്‍ മാതൃഭാഷയില്‍ ഉണ്ടാക്കുവാനും അവ ഉള്‍ക്കൊള്ളുവാനും അനുയോജ്യമായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുവാനും നമ്മുടെ മാതൃഭാഷകള്‍ക്ക് എക്കാലത്തും ഉണ്ടെന്നുള്ള സത്യം നാം മറന്നുകൂടാ. ഇനിയും നമ്മുടെ മാതൃഭാഷകളോരൊന്നും അത്തരം പദസങ്കേതങ്ങള്കൊണ്ട് സമ്പന്നമാവുകയില്ലെന്ന് ആര്‍ക്കു പറയുവാന്‍ സാധിക്കും. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ നമ്മുടെ മാതൃഭാഷകള്‍ ഓരോന്നും പരസ്പ്പര പൂരകങ്ങളാണ്. അവയെ നാം കണ്ടെത്തേണ്ടതേ ഉള്ളൂ. അതാകട്ടെ ലളിതവുമാണ്. ഭാഷയുടെ വികാസവും ആദാനപ്രധാനങ്ങളും ഇതിലൂടെ ധന്യാത്മകമാകും. സര്‍വകലാശാലാതലത്തിലും ഇത്തരം പരിശ്രമം ഗര്‍ഹണീയമാണ്. ഇത്തരത്തിലുള്ള പ്രയത്ന ഫലമായി കുറേ ഏറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് പ്രയോഗത്തില്‍ വരുത്തേണ്ടിയിരിക്കുന്നു. അക്കാദമികളും പഠനപുസ്തകകമ്മറ്റികളും പ്രകാശനം ചെയ്ത ഇത്തരം സാങ്കേതിക പദസമുച്ചയങ്ങള്‍ ശാസ്ത്രീയമായി മാനവിക വിഷയങ്ങളിലും മാതൃഭാഷകളിലും നിലവാരം പുലര്‍ത്തുന്നതാണെങ്കിലും ന്യൂനതകള്‍ കണ്ടെത്തി പരിഹരിക്കേണ്ടിയിരിക്കുന്നു.
മാതൃഭാഷാ മാധ്യമം അപൂര്‍വം ബുദ്ധിമതികള്‍ക്ക് ഒരു ബാധ്യതയായിത്തീര്ന്നേക്കാം. വിദേശത്തുപോകുന്നവര്‍ക്കും അവിടെ കുറേക്കാലത്തേക്കു താമസിക്കേണ്ടിവരുന്നവര്ക്കും ഈ ബുദ്ധിമുട്ട് അനുഭവമമാകാനിടയുണ്ട്. അത്തരക്കാര്‍ക്ക് ചുരുങ്ങിയ കാലയളവുകൊണ്ട് പ്രവര്‍ത്തിപരിചയത്തിലൂടെ പ്രാവര്‍ത്തിക ഭാഷ കരസ്ഥമാക്കാന്‍ വലിയ വിഷമം ഉണ്ടാവുകയില്ല. ബുദ്ധിമാന്മാരായ അനേകം ഭാരതീയര്‍ വിദേശങ്ങളില്‍ പഠനം നടത്തുന്നുണ്ട്. അവിടങ്ങളിലെയെല്ലാം ഭാഷ ഇംഗ്ലീഷായിരിക്കുകയില്ല. ഫ്രാന്‍സിലും മറ്റ് ഇംഗ്ലീഷിതര രാഷ്ട്രങ്ങളിലും എത്രയോ ഭാരതീയമനീഷികളിന്നും പഠനം തുടരുന്നു.
മാതൃഭാഷാ മാധ്യമത്തിലൂടെയുള്ള ഭരണവും നാം സ്വീകരിച്ചിരിക്കുന്നല്ലോ. അതുപോലെ മാതൃഭാഷാ മാധ്യമത്തിലൂടെയുള്ള പഠനം വിദ്യാര്‍ത്ഥികളില്‍ അറിവും കാര്യക്ഷമതയും വര്‍ധിപ്പിക്കും. അടിസ്ഥാനപരമായി ചിന്തിക്കുവാനും ആശയങ്ങള്‍ പ്രകടിപ്പിക്കുവാനുമുള്ള കരുത്ത് അവര്‍ക്ക് കൈവരും. ഇംഗ്ലീഷ് ഭാഷയുടെ അത്രയും വിഷമം ഒരു കാരണവശാലും മാതൃഭാഷ പ്രദാനം ചെയ്യുകയില്ല. ഭാഷ മാറിയാലും പ്രഥമചിന്തയും ഗ്രഹണവും മാതൃഭാഷയിലാണെന്നതുതന്നെയാണിതിന് കാരണം. വിഷയംഗ്രഹിക്കേണ്ടതിനേക്കാള് കൂടുതല്‍ ഇംഗ്ലീഷ് ഭാഷ ഗ്രഹിക്കേണ്ട ഒരവസ്ഥയും ഇംഗ്ലീഷ് ഭാഷാ മാധ്യമം സംഭാവന ചെയ്യുന്നുണ്ട്.
ഉന്നതനിലവാര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നമ്മുടെ മാതൃഭാഷയ്ക്ക് വേണ്ടത്ര വാക് സമുച്ചയങ്ങളില്ലെന്നും അവയെ ആഗിരണം ചെയ്യാന്‍ നമുക്ക് വിഷമമാണെന്നുമുള്ള വാദഗതിയെ കാലം പിന്തള്ളിക്കൊണ്ടിരിക്കുന്നു. ശാസ്ത്രീയവും സാങ്കേതികവുമായ വിഷയങ്ങളില്‍ അവയ്ക്ക് വേണ്ടത്ര കരുത്തില്ല എന്നുവാദിക്കുന്നവരുമുണ്ടാകാം. റഷ്യയും ജപ്പാനും ജര്‍മനിയും അവരുടെ മാതൃഭാഷയിലൂടെയാണ് ഉപരിപഠനം തുടരുന്നത്. നമുക്കും എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ. ഫ്രഞ്ചുകാര്‍ക്ക് അവരുടെ ഭാഷയിലൂടെ ശാസ്ത്രവും സാങ്കേതിക വിദ്യകളും ആഗിരണം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ നമുക്കസാധ്യമെന്നുണ്ടോ?
മനുവും കാളിദാസനും ആര്യഭട്ടനുമൊക്കെ അവരുടെ വിജ്ഞാനം ഇംഗ്ലീഷിലൂടെയല്ല പ്രദാനം ചെയ്തത്. രവീന്ദ്രനാഥ ടാഗോര്‍ കല്‍ക്കത്താ സര്‍വകലാശാലയില്‍ ചെയ്തഒരു പ്രസംഗത്തില്‍ “ലോകത്തില്‍ ഭാരതമൊഴികെ മേറ്റ്ല്ലാ രാഷ്ട്രങ്ങളും ഇംഗ്ലീഷിനെ വിദ്യാഭ്യാസ മാധ്യമത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയിരിക്കുകയാണ്” എന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.
അത്യുന്നത നിലവാരത്തിലും ഗവേഷണതലത്തിലും നമ്മുടെ മാതൃഭാഷകള്‍ക്ക് പ്രമുഖ സ്ഥാനം നല്കാന് സര്‍ക്കാര്‍ തയ്യാറാകേണ്ടസമയം വൈകിയിരിക്കുന്നു. അത് എത്രയും വേഗം നടപ്പാക്കുമ്പോള്‍ മാത്രമേ നമ്മുടെ ഭാഷകളെല്ലാം നവീനങ്ങളായ പദങ്ങളും വിജ്ഞാനവും കൊണ്ട് സമ്പുഷ്ടമാവുകയുള്ളൂ. ബിരുദനിലവാരംവരെ ഇംഗ്ലീഷിനെ ഒഴിച്ചുനിര്ത്തിയാലും പിന്നീട് പഠിക്കുന്നവര്‍ക്ക് അത് സ്വീകാര്യമായേ മതിയാകൂ എന്നൊരേര്പ്പാടാണ് ഇന്നുള്ളത്.
സര്‍വകലാശാലകളിലെയും കലാശാലകളിലെയും വിദ്യാഭ്യാസ മാധ്യമം ഒന്നായിരിക്കണം എന്ന കോത്താരികമ്മീഷന്റെ ശുപാര്‍ശ സ്വീകരിക്കപ്പെടണം. ഇംഗ്ലീഷിനെ മാധ്യമത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്താനുള്ള ഒരുപാധിയായി ഇത് നമുക്ക് സ്വീകാര്യമായേ മതിയാകൂ. ആംഗലഭാഷ മാത്രമല്ല അതിലൂടെ നമ്മുടെ സംസ്ക്കാരത്തിലേക്ക് സന്നിവേശിക്കുന്ന ദുഷ്പ്രവണതകളെയാണ് നമുക്ക് അകറ്റിനിര്‍ത്താന്‍ കഴിയുന്നത്.
രമണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: