തിരുവനന്തപുരം: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണിന്ന് ഭാരതം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ ബിജെപി സംഘടിപ്പിച്ച റോഡ് ഉപരോധം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്.
കേന്ദ്രത്തിലെ മന്ത്രിമാരില്‍ ഭൂരിപക്ഷം പേരും അഴിമതി ആരോപണം നേരിടുന്നവരോ അഴിമതിതെളിയിക്കപ്പെട്ടവരോ ആണ്. കോടിക്കണക്കിനു രൂപയുടെ അഴിമതികളാണിപ്പോള് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വില രൂക്ഷമായി ഉയര്‍ന്നു നില്ക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ പെട്രോള്‍ വില വീണ്ടും ഉയര്‍ത്തിയത്. കേന്ദ്രം പറയുന്നത് പെട്രോളിയം കമ്പനികളാണ് വില ഉയര്‍ത്തിയതെന്നാണ്. എന്നാല്‍ സര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വില ഇഷ്ടം പോലെ തീരുമാനിക്കാനുള്ള അനുവാദം കമ്പനികള്‍ക്കു നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്. വിലക്കയറ്റത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടിയിരിക്കുകയാണ്. ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വകാര്യ പെട്രോളിയം കമ്പനികളെ സഹായിക്കുന്നതരത്തിലുള്ള സമീപനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
ജനാധിപത്യ ഭാരതത്തില്‍ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ആരെയും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് എന്തും പറയാനുള്ള സ്വാതന്ത്ര്യമാക്കിയെടുക്കരുതെന്ന് ബിജെപി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പാതയോരത്തെ പൊതുയോഗം തടഞ്ഞ കോടതിവിധിക്കെതിരായാണ് സിപിഎം നേതാവ് എം.വി.ജയരാജന് സംസാരിച്ചത്. എന്നാല്‍ പറയുന്ന ഭാഷയില്‍ ശ്രദ്ധവേണമായിരുന്നു. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട സഭ്യതയുടെ അതിരുകള്‍ ഓര്‍മ്മിപ്പിക്കുന്ന വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. ജയരാജനെപ്പോലെ പി.സി.ജോര്‍ജ്ജിനും മന്ത്രി ഗണേശ്കുമാറിനും ഇതു ബാധകമാണ്.
പൊതു പ്രവര്‍ത്തകരെപ്പോലെ കോടതികള്‍ക്കും എന്തും പറയാമെന്ന സ്ഥിതി നല്ലതല്ലെന്ന് മുരളീധരന് പറഞ്ഞു. വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നുള്ള ആവശ്യം ഹൈക്കോടതി അംഗീകരിക്കാതിരുന്നത് കോടതി വൈരാഗ്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന ധാരണ പൊതുസമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയെന്നും മുരളീധരന് പറഞ്ഞു.
ഈ മാസം 18ന് വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എം.പിമാരുടെ വസതികളിലേക്കും ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തും. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്തുന്നതുവരെ ജനവികാരം പ്രകടമാക്കി പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നും വി.മുരളീധരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: