ബാലാജി ക്ഷേത്രത്തില്‍ നിന്ന് അല്‍പം അകലെയാണ് മദ്രാസിന്റെ അധിദേവതയായ ‘ചേതാംബാ’ ക്ഷേത്രം.
ശിവക്ഷേത്രം
അംബാജിക്ഷേത്രത്തില്‍ നിന്നും അല്‍പം അകലെ കാണുന്ന ശിവക്ഷേത്രം ഇവിടെ വളരെയധികം ആദരവു നേടിയിട്ടുണ്ട്. ഇവിടെനിന്ന് മൂന്നുദിവസംവരെ അതിഥികള്‍ക്ക് സൗജന്യമായി ആഹാരം നല്‍കുന്നുണ്ട്. വിക്രമാദിത്യമഹാരാജാവ് ഇവിടെ ഗ്രഹശാന്തി ചെയ്യിച്ചതായി പറയപ്പെടുന്നു. സുബ്രഹ്മണ്യന്‍ : ഈ മുരുകക്ഷേത്രം പല്ലാവരം മാര്‍ക്കറ്റിലാണ് സ്ഥിതി ചെയ്യുന്നത്.
പാര്‍ത്ഥസാരഥി
ട്രിപ്ലിക്കേനില്‍ നിലകൊള്ളുന്ന മദ്രാസിലെ സര്‍വ്വശ്രേഷ്ഠമായ ക്ഷേത്രമാണ് പാര്‍ത്ഥസാരഥിക്ഷേത്രം. ഇതു വളരെ വലിയ ക്ഷേത്രമാണ്. ശ്രീകൃഷ്ണന്‍, ബലരാമന്‍, രുക്മിണി, സാത്യകി, പ്രദ്യുമ്നന്‍, അനിരുദ്ധന്‍ മുതലായവരുടെ വിഗ്രഹങ്ങള്‍ ഇവിടുണ്ട്. നരസിംഹമൂര്‍ത്തിയുടെയും ബാലാജിയുടെയും പ്രത്യേക വിഗ്രഹങ്ങളും കാണാം. അടുത്തുതന്നെയുണ്ട് ശ്രീരാമക്ഷേത്രം.
കപാലീശ്വരം : മെയിലാപ്പൂര്‍ റോഡില്‍ വിശാലസരോവരത്തിനു സമീപമാണ് ഈ ക്ഷേത്രം. ദക്ഷിണേന്ത്നയ് ക്ഷേത്രങ്ങളുടെ സ്വഭാവത്തിനനുസരണമായി പ്രദക്ഷിണത്തില്‍ അനേകം ദേവവിഗ്രങ്ങള്‍ ദര്‍ശിക്കാം.
തിരുവത്തിയൂര്‍
മദ്രാസില്‍ നിന്നു പത്തുകിലോമീറ്റര്‍ അകലെയുള്ള ചെറിയഗ്രാമമാണിത്. വിശാലമായ ചുറ്റുമതിലിനുള്ളില്‍ ആദിപുരീശ്വരനായ ശിവക്ഷേത്രം കാണാം. പ്രധാനകവാടത്തിനു സമീപം ത്രിപുരസുന്ദരിയുടെ ക്ഷേത്രമുണ്ട്. മദ്രാസില്‍ നിന്ന് ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്.
മദ്രാസ് നഗരം നിര്‍മ്മിക്കുന്നതിനു മുമ്പുതന്നെ ഉള്ളതാണ് ഈ ക്ഷേത്രം. ഇവിടെ ഒരു സ്ഥലത്ത് ക്ഷേത്രഭിത്തിയോടു ചെവിചേര്‍ത്തു പിടിച്ചാല്‍ ഒരു തരം സ്വരം കേള്‍ക്കാം. ആളുകള്‍ വിശ്വസിക്കുന്നത് അദൃശ്യലോകത്തിലിരുന്നുകൊണ്ട് ഈശ്വരഭജനം നടത്തുന്ന ഋഷിമാരുടെ ശബ്ദമാണ് ഈ കേള്‍ക്കുന്നതെന്നാണ്.
തിരുവള്ളൂര്‍
ആര്‍ക്കോണം ലൈനില്‍ മദ്രാസില്‍ നിന്ന് ഇരുപത്താറു കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഷന്‍.തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രം ഇവിടത്തെ വരദരാജക്ഷേത്രമാണ്.
ഈ ക്ഷേത്രത്തെ പുണ്യാവര്‍ത്തക്ഷേത്രമെന്നു വിളിക്കുന്നു. ക്ഷേത്രത്തിനു സമീപം ഹൃത്താപനാശന തീര്‍ത്ഥമെന്നപേരില്‍ ഒരു തടാകമുണ്ട്. മൂന്നു മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ശ്രീവീരരാഘവ (വിഷ്ണു) വിഗ്രഹം ദര്‍ശിക്കാം. ശേഷശായിയായ ഈ മൂര്‍ത്തിയുടെ വലതുകൈ ശാലിഹോത്ര മഹര്‍ഷിയുടെ മസ്തകത്തിലാണു വച്ചിരിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ത്തന്നെ വസുമതി (ലക്ഷ്മി) ദേവിക്ക് പ്രത്യേക ക്ഷേത്രമുണ്ട്.
തടാകത്തിനു സമീപം വലിയ ശിവക്ഷേത്രവും കാണാം. ഈ ക്ഷേത്രത്തില്‍ പാര്‍വ്വതിദേവിക്കു പ്രത്യേകം ക്ഷേത്രമുണ്ട്.
കൃതയുഗത്തില്‍ ശാലിഹോത്രനെന്നു പേരായ ഒരു ബ്രാഹ്മണന്‍ ഒരു വര്‍ഷം നിരാഹാരനായി തപസ്സുചെയ്തു. വര്‍ഷാവസാനം നെന്മണികള്‍ പെറുക്കിയെടുത്തു നിവേദ്യമുണ്ടാക്കി ഭഗവാനു നിവേദിച്ചിട്ടു പാരണനടത്താനായി പോകുമ്പോള്‍ ഒരു വൃദ്ധബ്രാഹ്മണന്‍ വന്നുചേര്‍ന്നു. ശാലിഹോത്രന്‍ അദ്ദേഹത്തിന് വലിയ ആദരപൂര്‍വ്വം ആ നിവേദ്യം സമര്‍പ്പിച്ചു. അത് ആഹരിച്ചിട്ട് അതിഥി അദ്ദേഹത്തിന്റെ കുടിലില്‍ വിശ്രമിക്കാന്‍ കയറി. ശാലിഹോത്രന്‍ അതിഥിയുടെ പാദശുശ്രൂഷയ്‌ക്കു കുടിലില്‍ കടന്നപ്പോള്‍ കണ്ടു, അവിടെ സാക്ഷാല്‍ ശേഷശായിയായ ഭഗവാന്‍ വിരാജിക്കുന്നതായി. ശാലിഹോത്രന്‍ അദ്ദേഹത്തോട് അവിടെ വന്നിരിക്കുന്നതിനു വരം ചോദിച്ചുവാങ്ങി.
വീക്ഷ്മാരണ്യരാജാവ് ധര്‍മ്മസേനന്റെ കൊട്ടാരത്തില്‍ അദ്ദേഹത്തിന്റെ പുത്രിയുടെ രൂപത്തില്‍ ലക്ഷ്മീദേവി അവതരിച്ചു. അവള്‍ക്കു പിതാവ് വസുമതിയെന്നു പേരിട്ടു. യുവാവായശേഷം രാജകുമാരന്റെ വേഷത്തില്‍ ശ്രീവീരരാഘവന്‍ അവിടെയെത്തി രാജാവിനോട് അപേക്ഷിച്ച് അദ്ദേഹത്തിന്റെ പുത്രിയെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷം വധുവരന്മാര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വന്നപ്പോള്‍ അവരവരുടെ വിഗ്രഹങ്ങളില്‍ ലയിച്ചുപോയി.
വീരഭദ്രനെക്കൊണ്ടു ദക്ഷനെ വധിപ്പിച്ചതിനാല്‍ ശങ്കരഭഗവാന് ബ്രഹ്മഹത്യാപാപമുണ്ടായി. ഇവിടെ വന്നു സ്നാനം ചെയ്ത് ആ പാപത്തില്‍ നിന്നു മുക്തനായി. അന്നുമുതല്‍ അദ്ദേഹം ഈ താടകതീരത്തു വിരാജിക്കുകയാണ്.
– സ്വാമി ധര്‍മാനന്ദ തീര്‍ത്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: