കടക്കെണിയിലായ മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ വയനാട്ടിലെ ജപ്തി നടപടികള്‍ വര്‍ഷാവസാനം വരെ നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുകയാണ്. കടക്കെണി വയനാട്ടിലെ മാത്രം പ്രശ്നമല്ലെന്ന് തെളിയിച്ച് കോട്ടയത്തെ നീണ്ടൂരില്‍ ഒരു കര്ഷകന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരിക്കുകയാണ്. പ്രതീക്ഷിച്ചത്ര വിളവ് ലഭിക്കാതെ രണ്ട് വിള പൂര്‍ണമായും നശിച്ച സാഹചര്യത്തില്‍ വസ്തു ഈടുവെച്ച് എടുത്ത വായ്പയും കുടിശ്ശികയായി കടക്കെണിയിലായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കര്‍ഷക ആത്മഹത്യകളെ വയനാട്ടിലോ കോട്ടയത്തോ ആയി ഒതുക്കാന്‍ സാധ്യമല്ലാത്ത പശ്ചാത്തലമാണ് ഇന്ന് കേരളത്തില്‍ നിലവിലുള്ളത്. കാലാവസ്ഥാ വ്യതിയാനം മൂലം വിള നശിക്കുകയും ഉല്പാദനം കുറയുകയും ചെയ്തിരുന്നു. ഇതിന്റെ ആഘാതം വര്‍ധിപ്പിച്ചുകൊണ്ടാണ് കര്‍ഷക ഉപയോഗത്തിനുള്ള വളങ്ങളുടെ വില സര്‍ക്കാര്‍ ഇരട്ടിയായി വര്‍ധിപ്പിക്കുകയും കൃഷിക്കും ചെറുകിട വ്യവസായങ്ങള്‍ക്കും അനുവദിച്ചിരുന്ന വൈദ്യുതി സൗജന്യം നിര്‍ത്തലാക്കുകയും ചെയ്തു.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ, നാണ്യവിളകളുടേതടക്കം വിലത്തകര്‍ച്ചയും കൃഷിനാശവും കടക്കെണിയും സമ്മേളിച്ചപ്പോഴാണ് കര്‍ഷകര്‍ ആത്മഹത്യയിലേക്ക് തിരിഞ്ഞത്. തൊഴിലുറപ്പുപദ്ധതിയുടെ ഊന്നല്‍ കാര്‍ഷികേതര മേഖലക്കായതിനാല്‍ ആ ആശ്വാസവും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നാട്ടില്‍ വിലക്കയറ്റം കൊണ്ട്പൊറുതിമുട്ടുന്നത് പച്ചക്കറിവില കുതിച്ചുയര്‍ന്നതിനാലാണ്. എന്നാല്‍ ഇഞ്ചി, വാഴ മുതലായ ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത വിലയിടിവാണ് ഉണ്ടായത്.രാസവളങ്ങളുടെ വിലവര്‍ധനയാണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കേരളകര്‍ഷകര്‍ അധികം ഉപയോഗിക്കുന്നത് ഫാക്ടം ഫോസ്, പൊട്ടാഷ്, റെഡ് അമോണിയം ഫോസ്ഫേറ്റ് മുതലായവയാണ്. ഫാക്ടം ഫോസിന്റെ വില കിലോക്ക് അഞ്ച് രൂപയില്‍നിന്നും 12 രൂപ വര്‍ധിച്ചു. റെഡ് അമോണിയം ഫോസ്ഫേറ്റ് വിലയും കൂടി. പൈനാപ്പിള്‍, നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവക്ക് ഉപയോഗിക്കുന്ന രാസവളങ്ങളാണിവ. വില വര്‍ധിച്ചപ്പോള്‍ വളപ്രയോഗം കുറഞ്ഞതും ഉല്പാദനത്തകര്ച്ചക്ക് കാരണമായി.
മൂന്ന് പതിറ്റാണ്ടില്‍ മൂന്നിരട്ടിയായി വര്‍ധിച്ച രാസവള വില കടം വാങ്ങി കൃഷിചെയ്യുന്ന കര്ഷകന് എങ്ങനെ താങ്ങാനാകും. പെട്രോള്‍ വിലവര്‍ധന നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര കമ്പോളങ്ങളാണ്. ഇപ്പോള്‍ വളം വിപണിയും. കര്‍ഷകര്‍ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പക്ഷെ ആത്മഹത്യ ചെയ്ത കുടുംബങ്ങള്‍ക്കുള്ള ധനസഹായം പ്രഖ്യാപിക്കപ്പെട്ടില്ല. മരിച്ചവരുടെ കടം എഴുതിത്തള്ളുമോ എന്നതിനും മറുപടി കിട്ടിയില്ല. ജപ്തി നടപടി ഒരുവര്‍ഷത്തേക്ക് നിര്‍ത്താനും കര്‍ഷകര്‍ക്ക് കൗണ്‍സലിംഗ് നല്കാന് പഞ്ചായത്തില്‍ സംവിധാനമൊരുക്കാനും മാത്രമാണ് തീരുമാനം. പക്ഷെ കൗണ്‍സലിംഗ് കൊണ്ട് പരിഹരിക്കാവുന്ന ഒരു താല്‍ക്കാലിക പ്രതിഭാസമല്ല പ്രശ്നബാധിതരായ കര്‍ഷകരുടെ ആത്മഹത്യ. ഇതിന് ക്രിയാത്മകമായ നടപടികളാണ് വേണ്ടത്. ഇപ്പോള്‍ വിലക്കയറ്റത്തിനും കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കുമെതിരെ ബിജെപി പ്രക്ഷോഭത്തിലാണ്. വിലത്തകര്‍ച്ച മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ വിലക്കയറ്റം മൂലം ജീവിതം ദുസ്സഹമാകുന്ന ജനങ്ങളും നിരാശാഭരിതരാണ്. കാര്‍ഷികമേഖലയും ഊര്‍ജമേഖലയും പ്രതിസന്ധിയിലാണ്.കടക്കെണിയിലായ കേരളത്തെ രക്ഷിക്കാന്‍ ബംഗാള്‍ മോഡല്‍ സാമ്പത്തിക പാക്കേജ് പരിഗണിക്കുമെന്ന വാര്‍ത്ത മുകളില്‍ പറഞ്ഞ പശ്ചാത്തലത്തില്‍ ആശ്വാസം പകരുന്നതാണ്. കേന്ദ്രം പെട്രോള്‍ വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടപ്പോള്‍ പെട്രോള്‍ വില കുതിച്ചു. മെഴുകുവില നിയന്ത്രണവും ഓയില്‍ കമ്പനികള്‍ക്ക് നല്‍കിയത് മെഴുകുതിരി ഉല്പാദകരെയും പ്രതിസന്ധിയിലാക്കുന്നു.
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മുന്നണി വിടുമെന്ന് പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ്ബംഗാള്‍ മുഖ്യമന്ത്രി വഴങ്ങിയത് ബംഗാളിന് 20,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് നല്‍കാമെന്ന് സമ്മതിച്ചപ്പോഴാണ്. കേരളം ആകെ ചെയ്തത് വിലവര്‍ധനമൂലം കിട്ടുന്ന തുഛവരുമാനം വേണ്ടെന്നുവെക്കുക മാത്രമാണ്.ഏറ്റവുമധികം ധനക്കമ്മിയുള്ള സംസ്ഥാനങ്ങള്‍ ബംഗാളും പഞ്ചാബും പിന്നെ കേരളവുമാണ്. ആഭ്യന്തര ഉല്പാദനത്തിന്റെ 35 ശതമാനം കമ്മിയാണ്. ഇത് പരിഹരിക്കാന്‍ കേരള ഫിസ്ക്കല്‍ റെസ്പോണ്സിലിബിലിറ്റി നിയമം ഭേദഗതി ചെയ്തത് കേന്ദ്രത്തില്‍നിന്നും 193 കോടി രൂപ ധനസഹായം ലക്ഷ്യമിട്ടാണ്. കേരളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ 33.4 ശതമാനം കടമാണ്. ഇതില്‍ 19.6 ശതമാനം പലിശയാണ്.കേരളത്തില്‍ ഈ ദുഃസ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനം വീണ്ടും ആത്മഹത്യാ മുനമ്പാകും. കാരണം പണപ്പെരുപ്പവും മൊത്തവ്യാപാരവിലസൂചിക 9.7 ശതമാനമായി നിലനില്ക്കുമ്പോള് കൂടാനാണ്സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: