ഇസ്ലാമാബാദ്: ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ അസഹിഷ്ണുത വളര്‍ത്താന്‍ പാക്കിസ്ഥാനിലെ പാഠ പുസ്തകങ്ങളിലൂടെ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങളെ അദ്ധ്യാപകര്‍പോലും ഇസ്ലാമിന്റെ ശത്രുക്കളായി കാണുന്നുവെന്ന് അമേരിക്കന്‍ സര്‍ക്കാരിന്റെ ഒരു പഠനം വെളിപ്പെടുത്തുന്നു. പാക്കിസ്ഥാനിലെ മതതീവ്രവാദം എങ്ങനെ ശക്തി പ്രാപിക്കുന്നുവെന്നും അതിന് എങ്ങനെ പിന്തുണ ലഭിക്കുന്നുവെന്നും ഈ പഠനങ്ങള്‍ ഇത്തരം വിവേചനങ്ങള്‍ പാക്കിസ്ഥാനിലെ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച് മതസ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തി ദേശീയവും പ്രാദേശികവുമായ അസ്ഥിരത സൃഷ്ടിച്ച് ആഗോള സുരക്ഷക്കു ഭീഷണിയായിത്തീരുമെന്ന് അന്തര്‍ദ്ദേശീയ മതസ്വാതന്ത്ര്യത്തിനുള്ള അമേരിക്കന്‍ കമ്മീഷന് ചെയര്മാന് ലിയണാര്‍ഡ് ലിയോ പറയുന്നു.
1947 ലാണ് മുസ്ലീങ്ങള്‍ക്കായി പാക്കിസ്ഥാന് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളും 1980 കളില്‍ അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ ആധിപത്യത്തിനെതിരെ കലാപകാരികളെ സഹായിച്ചതും മറ്റും സമൂഹത്തെ വല്ലാതെ മതതീവ്രവാദത്തിലേക്ക് നയിച്ചു.
ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മതന്യൂനപക്ഷങ്ങള്‍ പലപ്പോഴും നിഷ്ക്കരുണം വധിക്കപ്പെട്ടു. കൊലയാളികള്‍ മതതീവ്രവാദികള്‍ തന്നെയായിരുന്നു. വിദ്യാഭ്യാസത്തിലുള്ള ഇത്തരമൊരു വിവേചനം അവസാനിപ്പിക്കാനുള്ള നടപടി ഭീകരവാദികളുടെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടിവരുമെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്ഥാനിലെ നാലുപ്രവിശ്യകളിലെ ഒന്നു മുതല്‍ പത്താം ക്ലാസുവരെയുള്ള 100 പാഠപുസ്തകങ്ങളാണ് കമ്മീഷന് പരിശോധിച്ചത്. ഗവേഷകര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 37 പബ്ലിക് സ്കൂളുകളിലെത്തി 277 വിദ്യാര്‍ത്ഥികളുമായും അദ്ധ്യാപകരുമായും അഭിമുഖം നടത്തി. ഇതുകൂടാതെ 19 മദ്രസകളിലെ 226 വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരേയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചു.
പാക് ഏകാധിപതി ജനറല്‍ സിയ ഉള് ഹക്കിന്റെ കാലത്താണ് പാഠപുസ്തകങ്ങളിലെ ഇസ്ലാമികവല്‍ക്കരണം ആരംഭിച്ചത്. 2006 ല്‍ വിവാദപരമായ പാഠഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രസ്താവിച്ചുവെങ്കിലും അതുണ്ടായില്ല.
പാക്കിസ്ഥാനിലെ ഇസ്ലാമിക ഭീകരര്‍ പാഠഭാഗങ്ങള്‍ മാറ്റുന്നതിനുള്ള ഏതൊരു ശ്രമത്തേയും എതിര്‍ക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അവര്‍ക്കെതിരെ നീങ്ങാന്‍ ഭരണകൂടവും ആഗ്രഹിക്കുന്നില്ല. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ഹിന്ദുക്കളേയും കുറഞ്ഞ അളവില്‍ ക്രിസ്ത്യാനികളേയും പാഠപുസ്തകങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതായി കമ്മീഷന് കണ്ടെത്തി. 180 ദശലക്ഷം വരുന്ന പാക് ജനസംഖ്യയില്‍ ഒരു ശതമാനം ഹിന്ദുക്കളും രണ്ടുശതമാനം ക്രിസ്ത്യാനികളുമുണ്ട്.
ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കണ്ട് അവര്‍ക്ക് വളരെക്കുറച്ച് അവകാശങ്ങള്‍ മാത്രമാണ് പാക്കിസ്ഥാനിലെ ഉദാരമതികളായ മുസ്ലീങ്ങള്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: