തിരുവനന്തപുരം: പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചവര്‍ക്ക് തെരഞ്ഞെടുപ്പു കണക്കുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 15 മാസമായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുമാസമായിരുന്നു അനുവദിക്കപ്പെട്ടിരുന്ന സമയം. തെരഞ്ഞെടുപ്പ് ചെലവുകണക്ക് ഹാജരാക്കാനുള്ള സമയ പരിധി അവസാനിച്ച സാഹചര്യത്തില്‍ മിക്കവരും അയോഗ്യതാ ഭീഷണിയിലാണ്. ഇത് സംസ്ഥാനത്തിന് അധിക ചെലവുണ്ടാക്കി വയ്ക്കുന്ന മിനി തെരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമഭേദഗതിയില്ലെങ്കില് 2,000 തദ്ദേശ പ്രതിനിധികള്‍ക്ക് സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. ഈ ബാധ്യത ഒഴിവാക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് ചെലവ് കാണിക്കേണ്ട നിലവിലെ മൂന്നുമാസ സമയ പരിധി 15 മാസമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കണക്കുകള്‍ വൈകിച്ച തദ്ദേശ പ്രതിനിധികളുടെ നടപടിയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് ജില്ലയില്‍ നടന്നുവന്ന ജപ്തി നടപടികള്‍ വര്‍ഷാവസാനം വരെ നിര്‍ത്തിവയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വയനാട്ടില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച ശുപാര്‍ശ മന്ത്രിസഭയ്ക്ക് നല്‍കിയിരുന്നു. കടക്കെണിയിലായ കര്‍ഷകര്‍ക്ക് കൗണ്‍സലിംഗ് നല്‍കാനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭ കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുകയും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തു. കാര്‍ഷിക സര്‍വ്വകലാശാലയിലെ ഒരു ശാസ്ത്രജ്ഞന്, വെറ്ററിനറി സര്‍വ്വകലാശാലയിലെ ഒരു പ്രഫസര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കമ്മറ്റി ഈയാഴ്ച തന്നെ വയനാട്ടിലെത്തും. വയനാട് പാക്കേജ് നടത്തിപ്പിനെക്കുറിച്ചും അവിടുത്തെ കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ചും പഠിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്കാന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. വയനാട് പാക്കേജ് കാര്യക്ഷമമായി നടപ്പാക്കുന്നതിനും കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്ദ്ദേശങ്ങളുമാകും കമ്മറ്റി പഠിച്ചു നല്‍കുക. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: