പത്തനംതിട്ട : തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിന് മുമ്പ് പമ്പയും സന്നിധാനവും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരിക്കുവാനുള്ള പദ്ധതി അവതാളത്തിലായേക്കുമെന്ന് ആശങ്ക. ശുചീകരണ സന്നദ്ധ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ വേണ്ടത്ര സംവിധാനമില്ലാത്തതാണ് ശുചീകരണ പദ്ധതി അവതാളത്തിലായേക്കുമെന്ന ആശങ്കയ്ക്ക് കാരണം.
മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് സന്നിധാനത്ത് നിലവിലുള്ള ഇന്‍സിനേറ്ററുകള്‍ ഇതുവരെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിട്ടില്ല. സന്നിധാനത്തെ മൂന്ന് ഇന്‍സിനേറ്ററുകളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ കഴിഞ്ഞദിവസം പത്തനംതിട്ട കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. രണ്ടെണ്ണത്തിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതേയൊള്ളൂ. ഒരുമണിക്കൂറില്‍ 200 കിലോഗ്രാം മാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ കഴിവുള്ള രണ്ടും മണിക്കൂറില്‍ 300 കിലോഗ്രാം മാലിന്യം സംസ്ക്കരിക്കാന്‍ കഴിവുള്ള ഒരു ഇന്സിനേറ്ററുമാണ് സന്നിധാനത്തുള്ളത് അതായത് മൊത്തം മണിക്കൂറില്‍ 700 കിലോഗ്രാം മാലിന്യങ്ങളെ സന്നിധാനത്തെ ഇന്‍സിനേറ്ററുകളും പ്രവര്‍ത്തന സജ്ജമയാല് സംസ്ക്കരിക്കാനാവൂ.
മാതാഅമൃതാനന്ദമയീമഠം, സത്യസായി സേവാസംഘം , നെഹ്രു യുവകേന്ദ്ര, നാഷണല്‍ സര്‍വ്വീസ് സ്കീം, വന സംരക്ഷണ സമിതി, തുടങ്ങിയവയുടെ സന്നദ്ധ പ്രവര്‍ത്തകരാണ് തീര്‍ത്ഥാടനക്കാലം തുടങ്ങുന്നതിന് മുമ്പ് പമ്പയും സന്നിധാനവും ശുചിയാക്കാന്‍ സന്നദ്ധരായി എത്തിയിട്ടുള്ളത്.
സന്നിധാനത്ത് മൂവായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരെയാണ് അമൃതാനന്ദമയീമഠം ശുചീകരണത്തിനായി നിയോഗിയ്ക്കുന്നത്. ഇവര്‍ക്ക് ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങള്‍ , കൈയ്യുറകള്‍, ബൂട്ടുകളടക്കം അമൃതാനന്ദമയീമഠം തന്നെയാണ് നല്‍കുന്നത്. ഇവര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരണസ്ഥലത്ത് എത്തിക്കുന്നതിനാവശ്യമായ ട്രാക്ടര്‍ സൗകര്യവും ദേവസ്വംബോര്‍ഡ് ഏര്‍പ്പാടാക്കുമെന്നാണ് യോഗത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നേരത്തെ പറഞ്ഞിരുന്ന അത്രയും ട്രാക്ടറുകള്ലഭ്യമായേക്കില്ലെന്ന സൂചനയും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്.അതായത് സന്നദ്ധ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരണ പ്ലാന്റില്‍ എത്തിക്കാന്‍ മതിയായ സംവിധാനവും ഉണ്ടാകില്ലെന്ന് ചുരുക്കം.
ശബരിമല സീറോ വേയ്സ്റ്റ് പദ്ധതിപ്രകാരം സന്നിധാനവും പമ്പയും ശുചീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ ഒക്ടോബര്‍ ആദ്യംതന്നെ പത്തനംതിട്ട കളക്ട്രേറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ദേവസ്വം ബോര്‍ഡിനെ പ്രതിനിധീകരിച്ച് യോഗത്തിലെത്തിയ ദേവസ്വം കമ്മീഷണര്‍ മാലിന്യ സംസ്ക്കരണത്തിനും ശേഖരണത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യാമെന്ന് യോഗത്തില്‍ ഉറപ്പു നല്‍കിയിരുന്നു. പിന്നീട് രണ്ടാമത് ഒക്ടോബര്‍ 19 ന് നടന്ന യോഗത്തിലും പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിരുന്നു. അതിന് ശേഷം കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിലാണ് ഇന്‍സിനേറ്ററുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമല്ലെന്ന വിവരം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ശുചീകരണത്തിനെത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സത്യസായി സേവാസംഘം, നെഹ്രു യുവകേന്ദ്ര, നാഷണല്‍ സര്‍വ്വീസ് സ്കീം എന്നിവര്‍ 50 വീതം സന്നദ്ധ പ്രവര്‍ത്തകരെയും വനസംരക്ഷണ സമിതി 239 സന്നദ്ധ പ്രവര്‍ത്തകരെയുമാണ് ശുചീകരണത്തിന് നിയോഗിക്കുന്നത്.
ശുചീകരണ പ്രവര്‍ത്തകര്‍ പമ്പയിലും സന്നിധാനത്തും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശുചീകരണ പ്ലാന്റില്‍ എത്തിച്ചാല്‍പോലും സംസ്ക്കരിക്കാന്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ അവിടെ കൂട്ടിയിടാനേ നിലവിലുള്ള സാഹചര്യത്തില്‍ കഴിയൂ എന്നാണ് അറിയുന്നത്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: