കല്പറ്റ: വൃക്കദാനത്തിനുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ ലഘൂകരിച്ചു. ആരോഗ്യകുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന് അടുത്തിടെ പുറപ്പെടുവിച്ച 32924/എസ് 2/ 2011 നമ്പര്‍ സര്‍ക്കുലര്‍ അനുസരിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ 14 രേഖകള്‍ തയാറാക്കിയാല്‍ മതിയാകും. നേരത്തേ 32 രേഖകളാണ് തയാറാക്കേണ്ടിയിരുന്നത്.
1994ല്‍ കൊണ്ടുവന്ന ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് ആക്ട് അവയവദാനപ്രക്രിയ സങ്കീര്‍ണമാക്കിയിരുന്നു. അവയവദാനത്തെ കച്ചവടതാല്പര്യങ്ങങ്ങളില് നിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പാസാക്കിയ ഈ നിയമത്തിലെ വ്യവസ്ഥകള്‍ ഉറ്റബന്ധുവില്‍ നിന്നു അവയവം സ്വീകരിക്കുന്നതുപോലും ദുഷ്കരമാക്കി. നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നതിലും രേഖകള്‍ ഹാജരാക്കുന്നതിലുമുള്ള ബുദ്ധിമുട്ട് സാമ്പത്തികശേഷിയും സ്വാധീനവും കുറഞ്ഞ ജനവിഭാഗങ്ങളില്പ്പെട്ടവരെ ബാധിച്ചു. ഈ സാഹചര്യത്തില്‍ കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയടക്കം സ്ഥാപനങ്ങളും മറ്റും നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് രേഖകളുടെ എണ്ണം 14 ആയി പരിമിതപ്പെടുത്തിയത്.
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം ഹാജരാക്കേണ്ട രേഖകള്‍: ഒന്ന്: വൃക്ക ദാനംചെയ്യുന്നയാള് ഒപ്പുവച്ച സമ്മതപത്രം. രണ്ട്: വൃക്ക ദാനംചെയ്യുന്ന വ്യക്തിക്ക് അദ്ദേഹത്തെ റഫര്‍ ചെയ്യുന്ന ഡോക്ടര്‍ അനുവദിക്കുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്. മൂന്ന്: ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ള രക്തബന്ധം തെളിയിക്കുന്ന രേഖ(അമ്മ-മക്കള്‍/ അച്ഛന്-മക്കള്‍, സഹോദരങ്ങള്‍ തമ്മിലുളള വൃക്ക മാറ്റിവയ്ക്കലിന്). നാല്: വൃക്ക ദാനംചെയ്യുന്ന വ്യക്തിയുടെ, സ്വീകര്‍ത്താവ് ഒഴികെയുള്ള അടുത്ത ബന്ധുവിന്റെ സമ്മതപത്രം. അഞ്ച്: ജില്ലാ പോലീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്. ആറ്: റഫര്‍ ചെയ്യുന്ന ഡോക്ടര്‍ നല്കുന്ന, ഭാര്യ-ഭര്‍തൃ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്(ദാനം ചെയ്യുന്നയാള്‍ ഭാര്യ/ ഭര്‍ത്താവ് അല്ലെങ്കില്‍ മാത്രം). ഏഴ്: വില്ലേജ് ഓഫീസറോ പഞ്ചായത്ത് പ്രസിഡന്റോ അനുവദിക്കുന്ന, വൃക്കദാതാവിന്റേയും അടുത്ത ബന്ധുവിന്റേയും അറ്റസ്റ്റ് ചെയ്ത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്. എട്ട്: രോഗിയുടേയും വൃക്ക ദാനംചെയ്യുന്ന വ്യക്തിയുടേയും അടുത്ത ബന്ധുവിന്റേയും താമസസ്ഥലം വ്യക്തമാക്കി വില്ലേജ് ഓഫീസര്‍ നല്കുന്ന രേഖ. ഒന്‍പത്: രോഗിയുടേയും വൃക്കദാനം ചെയ്യുന്നയാളുടേയും കഴിഞ്ഞ മൂന്നു വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. പത്ത്: രോഗിയും വൃക്ക ദാനംചെയ്യുന്നയാളും മേല്‍വിലാസം വ്യക്തമാക്കിയും ഫോട്ടോ പതിച്ചും ഓതറൈസേഷന്‍ കമ്മറ്റിക്ക് നല്കുന്ന അപേക്ഷ. പതിനൊന്ന്: വൃക്ക ദാനം ചെയ്യുന്നയാള്‍ ശസ്ത്രക്രിയയ്ക്ക് നല്കുന്ന സമ്മതപത്രം. പന്ത്രണ്ട്: വൃക്ക ദാനം ചെയ്യുന്നയാള്‍ ശസ്ത്രക്രിയയ്ക്ക് പ്രാപ്തനാണെന്ന രേഖ. പതിമൂന്ന്: ശസ്ത്രക്രിയയ്ക്കുവേണ്ടി രോഗിയും വൃക്ക ദാനം ചെയ്യുന്നയാളും അടുത്ത ബന്ധുവും നല്കുന്ന സമ്മതപത്രം. പതിനാല്: രക്തബന്ധമുള്ളവര്‍ തമ്മിലാണ് അവയവദാനമെങ്കില്(മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍) ദാതാവിനേയും സ്വീകര്‍ത്താവിനേയും തിരിച്ചറിയാനും അവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനും ആവശ്യമായ രേഖകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: