മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയിലെ ഫുഡ്കോര്‍ട്ട് റീ ടെണ്ടര്‍ നടപടികള്‍ നിയമനടപടിയിലേക്ക് നീങ്ങുന്നു. കൊച്ചി ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ നടപടിക്ക് എതിരെയാണ് നിലവിലെ നടത്തിപ്പുകാര്‍ നിയമനടപടിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. പുനരധിവാസത്തിന് നല്‍കിയ ഫുഡ്കോര്‍ട്ടിലെ കടകള്‍ വീണ്ടും ടെണ്ടര്‍ നടപടികള്‍ നടത്തുന്നതിന് പിന്നില്‍ രാഷ്‌ട്രീയവും അഴിമതിയുമുണ്ടെന്നാണ് ആരോപണം.
ഫോര്‍ട്ടുകൊച്ചിയിലെ ചീനവലകള്‍ക്ക് സമീപവും സമീപപ്രദേശങ്ങളിലുമായുള്ള അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫുഡ്കോര്‍ട്ടുകള്‍ നിര്‍മ്മിച്ചത്. ഫോര്‍ട്ടുകൊച്ചി പോലീസ് സ്റ്റേഷന് സമീപം ആറും പരേഡ് ഗ്രൗണ്ടിന് സമീപം രണ്ടും ഡച്ച് സെമിത്തേരിക്ക് സമീപം 24ഉം ഫുഡ്കോര്‍ട്ടുകളാണ് നിര്‍മ്മിച്ചത്. 2006-ല്‍ നടന്ന അനധികൃത കയ്യേറ്റ പുനരധിവാസത്തില്‍ ഫുഡ്കോര്‍ട്ടുകള്‍ ഒഴിപ്പിക്കപ്പെടുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കണമെന്നായിരുന്നു തീരുമാനം. ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കൊച്ചി ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയും തൊഴിലാളി സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു തീരുമാനം. ഇതിനെത്തുടര്‍ന്ന് ചെറുകിട കച്ചവടക്കാരായ 56 പേര്‍ക്ക് 32 ഫുഡ്കോര്‍ട്ടുകള്‍ വീതിച്ചുനല്‍കുകയും ചെയ്തു. ഫാസ്റ്റ് ഫുഡ് സ്റ്റാളുകള്‍ക്ക് ഓരോ കടയും ഇതര വ്യാപാരികള്‍ക്ക് ഒരുകട രണ്ടുപേര്‍ക്കും, മൂന്നുപേര്‍ക്കുമായാണ് വീതിച്ചുനല്‍കിയത്. എന്നാല്‍ പോലീസ് സ്റ്റേഷന് സമീപത്തെ കടകളാണ് തിരക്കിട്ട് തുറന്നുപ്രവര്‍ത്തിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും മറ്റുകടകള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെ തുടര്‍ന്ന് കോടതി ഇടപെടലുണ്ടാകുകയും, തുറന്ന് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ശരാശരി മൂവായിരത്തോളം രൂപ വാടകയിനത്തില്‍ ഈടാക്കുന്ന ഫുഡ്കോര്‍ട്ടുകളില്‍ അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിരുന്നില്ലെന്ന് പരാതിയും ഉയര്‍ന്നിരുന്നു. അനുവദിച്ച മാസം മുതല്‍ വാടക ഈടാക്കിയ കൊച്ചി ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റി പുനരധിവാസത്തിന്റെ കരാര്‍ ലംഘനം നടത്തിയാണ് ഫുഡ്കോര്‍ട്ടുകള്‍ വീണ്ടും ടെണ്ടര്‍ നല്‍കുന്നതിന് തയ്യാറെടുക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.
ഫോര്‍ട്ടുകൊച്ചിയിലെ ഫുഡ്കോര്‍ട്ടുകള്‍ മോടിപിടിപ്പിച്ച് സ്വദേശികളെയും വിദേശികളെയും ആകര്‍ഷിച്ചുതുടങ്ങിയതോടെയാണ് ഇത് കൈക്കലാക്കാനുള്ള രാഷ്‌ട്രീയക്കാരുടെ ലോബികള്‍ റീടെണ്ടര്‍ നടപടിയുമായി ശ്രമങ്ങള്‍ തുടങ്ങിയത്.
വാടകകുടിശ്ശിക വരുത്തിയെന്നും 11മാസകാലാവധി കരാറാണെന്നും അനുവദിച്ച കച്ചവടമല്ല നടത്തുന്നതെന്നും ആരോപിച്ചാണ് ഫുഡ്കോര്‍ട്ടുകള്‍ റീ ടെണ്ടര്‍ നടത്തി തന്നിഷ്ടക്കാര്‍ക്ക് നല്‍കുവാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. 2008 സപ്തംബറില്‍ എറണാകുളത്ത് ജില്ലാ കളക്ടറായിരുന്ന ഡോ. എം. ബീനയുടെ അധ്യക്ഷതയില്‍ നടന്ന സൊസൈറ്റി യോഗത്തില്‍ പുനരധിവാസക്കാര്‍ ഫുഡ്കോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് ശരിവെച്ചിരുന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ തകൃതിയായി നടക്കുന്ന അനധികൃത കയ്യേറ്റം തടയുവാന്‍ കഴിയാത്ത ഭരണാധികാരികള്‍, രാഷ്‌ട്രീയലക്ഷ്യവും അഴിമതിക്കും കളമൊരുക്കി തന്നിഷ്ടക്കാര്‍ക്ക് ഫുഡ്കോര്‍ട്ടുകള്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് വ്യാപകമായ ആരോപണമുണ്ട്. ഫുഡ്കോര്‍ട്ടുകള്‍ അനുവദിച്ചതിലും ടെണ്ടര്‍ സ്വീകരിക്കുന്നതിലും ബന്ധപ്പെട്ട കേന്ദ്രങ്ങളും സര്‍ക്കാര്‍ ഏജന്‍സകളും നടത്തുന്ന സമീപനവും നയങ്ങളും ഇത് വെളിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: