ഭക്ഷണത്തെ നിഷേധിക്കുന്നതോ ഭക്ഷണത്തില്‍ മുഴുകുന്നതോ ശരിയായ രീതി അല്ല. അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുത്ത് ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയാണ് വേണ്ടത്. മദ്ധ്യമഗതിയുടെ തത്ത്വങ്ങള്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്നതുപോലെ ഭക്ഷണകാര്യത്തിലും പ്രസക്തമാണ്. ശരീരത്തെ അമിതമായ ഭക്ഷണം കൊണ്ട് പീഡിപ്പിക്കുന്നവരെയും പ്രകൃതി വിടില്ല. തഥാതന്റെ അനുഭവം തന്നെ അതിന് ഇല്ല ഉദാഹരണമാണ്. തപസ്സിന്റെ വൈരാഗ്യബുദ്ധിയില്‍ ഈ ശരീരത്തെ ഞാന്‍ ഒരുപാട് പീഡിപ്പിച്ചു; ഭക്ഷണം കൊടുക്കാതെ, വെയിലും കാറ്റും ഏല്പിക്കാതെ ഈ ശരീരത്തെ പീഡിപ്പിക്കുന്നത് തപസ്സിനും പ്രകൃതിക്കും വിരുദ്ധമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇതുപോലെയുള്ള അനുഭവങ്ങള്‍ എല്ലാ മഹത്പുരുഷന്മാരുടെയും ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.
കഠിനമായ തപശ്ചര്യകള്‍ കൊണ്ട് ശരീരത്തെ ഞാന്‍ ഒരുപാട് പീഡിപ്പിച്ചു എന്ന് തിരുമൂലര്‍ പറയുന്നു. ഒടുക്കം ശരീരത്തിന്റെ അത്ഭുതാവഹമായ മഹിമകള്‍ കണ്ട് മുന്‍കാലങ്ങളില്‍ ചെയ്ത ശരീരപീഡകളെക്കുറിച്ചോര്ത്ത് പശ്ചാത്തപിക്കുന്നു ആ മഹാത്മാവ്. എന്റെ ശരീരം എന്ന മമതയെ ഉപേക്ഷിച്ച് ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പ്രകൃതി വരദാനമായി നല്കിയ ശ്രേഷ്ഠമായ ഉപകരണമാണ് ശരീരം എന്ന കാഴ്ചപ്പാടുകളോടുകൂടി വേണം ശരീരത്തെ ശ്രദ്ധിക്കേണ്ടതും പോഷിപ്പിക്കേണ്ടതും. ചുവര് ഇല്ലാത്ത ചിത്രം വരയ്ക്കാന്‍ പറ്റില്ലെന്ന് പറയുന്നതുപോലെ ഈ ശരീരം ഇല്ലെങ്കില്‍ പിന്നെ നമ്മുടെ ജീവിതം തന്നെ വ്യര്‍ത്ഥമായിത്തീരും. ‘ശരീരമാദ്യം ഖലുധര്മ്മസാധകം’ അതായത് ധര്‍മാനുഷ്ഠാനത്തിനുള്ള പ്രഥമോപാധി ശരീരം തന്നെയാണെന്ന് ശാസ്ത്രവും സമ്മതിക്കുന്നുണ്ട്. അതികൊണ്ട് നമ്മുടെ ശരീരത്തെ പവിത്രവും ശുദ്ധവും ആരോഗ്യപൂര്‍ണവുമാക്കിത്തീര്‍ക്കേണ്ടത് നമ്മുടെ മുഖ്യമായ ഉത്തരവാദിത്വമാണ്.
പഞ്ചഭൂതാത്മകമാണ് ശരീരം എന്നു പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ പ്രകൃതിയുമായി നേരിട്ടു ഇടപഴകാനുള്ള അവസരം ശരീരത്തിന് നല്‍കണം. പുറത്തെ കാറ്റുകൊള്ളാതെ വീട്ടിനുള്ളില്‍ കതകടച്ചിരുന്ന് ഫാന്‍ ഇടുന്നവരാണ് നമ്മള്. പ്രകൃതിയിലെ കാറ്റും സൂര്യപ്രകാശവും ശുദ്ധജലവും ഭൂമിയുമായുള്ള സമ്പര്‍ക്കവും നിഷേധിക്കപ്പെട്ടാല്‍ മനുഷ്യര്‍ രോഗികളായിത്തീരും. ചെരുപ്പില്ലാതെ നടക്കരുത് എന്ന ഒരു അബദ്ധധാരണ എല്ലാവര്‍ക്കുമുണ്ട്. ചെരിപ്പ് ധരിക്കുന്നതോടെ ഭൂമിയുമായുള്ള നമ്മുടെ ബന്ധം വെട്ടിമാറ്റുകയാണ് ചെയ്യുന്നത്. നഗ്നപാദരമായി ഭൂമിയില്‍ നടക്കുന്നത് ശരീരത്തിന്റെയും ബുദ്ധിയുടെയും വളര്‍ച്ചയ്ക്കും മാനസിക വികാസത്തിനും അത്യാവശ്യമാണ്. ഭൂമിയുടെ ഊര്‍ജ്ജം നമ്മുടെ പാദങ്ങളിലൂടെ ശരീരത്തിലേക്ക് പ്രവഹിക്കണം. നമ്മുടെ ഉള്ളിലുള്ള ദുഷിച്ച ഊര്‍ജ്ജം ഭൂമിയിലേക്കും പ്രവഹിക്കണം. അതിന് ഉപയുക്തമായ രീതിയിലാണ് മനുഷ്യന്റെ ശരീരഘടന. ചെരിപ്പ് ധരിക്കുന്നതോടെ നാം ഭൂമിയില്‍ നിന്ന് അകന്നു, പ്രകൃതിയില്‍ നിന്ന് അകന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: