ആലുവ: ആലുവ സബ്ജയില്‍ പലപ്പോഴും നിറയുന്ന സാഹചര്യം കണക്കിലെടുത്ത് ജയില്‍ വളപ്പില്‍ പുതിയ കെട്ടിടങ്ങള്‍ പണിയുന്നകാര്യം പരിഗണിക്കുന്നു. ആലുവ റൂറലില്‍ കേസുകളുടെ ബാഹുല്യമാണ്. നിത്യേനയെന്നോണം സബ്ജയിലിലേക്ക് തടവുകാരെത്തുന്നുണ്ട്. തടവുകാരുടെ ബാഹുല്യം മൂലം ജയിലിനകത്ത് പലപ്പോഴും സംഘട്ടനങ്ങളും പതിവാകുന്നുണ്ട്.
ആലുവ കോടതിയിലെ വനിതകളൊഴികെ മുഴുവന്‍ റിമാന്റ് പ്രതികളേയും സബ്ജയിലിലേക്കാണ് അയക്കുന്നത്. അതുപോലെ ദൂരെനിന്നുള്ള ജയിലുകളില്‍ നിന്നും ആലുവ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നവരേയും ചില സമയങ്ങളില്‍ ഇവിടെ താമസിപ്പിക്കാറുണ്ട്. തടവുകാരുടെ ബാഹുല്യമുണ്ടാകുമ്പോള്‍ പലപ്പോഴും തടവുകാര്‍ക്ക് കുളിക്കുവാന്‍ പോലും കഴിയുന്നില്ല. മയക്കുമരുന്നും മറ്റും പതിവായി ഉപയോഗിക്കുന്ന ചിലര്‍ ഇത് കിട്ടാതെ വരുമ്പോള്‍ പ്രശ്നങ്ങളും സൃഷ്ടിക്കും. നിയന്ത്രിക്കാന്‍ തടവുകാരെ ചങ്ങലയില്‍ ബന്ധിക്കുന്ന സംഭവങ്ങള്‍ വരെ ഇവിടെ ഉണ്ടാകാറുണ്ട്.
അടിയന്തരമായി നാലോ അഞ്ചോ സെല്ലുകളെങ്കിലും നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശമാണ് ജയില്‍ വകുപ്പിലേക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ആലുവ നഗരത്തില്‍ പുതിയ ജയില്‍ നിര്‍മ്മിക്കുന്നതിന് വേണ്ടത്ര സ്ഥലം വേറെ കിട്ടാനില്ലെന്ന പ്രശ്നവുമുദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: