തളിപ്പറമ്പ്: പുരാതന കാലം മുതല്‍ ഭാരതത്തിന്റെ വികസനത്തില്‍ പ്രധാന പങ്ക് കാര്ഷികരംഗത്തിനായിരുന്നുവെന്ന് ഭാരതീയ കിസാന്‍ സംഘ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രമാഷിഷ് പറഞ്ഞു. തളിപ്പറമ്പ് വിവേകാനന്ദ വിദ്യാലയത്തിലെ ശ്രീബലരാമ നഗറില്‍ ആരംഭിച്ച ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന കര്‍ഷക സമാവേശ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ നയത്തിന് നല്കിയ അമിത പ്രാധാന്യം കൃഷിയെ പിന്നോക്കം നയിക്കുകയും ഭാരതത്തിന്റെ വികസനം മുരടിപ്പിക്കാന്‍ കാരണമാവുകയും ചെയ്തു. അതോടൊപ്പം കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കാന്‍ കാരണമായി. ഇതിനുള്ള ശാശ്വത പരിഹാരം കൃഷിക്ക് നേരത്തെയുണ്ടായിരുന്ന പ്രാധാന്യം പുനഃസ്ഥാപിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ കിസാന്‍ സംഘ് ദക്ഷിണക്ഷേത്രീയ കാര്യദര്‍ശി ഗണേഷ് മുഖ്യ പ്രഭാഷണം നടത്തി. നമ്മുടെ ഭരണാധികാരികള്‍ കാര്‍ഷിക രംഗത്തെ പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളും അറിയാത്തവരല്ലെന്നും കര്‍ഷകര്‍ അസംഘടിതരായതിലാനാണ് അവകാശങ്ങള്‍ ഒന്നും തന്നെ നേടിയെടുക്കാന്‍ പറ്റാതെ വരുന്നതെന്നും ഗണേഷ് അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് എം.എസ്.മേനോന് അധ്യക്ഷത വഹിച്ചു. അഡ്വ.എം.വിനോദ് കുമാര്‍ സ്വാഗതവും വി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളെക്കുറിച്ച് ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്.ശശിധരന്, പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം അസി.പ്രൊഫ.പി.ജയരാജന്, കൃഷി ഓഫീസര്‍ ടി.ദിലീപ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. സമാവേശിന് മുന്നോടിയായി രാവിലെ ഗോപൂജ, ഹലപൂജ എന്നിവ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സമാവേശ് ഇന്ന് സമാപിക്കും. സംസ്ഥാന സംഘടനാ കാര്യദര്‍ശി സി.എച്ച്.രമേഷ്, സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.ജനാര്ദ്ദനന് എന്നിവര്‍ പ്രഭാഷണം നടത്തും. രമാഷിഷ് സമാപന പ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: