മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം പത്രം എന്നാല്‍ ‘കേരളകൗമുദി’യും പത്രാധിപരെന്നാല്‍ കെ.സുകുമാരനും ആയിരുന്നു. ‘മാതൃഭൂമി’യും ‘മലയാള മനോരമ’യും മറ്റും പരിമിതമായി മാത്രമേ തലസ്ഥാന നഗരിയില്‍ അന്ന് പ്രചരിച്ചിരുന്നുള്ളൂ. പില്ക്കാലത്ത് ആദ്യം ‘മാതൃഭൂമി’യും പിന്നെ ‘മനോരമ’യും തുടര്‍ന്ന് മറ്റ് പല പത്രങ്ങളും അവിടെ എഡിഷന് ആരംഭിച്ചതിനെത്തുടര്‍ന്നാണ് ‘കേരള കൗമുദി’യുടെ കുത്തക നഷ്ടപ്പെട്ടത്. അതുവരെ ‘കേരളകൗമുദി’ തിരുവനന്തപുരം പത്രവും ‘മനോരമ’ കോട്ടയം പത്രവും ‘മാതൃഭൂമി’ കോഴിക്കോട് പത്രവുമായാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. പത്രാധിപര്‍ എന്ന് പത്രത്തിനുള്ളിലുള്ളവര് മാത്രമല്ല പുറത്തുള്ളവരും ആദരവോടെ വിളിച്ചിരുന്നത് പത്രാധിപര്‍ കെ.സുകുമാരനെ മാത്രമാണെന്ന് ഇതിനു മുമ്പും ഒരവസരത്തില്‍ ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്ന എനിക്കും എന്റെ ബാല്യകാലത്ത് പത്രമെന്നാല്‍ ‘കേരളകൗമുദി’യും പത്രാധിപരെന്നാല്‍ കെ.സുകുമാരനും മാത്രമായിരുന്നു. പോരെങ്കില്‍ ‘കേരള കൗമുദി’ എന്റെ അച്ഛന് പണിയെടുത്തിരുന്ന പത്രവും കെ.സുകുമാരന്‍ എന്റെ അച്ഛന്റെ പത്രാധിപരും കൂടി ആയിരുന്നതിനാലും.
പത്രാധിപരുടെ പുത്രന് എന്ന നിലയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച സപ്തതി ആഘോഷിച്ച എം.എസ്.മണിയെ ഞാന്‍ അറിഞ്ഞിട്ടുള്ളത്. അച്ഛന്റെ പത്രാധിപരോട് തോന്നിയ അടുപ്പം എനിക്ക് ഒരു കാലത്തും പത്രാധിപരുടെ മകനോട് തോന്നിയിട്ടില്ല. അച്ഛനോടൊപ്പം കേരളകൗമുദി ആഫീസില്‍ വല്ലപ്പോഴുമൊക്കെ പോകുമായിരുന്ന കാലത്ത് പത്രാധിപരുടെ ആ മൂത്ത മകന് കോളേജ് വിദ്യാര്‍ത്ഥി ആയിരുന്നു. പത്രാധിപസമിതിയിലെ അംഗങ്ങളെയൊക്കെ സ്നേഹപുരസരം ‘കുഞ്ഞേ’ എന്ന് അഭിസംബോധന ചെയ്തിരുന്ന പത്രാധിപര്‍ക്ക്, തന്റെ കീഴില്‍ പണിയെടുക്കുന്നവരുടെ കുഞ്ഞുങ്ങളും സ്വന്തം കുഞ്ഞുങ്ങളെ പോലെ ആയിരുന്നു. പേട്ടയിലെ ‘കേരള കൗമുദി’ ആഫീസിന് തൊട്ടടുത്തുള്ള എസ്എന്‍എ സ്റ്റോറില്‍നിന്ന് അവര്‍ക്ക് പതിവായി മിഠായി വാങ്ങിക്കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ആ മാധ്യമ മഹാരഥനില്നിന്ന് മിഠായി ലഭിക്കുവാന്‍ എനിക്കും നിരവധിയവസരങ്ങളുണ്ടായിട്ടുണ്ട്.
അന്നൊന്നും മാണിസാറിനെ ഞാന്‍ അവിടെ കണ്ടിട്ടില്ല. പില്ക്കാലത്ത് പത്രപാരായണം ഗൗരവപൂര്വമാവുകയും പത്രപ്രവര്‍ത്തകനാവണമെന്ന മോഹമുദിക്കുകയും ചെയ്ത നാളുകളിലാണ് എം.എസ്.മണി എന്ന പേര് ‘കേരളകൗമുദി’യിലെ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പത്ര റിപ്പോര്‍ട്ടിനൊപ്പം റിപ്പോര്‍ട്ടറുടെ പേര് അച്ചടിച്ചു വരുന്നതിന് ‘ബെയിലൈന്‍’ എന്നാണ് പറയുന്നതെന്ന് അന്ന് അച്ഛന് എനിക്ക് പറഞ്ഞു തന്നു. ‘ബെയിലൈന്‍’ നേടുകയെന്നത് ഒരു പത്ര റിപ്പോര്‍ട്ടറെ സംബന്ധിച്ചിടത്തോളം ഒരംഗീകാരമാണെന്നും അച്ഛന് പറഞ്ഞു തന്നു. ‘ബെയിലൈനുകള്’ പിന്നെ എല്ലാ പത്രങ്ങളിലും ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ‘ബെയിലൈന്‍’ ലഭിക്കുന്ന പത്രപ്രവര്‍ത്തകര്‍ എന്റെ മനസില്‍ സ്ഥാനം പിടിച്ചു. അങ്ങനെ എം.എസ്.മണിയും.
ദല്‍ഹി ആയിരുന്നു എം.എസ്.മണിയുടെ കളരി. അതുകൊണ്ടുതന്നെ അക്കാലത്തെ മാണിസാറിന്റെ റിപ്പോര്‍ട്ടുകളൊക്കെ ദല്ഹിയില്നിന്നായിരുന്നു. അതിനുമുമ്പ്, തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ അദ്ദേഹം നിയമസഭ റിപ്പോര്‍ട്ട് ചെയ്തിരുന്നുവത്രെ. പത്രപ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനമൊന്നും മണി സാറിന് ലഭിച്ചിരുന്നതായി അറിവില്ല. അക്കാലത്ത് നാഗ്പൂരിലെ ഇസ്ലോപ് കോളേജ് അല്ലാതെ പത്രപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്ന മറ്റു സ്ഥാപനങ്ങളൊന്നും ഇന്ത്യയില്‍ ഉണ്ടായിരുന്നതുമില്ല. ‘പത്രപ്രവര്‍ത്തകര്‍ പിറന്നു വീഴുന്നു, പരിശീലിക്കപ്പെടുകയല്ല’ എന്ന പഴയ വാദത്തില്‍ ഏറെ കഴമ്പുണ്ടെന്ന് മാണിസാറിനെ പോലുള്ളവര്‍ തെളിയിച്ചതായി തോന്നാറുണ്ട്. പത്രപ്രവര്‍ത്തനം അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.
പത്രമാപ്പീസിലെ അച്ചടിയുടേയും അക്കാലത്തെ ടെലിപ്രിന്റുകളുടെയും ഒച്ചയായിരുന്നിരിക്കണം മണിസാറിനെപ്പോലെ പത്രപ്രവര്‍ത്തകരായി പിറന്നുവീഴുന്നവരുടെ താരാട്ട് പാട്ട്. മണിസാര്‍ പത്രപ്രവര്‍ത്തകര്‍ക്കിടയിലെ അപൂര്‍വം ചില സ്വര്ഗജാതരില്പ്പെടുന്നു. അദ്ദേഹത്തിന്റെ അച്ഛന് അക്ഷരാര്‍ത്ഥത്തില്‍ പത്രാധിപരായിരുന്നു. അതായത് പത്രാധിപസമിതിയുടെ അദ്ധ്യക്ഷനും അമരക്കാരനും മാത്രമല്ല, പത്രത്തിന്റെ ഉടമയുമായിരുന്നു പത്രാധിപര്‍ സുകുമാരന്‍. സ്വന്തം അച്ഛന്റെ പത്രത്തില്‍ പത്രപ്രവര്‍ത്തനത്തില്‍ പിച്ചവെച്ചു പഠിക്കുക, തുടക്കത്തില്‍ തന്നെ ഏതൊരു പത്രപ്രവര്‍ത്തകനും ആഗ്രഹിക്കുന്ന ദല്‍ഹിയിലെ പ്രതിനിധി ആയി പയറ്റിത്തെളിയുക, പിന്നെ ആ പത്രത്തിന്റെ പത്രാധിപരായി വികസനത്തിനും വൈവിധ്യവല്‍ക്കരണത്തിനും ആധുനീകരണത്തിനും നേതൃത്വം നല്‍കുകയെന്നതൊക്കെ അനുഗ്രഹീത പത്രപ്രവര്‍ത്തകര്‍ക്കേ കഴിയൂ.
മണിസാര്‍ പത്രാധിപരെ സഹായിക്കുന്നതിനായി ദല്‍ഹി വിട്ട് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ എനിക്ക് ‘കേരള കൗമുദി’യുമായി ഉണ്ടായിരുന്ന ബന്ധം അവസാനിച്ചിരുന്നു. മണിസാര്‍ പത്രത്തിന്റെ പൂര്‍ണ ചുമതല ഏല്ക്കുമ്പോഴേയ്ക്കും എന്റെ അച്ഛന് കേരള കൗമുദിയോട് വിട പറഞ്ഞിരുന്നു. ചില വാര്‍ത്തകള്‍ സംബന്ധിച്ച് പത്രാധിപരുടെ പുത്രനുമായി ഉണ്ടായ തികച്ചും പ്രൊഫഷണലായ അഭിപ്രായ വ്യത്യാസങ്ങള്‍ ആയിരുന്നു കാരണമെന്നാണ് എന്റെ ഓര്മ. അച്ഛന് പില്ക്കാലത്ത് ‘മനോരമ’ യിലേക്കും തുടര്‍ന്ന് ഇംഗ്ലീഷ് പത്രങ്ങളിലേക്കും മാറി. അച്ഛനും മണിസാറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം എന്താണെന്ന് എനിക്ക് അന്നും ഇന്നും വ്യക്തമല്ല. പക്ഷെ സ്വരം മോശമാവുന്നതിനുമുമ്പ് പാട്ട് നിര്‍ത്തുകയാണെന്നും പത്രാധിപര്‍ ജീവിച്ചിരിക്കെ തന്നെ തികഞ്ഞ സൗഹാര്‍ദ്ദത്തോടെ ‘കൗമുദി’യുടെ പടിയിറങ്ങുകയായിരുന്നെന്നും അച്ഛന് ഫോണില്‍ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അന്ന് അച്ഛനൊപ്പം കേരളകൗമുദി പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ അധികമാരും തന്നെ ആ സ്ഥാപനത്തില്‍ ഇന്നില്ല. അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനും ആയിരുന്ന എന്‍.രാമചന്ദ്രന് മാത്രം ഇന്നും കേരളകൗമുദിയില്‍ തന്നെ എഡിറ്റോറിയല്‍ അഡ്വൈസറായി തുടരുന്നു. അച്ഛനൊപ്പം കേരള കൗമുദിയില്‍ ഉണ്ടായിരുന്ന ജി.ഗോവിന്ദപിള്ള ആണത്രെ എം.എസ്.മണിയെ ദല്ഹിയിലേക്കയക്കാന് പത്രാധിപരോട് ശുപാര്‍ശ ചെയ്തത്. അക്കാര്യം ‘കലാകൗമുദി’യുടെ കഴിഞ്ഞ ലക്കത്തില്‍ മണിസാര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
സമര്‍ത്ഥവും ധീരവുമായ നേതൃത്വമാണ് പത്രാധിപര്‍ സുകുമാരന്റെ പിന്‍ഗാമിയായി എം.എസ്.മണി എന്ന പത്രാധിപര്‍ കേരള കൗമുദിക്ക് നല്‍കിയത്. മലയാള പത്രപ്രവര്‍ത്തനത്തിന് തന്നെ മണിസാര്‍ പുതിയ മാനങ്ങള്‍ നല്കി. കെ.കരുണാകരന് സര്‍വശക്തനായി വാണരുളുന്ന കാലത്ത് ‘കേരളകൗമുദി’ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. കരുണാകരഭരണകാലത്ത് ‘കാട്ടുകള്ളന്മാരെ’ തുറന്നു കാട്ടിയതിനെത്തുടര്‍ന്ന് ‘കേരളകൗമുദി’ മാത്രമല്ല മണിസാറിന്റെ വസതിവരെ കരുണാകരന്റെ പോലീസ് റെയ്ഡ് ചെയ്തു. പത്രങ്ങളേയും പത്രക്കാരേയും വഴിവിട്ട് സഹായിച്ച, പത്രക്കാരുടെ പ്രിയ സുഹൃത്തായിരുന്ന കരുണാകരന്റെ കണ്ണിലെ കരടായിരുന്നു എം.എസ്.മണിയും കേരളകൗമുദിയും ഏറെക്കാലം. കരുണാകരന്റെ അന്ത്യനാളുകളില്‍ അദ്ദേഹത്തെ കണ്ടതും സംസാരിച്ചതും കണ്ണുനിറഞ്ഞതും മണിസാര്‍ തന്നെ കരുണാകരന്റെ മരണശേഷം എഴുതിയിരുന്നു.
ആദ്യകാലത്ത് ഞായറാഴ്ചകളില്‍ മറ്റു മലയാള പത്രങ്ങള്ക്കെന്നപോലെ അവധി നല്‍കിയിരുന്ന പതിവ് ‘കേരള കൗമുദി’ ഉപേക്ഷിച്ചതും തിങ്കളാഴ്ചകളില്‍ ഒരു വാരാദ്യപതിപ്പ് പത്രത്തോടൊപ്പം പ്രസിദ്ധീകരിച്ചു തുടങ്ങിയതും എം.എസ്.മണിയുടെ സാരഥ്യത്തിലാണ്. ‘മണ്ടേ മാഗസിന്’ എന്നായിരുന്നു വാരാദ്യപ്പതിപ്പിന് മണിസാറിട്ട പേര്. കെ.ബാലകൃഷ്ണന്റെ ‘ചൂടും വെളിച്ചവും’ എന്ന പംക്തിയായിരുന്നു ‘മണ്ടേ മാഗസിനി’ലെ പ്രിയങ്കരമായ ഒരു വിഭവം. വീക്കിലി ജേര്‍ണലിസത്തിന് മലയാളത്തില്‍ തുടക്കം കുറിക്കുകയായിരുന്നു ‘മണ്ടേ മാഗസിനി’ലൂടെ മാണിസാര്‍. പിന്നെയാണ് ‘കലാകൗമുദി’ വാര്‍ത്താവാരിക ആരംഭിച്ചത്. മൂര്‍ച്ചയേറിയ മണിസാറിന്റെ മുഖ പ്രസംഗമായിരുന്നു ‘കലാകൗമുദി’യുടെ മുഖമുദ്ര. എസ്.ജയചന്ദ്രന് നായര്‍, എന്‍ആര്‍എസ് ബാബു എന്നീ പ്രഗത്ഭ ശിഷ്യന്മാരുടെ സഹായത്തോടെ മണിസാര്‍ പുറത്തിറക്കിയിരുന്ന ‘കലാകൗമുദി’ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്നു.
‘പേട്ടയില്നിന്നുള്ള രാജ്യഭരണം’ എന്ന് ‘കേരളകൗമുദി’യുടേയും ‘കലാകൗമുദി’യുടേയും വിമര്‍ശകര്‍ അതിനെ അന്ന് കളിയാക്കി. പക്ഷെ ആ ആക്ഷേപം ‘അജന്റ’ തയ്യാറാക്കുന്നത് ‘കൗമുദി’യാണ് എന്നതിന്റെ ഒരംഗീകാരം കൂടി ആയിരുന്നു. ഒട്ടു വളരെപേരെ എം.എസ്.മണി എന്ന പത്രാധിപര്‍ വളര്‍ത്തി. ഒപ്പം ചിലരെ അദ്ദേഹം തളര്‍ത്തി. മണിസാറിന്റെ ഈ സ്വഭാവവിശേഷം അദ്ദേഹത്തിന് അസംഖ്യം ആത്മാര്‍ത്ഥ സ്നേഹിതരേയും അതേയവസരത്തില്‍ അനേകം കടുത്ത ശത്രുക്കളേയും സംഭാവന ചെയ്തു. സമൂഹത്തില്‍ മാത്രമല്ല, സ്വന്തം സ്ഥാപനത്തിനുള്ളിലും സഹോദരന്മാര്ക്കിടയിലും. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ തീവ്രമായ സുഹൃദ്ബന്ധങ്ങളും ആശ്രിതവാത്സല്യവും മണിസാറിന്റെ പത്രപ്രവര്‍ത്തനജീവിതത്തിലെ ദൗര്ബല്യങ്ങളായോ എന്ന് തോന്നിപ്പോവാറുണ്ട്. “എന്റെ ശത്രുക്കളെ നിങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും എന്റെ മിത്രങ്ങളെ നിങ്ങള്‍ തിരിച്ചറിഞ്ഞേ മതിയാകൂ” എന്ന് എഡിറ്റോറിയല്‍ മീറ്റിംഗുകളില്‍ എം.എസ്.മണി പറഞ്ഞിരുന്നുവെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയിരുന്നു. വ്യക്തിപരമായ സ്നേഹത്തിനോ വിരോധത്തിനോ പത്രപ്രവര്‍ത്തനത്തില്‍, പക്ഷെ, പ്രസക്തിയുണ്ടെന്ന് സമ്മതിക്കാനാവില്ല. അത്തരം വികാരങ്ങളാണ് പലപ്പോഴും മാധ്യമ പ്രവര്‍ത്തനത്തെ മറ്റു പല തരത്തിലുള്ള പ്രവര്‍ത്തനമാക്കി മാറ്റുന്നത്. ആ നിലയ്ക്ക് പുനത്തില്‍ എഴുതിയത് സത്യമാണെങ്കില്‍ അത് പത്രപ്രവര്‍ത്തകനായ, പത്രാധിപരായ എം.എസ്.മണിക്ക് ഭൂഷണമോ അതോ ബാധ്യതയോ?
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: