“ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ നക്കാത്തവരാരുണ്ട്…” ബ്രിട്ടീഷ് ഭരണകാലത്ത് മലബാറില്‍ നടന്ന കളക്ടര്‍മാരുടെ ഉന്നതയോഗത്തില്‍, ചര്‍ച്ച അഴിമതിയിലേക്ക് നീണ്ടപ്പോള്‍ ഒരുന്നത ഉദ്യോഗസ്ഥന് ചോദിച്ചതാണ് ഈ ചോദ്യം. ശരിയാണെന്ന മട്ടില്‍ എല്ലാവരും തലകുലുക്കി സമ്മതിച്ചു. പക്ഷെ ഒരാള്‍ ചാടിയെഴുന്നേറ്റു. “ഉണ്ട്… ഒയ്യാരത്ത് ചന്തു” ഇത് പറഞ്ഞത് ഒ. ചന്തുമേനോന്‍ ആയിരുന്നു. മലയാളത്തിലെ ആദ്യ നോവലായ ‘ഇന്ദുലേഖ’യുടെ കര്‍ത്താവ്. അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥനെന്ന ഖ്യാതിനേടിയ ചന്ദുമേനോനു മാത്രമേ അതുപറയുവാന്‍ കഴിയൂ എന്നറിയാവുന്ന ഉദ്യോഗസ്ഥര്‍ നിശ്ശബ്ദരായി.
പക്ഷെ ഇന്ന് ചന്ദുമേനോന്റെ ചങ്കൂറ്റത്തോടെ ഇത് പറയുവാന്‍ എത്ര ഉദ്യോഗസ്ഥര്‍ക്ക് കഴിയും….?
ഇവിടെയാണ് വിവരാവകാശ നിയമത്തിന്റെ പ്രസക്തി. ‘ഭരണരംഗത്ത് സുതാര്യത കൈവരിക്കുന്നതിലൂടെ മാത്രമേ പൊതുജീവിതത്തിലെ അഴിമതി ഇല്ലായ്മ ചെയ്യാന്‍ കഴിയൂ” (ജസ്റ്റിസ് പി.ബി. സാവന്ത്). 1976-ലെ ഒരു സുപ്രീംകോടതി വിധിയാണ് വിവരാവകാശം സംബന്ധിച്ച ഒരു നിയമനിര്‍മ്മാണത്തിന് വഴിയൊരുക്കിയത്.
സര്‍ക്കാര്‍ കാര്യമല്ലേ… മുറപോലെ നടക്കുമെന്ന് പറഞ്ഞൊഴിയാന്‍ ഇന്ന് ഒരുദ്യോഗസ്ഥനും കഴിയില്ല. ‘നീ എന്തിനിതുചെയ്തു…” എന്ന് ഉദ്യോഗസ്ഥന്റെ കോളറില്‍ പിടിച്ചുചോദിക്കാന് ഈ നിയമം പൗരന് രക്ഷകനാകുന്നു. “അറിവ് കരുത്താണ്. ഈ അറിവ് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പങ്കുവെക്കുന്നതിലൂടെ പൗരനെ ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.” (മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയ് 2002-ലെ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ബില്ലിനെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി).
വിവരാവകാശനിയമപ്രകാരം അപേക്ഷ നല്കിയാല് 30 ദിവസത്തിനകം മറുപടി നല്‍കണം. മതിയായ കാരണങ്ങളില്ലാതെ മറുപടി നല്കാതിരുന്നാല്, തെറ്റായ വിവരം നല്കിയാല് 25,000 രൂപ വരെ പിഴ ഈടാക്കും. കൂടാതെ വകുപ്പുതല നടപടിയും സര്വ്വീസ്ബുക്കില് ചുകന്ന മഷി പുരളുകയും ചെയ്യും.
2005 മെയ് 11ന് ഈ നിയമം ലോക്സഭ പാസ്സാക്കി, ജൂണ്‍ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഒക്ടോബര്‍ 12 മുതല്‍ രാജ്യത്തെങ്ങും (ജമ്മുകാശ്മീര്‍ ഒഴികെ) പ്രാബല്ല്യത്തില്‍ വന്നു. പ്രസിഡന്റ് പ്രധാനമന്ത്രിക്ക് എഴുതുന്ന കത്തുകളെ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബില്ലില്‍ ഒപ്പിടുമ്പോള്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍കലാം ആവശ്യപ്പെട്ടിരുന്നെങ്കിലും ഗവണ്മെന്റ് അതംഗീകരിച്ചിരുന്നില്ല. ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിക്കുന്ന മൗലികാവകാശങ്ങളില്‍ ഇരുപത്തിഒന്നാം അനുച്ഛേദത്തില്‍ പറയുന്ന വ്യക്തിസ്വാതന്ത്ര്യം എന്ന അവകാശം പൂര്‍ണ്ണമായും അനുഭവിക്കുന്നത് ഈ വിവരാവകാശ നിയമത്തിന്റെ അംഗീകാരമാണ്.
2003-ല്‍ ഇന്ത്യയില്‍ ആദ്യമായി വിവരാവകാശനിയമം മഹാരാഷ്ട്രയില്‍ നിലവില്‍ വന്നത് അണ്ണാ ഹസാരെയുടെ നിരാഹാരസമരത്തിലൂടെയായിരുന്നു. കേരളനിയമസഭയില്‍ വിവരാവകാശ നിയമം പാസ്സാക്കിയിരുന്നില്ല. ഒരു റോഡ് പണിയുമ്പോഴും പാലം പണിയുമ്പോഴും എത്രരൂപയാണ് ഇതിനായി വകയിരുത്തിയതന്ന് നാം അന്വേഷിക്കാറുണ്ടോ…. അതില്‍ എത്ര രൂപ ചെലവഴിക്കുന്നു, എത്ര രൂപ വഴിമാറിപ്പോയി ഇങ്ങനെ ഒരുനൂറുകൂട്ടം കാര്യങ്ങള്‍ നാം അന്വേഷിക്കാറുണ്ടോ… അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും കളങ്കിതരായ രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് വികസനത്തെ തകിടം മറിക്കുന്നു. നാം ചെലവഴിക്കുന്ന ഒരോ രൂപയുടെയും 17 പൈസപോലും യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല എന്ന് 1988-ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞത് ഇതോടുചേര്‍ത്തുവായിക്കാം.
വിവരങ്ങള്‍ അറിയുവാനുള്ള പൗരന്റെ അവകാശത്തിന് ആദ്യമായി നിയമപരിരക്ഷ നല്‍കിയത് 1812ല്‍ സ്വീഡനാണ്. ലോകത്താകെ 54-ല്‍ പരം രാജ്യങ്ങളില്‍ ഈ നിയമപരിരക്ഷയുണ്ട്. ഇതില്‍ ഏറ്റവും ശക്തമായത് ഇന്ത്യയിലേതാണത്രെ! വിവരാവകാശനിയമപ്രകാരം ഉത്തരക്കടലാസുകള്‍ പരിശോധിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്ന് കല്‍ക്കത്ത ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിടുകയുണ്ടായി. അനാവശ്യചോദ്യങ്ങള്‍ ഉന്നയിക്കുന്നു എന്ന് ഉദ്യോഗസ്ഥന്മാര് പരാതിപ്പെടുന്നു. എന്നാല്‍ അനാവശ്യം എന്നൊന്നില്ല. രാജ്യത്ത് മറ്റ് നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ നൂറിലൊന്നുപോലും ഈ നിയമത്തിന്റെ കാര്യത്തിലില്ല.
നികുതിനല്കുന്ന പൗരന് അവന് നല്കിയ പണം എങ്ങിനെ ഉപയോഗിക്കുന്നു എന്നറിയാന്‍ അവകാശമുണ്ട്. അങ്ങനെ അറിയുവാനുള്ള അവകാശം നിയമം നല്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്. തങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥരായ ഗവണ്മെന്റ് എങ്ങനെ പ്രവര്ത്തിക്കുന്നുഎന്നറിയാന് ജനങ്ങള്‍ക്ക് അവകാശമുണ്ട്.
1995 ഏപ്രില്‍ 5ന് രാജസ്ഥാന് മുഖ്യമന്ത്രി നിയമസഭയില്‍ ഒരു പ്രധാന പ്രഖ്യാപനം നടത്തി. പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട രേഖകളുടെ ഫോട്ടോകോപ്പികള്‍ ജനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ വിവരങ്ങള്‍ ടെലിഫോണിലൂടെ അറിയിക്കുവാനുള്ള സംവിധാനവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവരാവകാശനിയമം കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയപ്പോള്‍, അത് സംസ്ഥാനങ്ങള്‍ക്ക് കൂടി ബാധകമാക്കിയപ്പോള്‍ നിയമം പാസ്സാക്കിയ സംസ്ഥാനങ്ങളോടൊപ്പം കേരളവും അത് നടപ്പിലാക്കി.
ഭാഗ്യശീലന്‍ ചാലാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: