തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ എം.വി. ജയരാജനെ ശിക്ഷിച്ചതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിക്ക് മുന്പില് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എം.വി.ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തോടൊപ്പം ജയിലിലെത്തി.
രാവിലെ മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഹൈക്കോടതിക്കു മുന്നില്‍ സമരം നടത്തും. ഹൈക്കോടതി അതിരുകടന്ന നിലപാടിലേക്ക് പോയതായി പിണറായി പറഞ്ഞു. മനുഷ്യനെ കീടമായും പുഴുവായും കണക്കാക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും പിണറായി പറഞ്ഞു. ജയരാജനെതിരായ വിധിപ്രസ്താവനയില്‍ കീടമെന്ന് പരാമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പ്രതികരണം. ജയരാജനെ ജയിലില്‍ അടച്ചാലേ അടങ്ങൂവെന്ന നിര്ബന്ധബുദ്ധിയിലേക്ക് ഹൈക്കോടതി എത്തിയെന്നാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാന്യമായി പ്രതികരിക്കേണ്ട സംവിധാനമാണ് ഹൈക്കോടതി. രാജ്യത്തെ ജുഡീഷ്യറിക്ക് തങ്ങള്‍ എതിരല്ല. എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നും ജനങ്ങള്‍ക്ക് രക്ഷ നല്‍കേണ്ടത് ജുഡീഷ്യറിയാണ്. പൊതുവില്‍ സമൂഹം ശ്രദ്ധിക്കപ്പെടുന്ന മാതൃകാപരമായ നിലപാടുകള്‍ കോടതിയില്‍ നിന്നുണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിലുളള നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്ന് പിണറായി പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാന നിലപാടുകളില്‍ നിന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിച്ചുകൊണ്ടാണ് ഹൈക്കോടതി നിലപാട് സ്വീകരിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി. കേസില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: