കൊച്ചി : ഒക്ടോബര്‍ 25ന് റദ്ദാക്കപ്പെട്ട 20 ഗള്‍ഫ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. വ്യാഴാഴ്ച മുതല്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സര്‍വ്വീസുകള്‍ പുനരാരംഭിക്കും. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര തടസ്സപ്പെട്ടവര്‍ക്ക് അടുത്ത യാത്രയില്‍ 2000രൂപ കിഴിവ് നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
പൈലറ്റ് ക്ഷാമം മൂലമാണ് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ റദ്ദാക്കിയത്. അബുദാബി, ദുബായ്, മസ്ക്കറ്റ്, സലാല, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ സര്‍വ്വീസ് റദ്ദാക്കിയത് സാരമായി ബാധിച്ചു. നിരവധി മലയാളി സംഘടനകള്‍ എയര്‍ ഇന്ത്യയ്ക്കും വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമയാന മന്ത്രി വയലാര്‍ രവി സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
നവംബര്‍ 10 മുതല്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഡി.ജി.സി.എ നിയമം അനുസരിച്ച് ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്ത് ആയിരം മണിക്കൂര്‍ മാത്രമേ ഒരു പൈലറ്റിന് വിമാനം പറത്താനാവൂ. ഈ സമയക്രമം പാലിക്കാനാണ് എയര്‍ ഇന്ത്യ വര്‍ഷാവസാനം സര്‍വ്വീസുകള്‍ റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: