പള്ളുരുത്തി: കള്ള് വിതരണ തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച് ധാരണ ഉണ്ടാകാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏഴുമാസമായി ജില്ലയിലെ 270 ഓളം ഷാപ്പുകള്‍ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞദിവസം കൂടിയ തൊഴിലാളികളുടെ ജനറല്‍ ബോഡിയോഗത്തില്‍ ഷാപ്പുകള്‍ തുറക്കാന്‍ നടപടിസ്വീകരിക്കാത്ത പക്ഷം വകുപ്പുമന്ത്രിയുടെ വസതിയിലേക്ക് തൊഴിലാളി മാര്‍ച്ച് ഉള്‍പ്പെടെയുള്ള വിവിധ സമരപരിപാടികള്‍ക്കും രൂപം നല്‍കിക്കഴിഞ്ഞു. ജില്ലയിലെ 270 ഓളം ഷാപ്പുകള്‍ അടഞ്ഞുകിടക്കുന്നതുമൂലം ഇതിലൂടെ ഉപജീവനം കഴിയുന്ന ആയിരക്കണക്കിന് വരുന്ന തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. അതേസമയം അനധികൃത കള്ള് ചെത്തും വില്‍പ്പനയും അനുസ്യൂതം നടക്കുന്നതായും തൊഴിലാളികള്‍ ആരോപിക്കുന്നു.
ജില്ലയിലെ ലേലം നടക്കാത്ത പത്ത്‌റേഞ്ച്കളിലെ 38 ഗ്രൂപ്പുകളിലുള്ള 266 ഷാപ്പുകളുടെ ലേലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്നു. തൃശൂര്‍ ജില്ലയില്‍ റേഞ്ച് അടിസ്ഥാനത്തിലും, എറണാകുളം ജില്ലയില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുമാണ് അധികൃതര്‍ ഷാപ്പുലേലം നടത്തുന്നത്. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ മലപ്പുറത്തുണ്ടായ ദുരന്തമാണ് കള്ളുഷാപ്പുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ശേഷിക്കുന്ന അഞ്ച് മാസത്തേക്കാണ് ഷാപ്പുകള്‍ ഇപ്പോള്‍ പുനര്‍ലേലം നടത്തിയിയത്. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി തൊഴിലാളികളുടെ ശമ്പളം, ക്ഷേമനിധി തുടങ്ങിയവ സര്‍ക്കാര്‍ നേര്‍പകുതിയായി കുറച്ചിരിക്കുകയാണ്.
മദ്യവ്യവസായ തൊഴിലാളികളും, കള്ള്ചെത്തുകാരും ഉള്‍പ്പെടെ 450ല്‍പരം പേര്‍ ഈ വ്യവസായത്തില്‍നിന്നും പിരിഞ്ഞു പോയ്‌ക്കഴിഞ്ഞു. ശേഷിക്കുന്ന 186 ജീവനക്കാരില്‍ പുരുഷന്മാര്‍ക്ക് 212 രൂപയും സ്ത്രീകള്‍ക്ക് 192 രൂപയുമാണ് നിലവില്‍ നല്‍കികൊണ്ടിരിക്കുന്നത്. ഷാപ്പ് നടത്തിപ്പുകാര്‍ തൊഴിലാളികളുടെ അനുകൂല്യം ഇനത്തില്‍ ഇരുപതുലക്ഷത്തോളം രൂപ അടക്കാന്‍ ഉണ്ടായ സാഹചര്യത്തില്‍ യൂണിയനുകളുടെ പരാതിയെത്തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് നടപടിശക്തമാക്കിയ സാഹചര്യത്തില്‍ ഷാപ്പുകള്‍ അടച്ചുപൂട്ടി ഇവര്‍ ലാഭവുമായി മുങ്ങിയ സ്ഥിതിയാണ് ഉണ്ടായത്. അനധികൃതചെത്തും, കള്ളുകച്ചവടവും സുലഭമായി നടക്കുമ്പോള്‍ അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ഏഴുമാസത്തിലധികമായി ഷാപ്പുതുറക്കാത്തതുമൂലം പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍സെക്യൂരിറ്റി ജോലി ഉള്‍പ്പെടെയുള്ള പുറം ജോലികള്‍ തേടി പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: