പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സാമ്പത്തികശാസ്ത്രം ഏതായാലും ഇന്ത്യയിലെ ദരിദ്രജനകോടികള്‍ക്ക് മനസ്സിലാവില്ല. വായില്‍ വെള്ളിക്കരണ്ടിയുമായി പിറക്കാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ക്കു മാത്രമേ അതു മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയൂ. എന്നാല്‍ കേരള സര്‍ക്കാറും ഏതാണ്ട് മന്മോഹന്റെ സാമ്പത്തിക ശാസ്ത്രമനുസരിച്ചാണ് നീങ്ങുന്നതെന്നു തോന്നുന്നു. അതിന്റെ ആദ്യ പടിയായി വേണം ആരോഗ്യമേഖലയിലെ ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചുള്ള പുതിയ നിലപാട് കാണാന്‍. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുന്നതായിരുന്നു നിലവിലുള്ള ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതി. കടമ്പകള്‍ കുറെയുണ്ടെങ്കിലും ചികിത്സാസൗകര്യങ്ങളും മരുന്നും സൗജന്യമായി കിട്ടുന്ന ഈ പദ്ധതിയുമായി ജനങ്ങള്‍ വേണ്ടത്ര സഹകരിച്ചിരുന്നു. ചികിത്സാ ചെലവുകളുടെ മലവെള്ളപ്പാച്ചിലില്‍ പിടിച്ചു നില്ക്കാനാവാതെ തളര്‍ന്നു വീഴുന്നവര്‍ക്ക് ഒരത്താണിയായി ഇന്‍ഷുറന്‍സ് പദ്ധതി നിലനിന്നിരുന്നു. തികഞ്ഞ ഒരാശ്വാസ പദ്ധതിയായിരുന്നു അത്.
എന്നാല്‍ ആ ആരോഗ്യ പദ്ധതി പകുതിയിലേറെപ്പേര്‍ക്കും കിട്ടാക്കനിയാവുകയാണ്. എപിഎല്ലുകാര്‍ക്കും സ്വകാര്യ മേഖലയിലെ സ്ഥിരം ജീവനക്കാര്‍ക്കും മേലില്‍ ഈ സൗകര്യം അനുവദിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിലവില്‍ ഈ വിഭാഗത്തില്‍ പെടുന്നവര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് തുടരും. മേലില്‍ ഇത്തരക്കാരെ പദ്ധതിയില്‍ ചേര്‍ക്കേണ്ടെന്നാണ് സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം 14 ന് അക്ഷയകേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന രജിസ്ട്രേഷനില്‍ പുതിയ നിബന്ധനകള്‍ ബാധകമായിരിക്കും. നിയതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബിപിഎല്‍ വിഭാഗക്കാരെ കണ്ടെത്തുന്നത് എന്ന് പറയാറുണ്ടെങ്കിലും അര്‍ഹതപ്പെട്ട ദരിദ്രജനങ്ങള്‍ അവഗണനയുടെ പടുകുഴിയില്‍ തന്നെയാണ്. തികഞ്ഞ രാഷ്ട്രീയ പരിഗണനയാണ് ഇക്കാര്യത്തില്‍ ഇതുവരെയുള്ള സര്‍ക്കാരുകള്‍ വെച്ചുപുലര്‍ത്തിയിരുന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ളവരെ ദാരിദ്ര്യരേഖയ്ക്കുള്ളിലാക്കിയും ഗതിയും ഗത്യന്തരവുമില്ലാത്തവരെ എല്ലാ ആനുകൂല്യങ്ങളില്‍ നിന്നും പുറത്തു നിര്‍ത്താന്‍ വേണ്ടി എപിഎല്‍ കാരാക്കുകയും ചെയ്തു. പിടിയും പിടിപാടുമുള്ളവര്‍ സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ട് കഴിയുന്നു. ഇത്തരമൊരവസ്ഥയിലാണ് പുതിയനീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്.
എപിഎല്ലുകാരെ ആരോഗ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത്, കാര്‍ഡുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണത്രെ. ഇതിന്റെ നടത്തിപ്പ് ഏജന്‍സിയായി ചിയാക് ആണ് ഇത്തരമൊരു വിശദീകരണവുമായി വന്നിരിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിയും ഇത് ആവശ്യപ്പെട്ടുന്നുണ്ടത്രെ. ഇന്‍ഷുറന്‍സ് കമ്പനിക്ക് വന്‍തോതില്‍ പണച്ചെലവുണ്ടാവുന്നുവെന്നാണ് വിലയിരുത്തല്‍. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എപിഎല്‍ വിഭാഗക്കാരില്‍ നിന്ന് 748 രൂപയാണ് പ്രീമിയം ഈടാക്കിയിരുന്നത്. ബിപിഎല്‍ കാരുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുകയായിരുന്നു. സാമൂഹിക സേവനരംഗങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സ്വമേധയാ ഒഴിഞ്ഞുമാറുന്ന പ്രവണത കുറേനാളായി ഇവിടെ കണ്ടുവരുന്നുണ്ട്. അതിലേക്ക് മറ്റൊരു ചുവടുകൂടിയാവുന്നു ഇന്‍ഷുറന്‍സ് സംരക്ഷണത്തില്‍ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കാനുള്ള തീരുമാനം. വിലക്കയറ്റം പുരോഗതിയുടെ സൂചനയാണെന്ന പ്രധാനമന്ത്രിയുടെ ഈയടുത്ത കാലത്തെ അഭിപ്രായപ്രകടനം ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഒരു മാതിരിപ്പെട്ട എപിഎല്‍ കുടുംബങ്ങളൊക്കെ സ്വയംപര്യാപ്തമായി എന്ന കാഴ്ചപ്പാടിനെ തുടര്‍ന്നാവാം അവരെ ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ബിപിഎല്‍ വിഭാഗക്കാരെ പടിപടിയായി എപിഎല്‍ വിഭാഗത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നല്ലതാണ്. അത് പക്ഷേ രാഷ്ട്രീയ ദുഷ്ടലാക്കോടെയാവരുത്.ആത്മാര്‍ഥമായ സമീപനവും ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടാവണം. അര്‍ഹതപ്പെട്ട ഏറ്റവും അവസാനത്തെയാളെവരെ സഹായിക്കാനും സാന്ത്വനിപ്പിക്കാനും ശ്രമിക്കുമ്പോഴാണ് ഒരു സര്‍ക്കാറിന് മാനുഷിക മുഖം ഉണ്ടാവുന്നത്. കേന്ദ്രസര്ക്കാറിനുതന്നെ ഇങ്ങനെയൊരു മുഖം ഇല്ലാതായതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്ന് അത് പ്രതീക്ഷിക്കുക വയ്യല്ലോ. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷാപദ്ധതിയില് നിന്നും എപിഎല്‍ വിഭാഗക്കാരെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തികച്ചും പ്രതിഷേധാര്ഹമായിതന്നെ കാണേണ്ടിവരും. മുടന്തന്‍ന്യായങ്ങള്‍ നിരത്തി ഇത്തരമൊരു പദ്ധതി പരിമിതപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നുതന്നെയാണ് ഇവിടുത്തെ ജനസാമാന്യം ആവശ്യപ്പെടുന്നത്. ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ദുരുപയോഗം തടയുന്നതിനെതിരെ നടപടിയെടുക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നതിനു പകരം പദ്ധതിതന്നെ പരിമിതപ്പെടുത്തുന്നത് ആശാസ്യമല്ല. ജനദ്രോഹനടപടികള്‍ ഒരു സര്‍ക്കാരിനെ അധികകാലം വാഴിക്കാന്‍ അനുവദിക്കുകയില്ലെന്ന സത്യം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്ന്.
ഓയില്‍ കമ്പനിയുടെ ധാര്‍ഷ്ട്യം
ഇന്ത്യന്‍ ഓയില്‍കോര്‍പറേഷന്‍ ഗുണ്ടാനിലവാരത്തിലേക്കു പോവുകയാണെന്നു തോന്നുന്നു. പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തെക്കുറ്റിച്ചുള്ള വാര്‍ത്തകേള്‍ക്കുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. പെട്രോള്‍ വില കൂട്ടുകയോ അല്ലെങ്കില്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണ്ടിവരുമെന്നാണ് ഐഒസിയുടെ എംഡി ആര്.എസ്. ബുട്ടോലപറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഈ അഭിപ്രായ പ്രകടനം.
വിലക്കയറ്റം പുരോഗതിയുടെ സൂചനയാണെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായമാവാം ഐഒസി എംഡിക്ക് ഉത്തേജനം പകര്‍ന്നുകൊടുത്തത്. ബഹുമാനപ്പെട്ട ഹൈക്കോടതി അഭിപ്രായപ്പെട്ടതുപോലെ ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നെങ്കില്‍ മാത്രമേ ഇത്തരം ജനദ്രോഹ നിലപാടുകള്‍ എണ്ണക്കമ്പനികള്‍ നിര്‍ത്തുകയുള്ളൂ. കൊട്ടക്കണക്കിന് നഷ്ടത്തിന്റെ കണക്കുപറയുന്ന കമ്പനികള്‍ ഇതിനെക്കുറിച്ചുള്ള വസ്തുതകള്‍ പുറത്തുവിടുന്നില്ല എന്നതില്‍ തന്നെ ദുരൂഹതയുണ്ട്. കൊല്ലുന്നരാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലായിരിക്കുന്നു കാര്യങ്ങള്‍. ഇതിന് അറുതിവരുത്താന്‍ ജനശക്തിക്കു മാത്രമേ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: