ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശില്‍ മിഗ് 29 വിമാനം തകര്‍ന്ന് കാണാതായ പെയിലറ്റിന്റെ മൃതദേഹം 19 ദിവസത്തിനുശേഷം കണ്ടെടുത്തു. ഹിമാചലിലെ ലാഹോര്‍ താഴ്‌വരയില്‍ ഒക്ടോബര്‍ 18 ന് രാത്രിയിലാണ് വിമാനം തകര്‍ന്നു വീണത്. എന്നാല്‍ ഏറെ നേരത്തെ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന പെയിലറ്റിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
സ്ക്വാഡ്രണ്‍ ലീഡര്‍ ധര്‍മേന്ദ്ര സിംഗ് ടോമറാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കേറോട് ഗ്രാമത്തില്‍നിന്ന് കണ്ടെത്തിയത്. കൂടുതല്‍ വിദഗ്‌ദ്ധ പരിശോധനയ്‌ക്ക് വേണ്ടി മൃതദേഹം ഫോറന്‍സിക് ലാബിലേയ്‌ക്ക് അയച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. മധ്യപ്രദേശിലെ ഗ്വാളിയാര്‍ സ്വദേശിയാണ് ടോമര്‍. എന്നാല്‍ വിമാനത്തിന്റെ തകരാര്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല, വ്യോമസേന വ്യക്തമാക്കി.
പാക് ചാവേറാക്രമണം:
രണ്ട് മരണം
പെഷവാര്‍: പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മുന്‍ സര്‍ക്കാരുദ്യോഗസ്ഥനും അയാളുടെ സുരക്ഷാ ഭടനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വാബി ജില്ലയിലെ മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുവാന്‍ പോകുമ്പോഴാണ് മാലിക്ക് ഹനീഫ് ഖാന്‍ ജാദൂണിന് നേരെ ആക്രമണം നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ ജാദൂണും സുരക്ഷ ഉദ്യോഗസ്ഥനും തല്‍ക്ഷണം മരിച്ചിരുന്നു. സംഭവത്തില്‍ ഒമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവാമി നാഷണല്‍ പാര്‍ട്ടിയുടെ ഒരു അംഗമാണ് കൊല്ലപ്പെട്ട ജാദൂണ്‍. താലിബാന്‍ ഭീകരര്‍ ഇയാളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്ക് പോകുന്ന നേരത്താണ് ജാദൂണിനും കുടുംബത്തിനും നേരെ ആക്രമണം നടത്തിയത്.
ഝാര്‍ഖണ്ഡില്‍ പാലം തകര്‍ന്നു;
ദുരന്തം ഒഴിവായി
ബൊക്കാറോ: ബൊക്കാറോയില്‍ പാലം തകര്‍ന്ന് വീണ് ഗതാഗതം സ്തംഭിച്ചു. ഇതേ തുടര്‍ന്ന് ദാമോദര്‍ വാലി കോര്‍പ്പറേഷന്‍, സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് എന്നിവിടങ്ങളിലേക്കുള്ള ചരക്കുനീക്കം തടസ്സപ്പെട്ടു.
ഒരു കനാലിനുകുറുകെയുള്ള 200 അടി നീളമുള്ള പാലമാണ് തകര്‍ന്നത്. ആ സമയം അതു വഴി വാഹനങ്ങള്‍ കടന്നുപോകാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായതായി ബൊക്കാറോ ഡപ്യൂട്ടി കമ്മീഷണര്‍ സുനില്‍ കുമാര്‍ പറഞ്ഞു. ഗതാഗതം പുനസ്ഥപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. 1926 ല്‍ നിര്‍മിച്ച പാലമാണ് ഇന്നലെ തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: